|    Aug 22 Tue, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ; റിപോര്‍ട്ട് കിട്ടിയാലുടന്‍ നടപടി : മന്ത്രി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് റിപോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍. നിയമസഭയില്‍ എം സ്വരാജ്  ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സമഗ്രമായ നിയമനിര്‍മാണവും പരിഷ്‌കാരവും സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സനായി വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സമിതിയുടെ റിപോര്‍ട്ട് ലഭ്യമായശേഷം ഈരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും സുരക്ഷയ്ക്കും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു നിയമനിര്‍മാണം നടത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. ചലച്ചിത്ര നിര്‍മാണത്തെ വ്യവസായമായി കണക്കാക്കാന്‍ ആ രംഗത്തെ എല്ലാ വിഭാഗവുമായും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. മിനിമം വേതനം കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിന് ഉപദേശക സമിതിയെ തൊഴില്‍ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ചലച്ചിത്ര ടെലിഫിലിം നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ദിവസവേതന നിരക്കില്‍ ആറു വിഭാഗങ്ങളിലായും ഓഫിസ് ജീവനക്കാര്‍ക്ക് പ്രതിമാസ വേതനനിരക്കിലുമാണ് മിനിമം വേതനം നിശ്ചയിച്ചിട്ടുള്ളത്. ടെലിഫിലിം ആന്റ് മോഷന്‍ പിക്്ചര്‍ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയതായും ജോണ്‍ ഫെര്‍ണാണ്ടസിന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു. സിനി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ക്ഷേമനിധിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് ക്ഷേമനിധിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറികളില്‍ സൗജന്യ ചികില്‍സ ലഭിക്കും. കൂടാതെ മാരകരോഗങ്ങളുടെ ചികില്‍സയ്ക്കായി ഒന്നര ലക്ഷം മുതല്‍ മൂന്നുലക്ഷം വരെ പ്രത്യേക ചികില്‍സാ ധനസഹായത്തിനും അര്‍ഹതയുണ്ട്. ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക് 200 രൂപ മുതല്‍ 15000 രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക