|    Mar 17 Sat, 2018 11:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം ഏരിയാ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പോലിസ് എതിര്‍ക്കും

Published : 31st October 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസയ്‌ന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പോലിസ് കോടതിയില്‍ എതിര്‍ക്കും. സക്കീര്‍ ഹുസയ്ന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ  എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുമെന്നാണ് അറിയുന്നത്. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയില്‍ സക്കീര്‍ ഹുസയ്ന്‍, ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ്, ജൂബി തോമസിന്റെ ബിസിനസ് പങ്കാളിയായ ഷീല തോമസ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേ പാലാരിവട്ടം പോലിസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സിറ്റി ടാസ്‌ക് ഫോഴ്‌സ് (സിടിഎഫ്) എന്ന പ്രത്യേക പോലിസ് സംഘം രൂപീകരിച്ചതിനെ തുടര്‍ന്ന് പോലിസ് എടുക്കുന്ന ആദ്യ കേസാണിത്.സക്കീറിന്റെ അറസ്റ്റ് ഒഴിവാക്കാനായി ഭരണതലത്തിലുളള നീക്കങ്ങള്‍ ഒരുവിഭാഗം സിപിഎം നേതാക്കള്‍ സജീവമായി നടത്തുന്നുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ടുവരെ കളമശ്ശേരിയിലെ ഏരിയാകമ്മിറ്റി ഓഫിസില്‍ സജീവമായിരുന്ന സക്കീര്‍ ഹുസയ്ന്‍ അറസ്റ്റുണ്ടാവുമെന്ന സൂചന കിട്ടിയതോടെ അന്നു രാത്രി സ്ഥലംവിട്ടെന്നാണ് പോലിസ് പറയുന്നത്. സക്കീറിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. ഇതിനിടയിലാണ് മുന്‍കൂര്‍ജാമ്യംതേടി സക്കീര്‍ ഹുസയ്ന്‍ ജില്ലാസെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സക്കീറിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമം നടത്തിയെങ്കിലും എറണാകുളം ജില്ല വിട്ട സക്കീര്‍ കണ്ണൂരിലേക്കും അവിടെനിന്ന് കുടകിലേക്കും കടന്നുവെന്നാണ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പോലിസ് നീക്കം ആരംഭിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഡിവൈഎഫ്്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദീഖ്  മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറഞ്ഞ് വ്യവസായിയായ മറ്റൊരു യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഒപ്പം കേസിലെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യും.തനിക്കെതിരേ കള്ളപ്രചാരവേലയുടെ ഭാഗമായാണ് ഒന്നരവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ അന്ന് ഇല്ലാത്ത പരാതിയും അതിന്റെ പേരില്‍ കേസും ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നുമാണ് സക്കീര്‍ ഹുസൈന്‍ പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss