|    Nov 17 Sat, 2018 12:04 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

സിനിമ കണ്ട് വഴിതെറ്റുന്ന പോലിസ് കഥാപാത്രങ്ങള്‍?

Published : 8th August 2016 | Posted By: SMR

അജയമോഹന്‍

സിനിമ ആളുകളെ വഴിതെറ്റിക്കുമെന്ന് പോലിസുകാര്‍ക്കിടയില്‍ പൊതുവായൊരു ധാരണയുണ്ട്. മോഹന്‍ലാലിന്റെ ‘ദൃശ്യം’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ജയില്‍ ഡിജിപിയായിരുന്ന ടി പി സെന്‍കുമാര്‍ അതിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തുവന്നിരുന്നു. മകളുടെയും ഭാര്യയുടെയും മാനം കവരാന്‍ ബ്ലാക്ക്‌മെയിലിങ് ഭീഷണിയുമായെത്തിയ ഐജിയുടെ മകനെ കൊലപ്പെടുത്തി വളരെ സാഹസികമായും തന്ത്രപരമായും മൃതദേഹം ഒളിപ്പിക്കുന്നതാണ് ചിത്രത്തിലെ പ്രമേയം. ഐജി തന്നെ നേരിട്ട് രംഗത്തുവന്ന് കേസ് അന്വേഷിച്ചിട്ടും മൂന്നാംമുറ പ്രയോഗിച്ചിട്ടുമൊന്നും തുമ്പുണ്ടാക്കാനാവാതെ പോലിസിനെ നാണംകെടുത്തിയ കേസായിരുന്നു അത്. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരന്‍ നായകന്‍ സമര്‍ഥമായി തെളിവുകള്‍ നശിപ്പിക്കുന്നതും പോലിസ് മുറകളെ അതിജീവിച്ചതുമെല്ലാം എങ്ങനെയെന്ന ചോദ്യവും വിരല്‍ചൂണ്ടിയത് സിനിമയ്ക്കുള്ളിലെ സിനിമയിലേക്കു തന്നെ.
എന്നാല്‍, സെന്‍കുമാറിനെയും തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ വിജയനെയും പോലുള്ള ചില പോലിസുകാര്‍ക്ക് സിനിമ അത്രയ്ക്കങ്ങ് രസിച്ചില്ല. സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ തെറ്റായ സന്ദേശം നല്‍കും, സ്ത്രീകള്‍ ബ്ലാക്ക്‌മെയിലിങില്‍പ്പെട്ടാല്‍ ഉടന്‍ പോലിസിനെ വിവരം അറിയിക്കണം- അങ്ങനെ പോയി സെന്‍കുമാര്‍ ഉപദേശം.
പിന്നീട് നിവിന്‍പോളി നായകനായ ‘പ്രേമം’ തിയേറ്ററുകളെ കീഴടക്കിയപ്പോഴും സെന്‍കുമാര്‍ സിനിമയ്‌ക്കെതിരേ വിമര്‍ശനവുമായെത്തി. കാംപസിലെ അക്രമം, മദ്യപാനം, അധ്യാപികയോടുള്ള പ്രണയം- യുവജനങ്ങളെ വഴിതെറ്റിക്കുന്നു. ഇതൊക്കെത്തന്നെ പ്രധാന വിമര്‍ശനങ്ങള്‍.
എന്നാലിപ്പോള്‍ സിനിമ സാധാരണക്കാരെയോ യുവജനങ്ങളെയോ ഒന്നുമല്ല, പോലിസിനെ തന്നെ വഴിതെറ്റിക്കുന്നുവോ എന്ന സംശയമാണ് ഉയരുന്നത്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ നായകകഥാപാത്രത്തെ പോലിസുകാരില്‍ ചിലരെങ്കിലും അനുകരിച്ചുതുടങ്ങിയോ എന്നാണു സന്ദേഹം.
കോഴിക്കോട്ടെ ഒരു പോലിസ് സ്‌റ്റേഷനില്‍ പൂവാലന്‍മാര്‍ എന്നാരോപിച്ച് ഏതാനും പേര്‍ക്ക് പുഷപ്പും ഒറ്റക്കാല്‍ ചാട്ടവും പ്രതിജ്ഞചൊല്ലിക്കലുമൊക്കെ നടന്നതായാണു വാര്‍ത്ത. തൊട്ടുപിന്നാലെ ഇതിനു നേതൃത്വം നല്‍കിയ എസ്‌ഐയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. ഇതിനിടയില്‍ കോടതിയില്‍ റിപോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തതിന്റെ പേരില്‍ ഇദ്ദേഹം സസ്‌പെന്‍ഷനിലുമായി. കോളറിന് തൂക്കി റിപോര്‍ട്ടര്‍മാരെ ‘ഭരത്ചന്ദ്രന്‍’ സ്‌റ്റൈലില്‍ കൈകാര്യം ചെയ്തതുകൊണ്ടാണോ സ്‌റ്റേഷനിലെ സിനിമാസ്‌റ്റൈല്‍ ശിക്ഷാവിധിയുടെ പേരില്‍ മനുഷ്യാവകാശലംഘനം ആരോപിക്കപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, എസ്‌ഐയുടെ പരാക്രമത്തെ വീരകൃത്യമായി അവതരിപ്പിച്ച് വാര്‍ത്ത നല്‍കിയ പത്രങ്ങള്‍പോലും ഒറ്റരാത്രികൊണ്ട് അദ്ദേഹത്തോടുള്ള നിലപാട് മാറ്റി. ‘പൂവാലന്‍മാര്‍ക്ക് എട്ടിന്റെ പണി’ എന്നു വാര്‍ത്ത നല്‍കിയ പത്രം തന്നെ ‘എസ്‌ഐക്കും കിട്ടി എട്ടിന്റെ പണി’ എന്ന തലക്കെട്ടോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചത്!
‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ ബിജു പൗലോസ് എന്ന എസ്‌ഐ നായകനും നമ്മുടെ കഥാനായകനെപ്പോലെ കുറ്റകൃത്യങ്ങള്‍ക്ക് സ്‌റ്റേഷന്‍ വരമ്പത്തു തന്നെ കൂലി നല്‍കണം എന്ന് വിശ്വസിക്കുന്നയാളാണ്. മനുഷ്യാവകാശപ്രവര്‍ത്തകരെ നാല് ചീത്തവിളിച്ചാണ് ബിജു ആക്ഷന്‍ തുടങ്ങുക. തന്റെ സ്റ്റേഷന്‍ പരിധിയില്‍ കീഴ്‌ക്കോടതി മുതല്‍ സുപ്രിംകോടതി വരെ പോലിസ് സ്‌റ്റേഷനാണ് എന്ന് കുറ്റാരോപിതരെ ബോധ്യപ്പെടുത്തി പ്രേക്ഷകരുടെയും പോലിസുകാരുടെയും കൈയടി വാങ്ങുന്നുണ്ട് ബിജു പൗലോസ്. ബിജുവിന്റെ ആക്ഷന്‍ ഹീറോയിസം കണ്ട് സിപിഒ മുതല്‍ ഡിജിപി വരെയുള്ള പോലിസുകാര്‍ക്കൊക്കെയും രോമാഞ്ചമുണ്ടായിട്ടുണ്ടാവണം. സിനിമയിലെ അത്തരമൊരു മാതൃകാ പോലിസ് സ്‌റ്റേഷനുണ്ടാക്കാനുള്ള ശ്രമമായിരിക്കാം കോഴിക്കോട്ട് എസ്‌ഐ നടത്തിയ പരീക്ഷണം.
‘ബിജുവില്‍ പോലിസുകാര്‍ക്ക് മാതൃകയാക്കാവുന്ന, മാതൃകയാക്കിയേക്കാവുന്ന അപകടകരമായ കാര്യങ്ങള്‍ ഇനിയുമുണ്ട്. കൂമ്പിനിടിച്ച് കാര്യം സാധിക്കല്‍, ഭിന്നലൈംഗികതയുള്ളയാളോട് അറപ്പും വെറുപ്പും, സ്ത്രീകളോട് അസഭ്യം പറയുന്നതിലുള്ള പരമാനന്ദം, ഉടുമുണ്ടഴിക്കുന്നവന്റെ മര്‍മത്ത് ചൊറിയണം തേച്ച് വിലങ്ങിട്ടു സ്റ്റേഷനിലെത്തിച്ച് പാട്ടുപാടിക്കല്‍. പ്രതി മറ്റൊരു കുറ്റാരോപിതനെ കരണക്കുറ്റിക്കടിച്ചത് തനിക്കുവേണ്ടിയാണെന്നു കരുതി സമാധാനിക്കുന്നുമുണ്ട് എസ്‌ഐ. അയല്‍വാസിയുടെ നഗ്നതാപ്രദര്‍ശനത്തെക്കുറിച്ച് പരാതിപ്പെടാന്‍ എത്തിയ സ്ത്രീകളോട് ‘കക്ഷി കാണാന്‍ കൊള്ളാവുന്നവനായിരുന്നെങ്കിലോ’ എന്ന് ചോദിച്ച് ആനന്ദം അനുഭവിക്കുന്നുണ്ട് ഈ പോലിസ്.
ഏതായാലും ആ സിനിമയ്‌ക്കെതിരേ പോലിസുകാര്‍ക്ക് സെന്‍ ഉപദേശം നല്‍കാന്‍ ആരുമുണ്ടായില്ല. അതായിരിക്കാം കോഴിക്കോട്ടെ ഹീറോയിസത്തിനു പ്രചോദനം.
‘ബിജുവിനുശേഷം ഇറങ്ങിയ പോലിസ് സിനിമ ‘കസബ’യും മാതൃകാപരം തന്നെ. സഹപ്രവര്‍ത്തകയായ പോലിസുദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെല്‍റ്റില്‍ കുത്തിപ്പിടിച്ച് മാസമുറ തെറ്റിക്കാന്‍ തനിക്കാവുമെന്ന ധീരമായ പ്രഖ്യാപനം നടത്തി കൈയടി വാങ്ങുന്നുണ്ട് ‘കസബ’യിലെ രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. ഒടുവില്‍ രാജന്‍ സക്കറിയയുടെ കോളറിന് കുത്തിപ്പിടിച്ചിരിക്കുകയാണ് വനിതാ കമ്മീഷന്‍ എന്നാണ് റിപോര്‍ട്ടുകള്‍. ബിജു പൗലോസിനെപ്പോലെ പോലിസുകാര്‍ രാജന്‍ സക്കറിയയെയും അനുകരിക്കാന്‍ തുടങ്ങിയാലത്തെ സ്ഥിതി ആലോചിക്കാന്‍ വയ്യ.
സാധാരണ പ്രേക്ഷകര്‍ വഴിതെറ്റിപ്പോവാതിരിക്കാന്‍ അതത് കാലത്തിറങ്ങുന്ന സിനിമകള്‍ കണ്ട് നിരൂപണം നടത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുസമൂഹത്തിനു നല്‍കിവരുന്ന പോലിസ് പ്രമാണിമാര്‍ ആരും തന്നെ ഇത്തരത്തിലുള്ള സിനിമകള്‍ പോലിസുകാര്‍ അനുകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കണ്ടില്ല. ഫലമോ, ബിജു പൗലോസിനെയും രാജന്‍ സക്കറിയയെയും പോലെ തെരുവിലിറങ്ങി കഴിവു തെളിയിച്ചുതുടങ്ങിയിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss