|    Jan 20 Fri, 2017 7:18 am
FLASH NEWS

സിന്ധു നദീജല കരാര്‍ ഇന്ത്യ പുനപ്പരിശോധിച്ചേക്കും

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധു നദീ ജല കരാര്‍ പുനപ്പരിശോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി സൂചന. പരസ്പര വിശ്വാസവും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കരാറുകള്‍ പ്രാവര്‍ത്തികമാവുകയുള്ളൂവെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കരാറില്‍ നിന്നു പിന്‍വാങ്ങുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. 1960 സപ്തംബറിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് അയ്യൂബ് ഖാനും ചേര്‍ന്ന് ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവച്ചത്. എന്നാല്‍ ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ലെന്നു കാണിച്ച് പാകിസ്താന്‍ പലതവണ പരാതിപ്പെട്ടിരുന്നു. അതേസമയം കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നതായാണ് വികാസ് സ്വരൂപ് പറയുന്നത്.
അതിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാര്‍ രണ്ടു യുദ്ധങ്ങളെ അതിജീവിച്ച് നിലനില്‍ക്കുന്നുണ്ടെന്നും ജലം സഹകരണത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ ഏലിയാസ്റ്റണ്‍ അഭിപ്രായപ്പെട്ടു.
സൈനികന്റെ കുടുംബത്തെ
ബിജെപി എംപി അപമാനിച്ചു
സാന്ത്കബീര്‍നഗര്‍: ഉറി ആക്രമണത്തില്‍ വീര മൃത്യു വരിച്ച സൈനികന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കിടെ സംഭാവന പിരിച്ച് ബിജെപി എംപി സൈനികന്റെ കുടുംബത്തെ അവഹേളിച്ചതായി പരാതി.
കൊല്ലപ്പെട്ട സൈനികന്‍ ഗണേഷ് ശങ്കര്‍ യാദവിന് അനുശോചനം രേഖപ്പെടുത്താന്‍ വേണ്ടിയാണ് സൈനികന്റെ ജന്‍മസ്ഥലമായ ഗുരുപാലിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ബിജെപി എംപി ശരത് ത്രിപാഠി എത്തിയത്. കുടുംബത്തിനു സാമ്പത്തികസഹായം ചെയ്യണമെന്ന് അവിടെ കൂടിയിരുന്നവരോട് എംപി ആവശ്യപ്പെട്ടു. തുടര്‍ന്ന് പിരിവും നടത്തി. ‘ഇതറിഞ്ഞപ്പോള്‍ വളരെയധികം അപമാനം തോന്നി, ഞങ്ങള്‍ ഒരിക്കലും യാചകരല്ല’- സൈനികന്റെ വിധവ ഗുദിയ പറഞ്ഞു. ഉടനെ എംപിയും സംഘവും സ്ഥലംവിടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 163 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക