|    Oct 23 Mon, 2017 11:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിന്ധുവിനെയും സാക്ഷിയെയും ആദരിക്കുന്ന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നു

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനെയും സാക്ഷി മാലികിനെയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഒരു കമ്പനി ഭൂമി തട്ടിപ്പുകേസില്‍ ആരോപണവിധേയരാണെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്നാണ് സൂചന.
കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദേശത്തായതിനാല്‍ കായികമന്ത്രി ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, സ്വീകരണചടങ്ങില്‍നിന്നും വിട്ടുനിന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി ഇന്നലെ സംബന്ധിക്കാമെന്നേറ്റ് മറ്റു ചടങ്ങുകളിലും പങ്കെടുത്തില്ലെന്നും ഓഫിസ് പ്രതികരിച്ചു. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പിവി സിന്ധുവിനും സാക്ഷി മാലികിനും പരിശീലകര്‍ക്കും തലസ്ഥാനത്ത് വന്‍ വരവേല്‍പാണ് നല്‍കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് ചടങ്ങില്‍ നല്‍കിയത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അതിഥികളായാണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ഗുസ്തി താരം സാക്ഷി മാലികും തിരുവനന്തപുരത്തെത്തിയത്.
സിന്ധുവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു, പരിശീലകന്‍ പുല്ലേല ഗോപി ചന്ദ്, സിന്ധുവിന്റെ കുടംബാംഗങ്ങള്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ക്ലിഫ് ഹൗസിലെത്തിയ ഇവരെ മുഖ്യമന്ത്രി കുടുംബസമേതമാണ് സ്വീകരിച്ചത്. ഒരു മണിക്കൂറോളം ചെലവഴിച്ചതിനുശേഷമാണ് താരങ്ങള്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.
സിന്ധുവിനൊപ്പം പിതാവ് പി വി രമണ, മാതാവ് പി വിജയ എന്നിവരും ഉണ്ടായിരുന്നു. റിയോ ഒളിംപിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും സംയുക്തമായി നല്‍കിയ സ്വീകരണ ചടങ്ങിനെത്തിയതായിരുന്നു താരങ്ങള്‍.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, വിദ്യാഭ്യാസ, സ്‌പോര്‍ട്‌സ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, പി ശശിധരന്‍ നായര്‍, എം ആര്‍ രഞ്ജിത്ത്, സഞ്ജയന്‍കുമാര്‍ ഐഎഫ്എസ്, ജില്ലാ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് കരമന ഹരി സന്നിഹിതരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക