|    Aug 22 Tue, 2017 10:51 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സിനിമാ നിര്‍മാതാവ് ബഷീര്‍ അന്തരിച്ചു

Published : 5th August 2016 | Posted By: SMR

ചങ്ങനാശ്ശേരി: ആദ്യകാല ചലച്ചിത്ര നിര്‍മാതാവ് പറക്കവെട്ടി പി എച്ച് മുഹമ്മദ് ബഷീര്‍(65) ഹൃദയാഘാതംമൂലം മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് മരണം. പുതൂര്‍പ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി.
ചങ്ങനാശ്ശേരി മുന്‍ നഗരസഭാ കൗണ്‍സിലര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, പുതൂര്‍പ്പള്ളി ജമാഅത്ത് സെക്രട്ടറി, മുസ്‌ലിം ലീഗ് മണ്ഡലം ടൗണ്‍ സെക്രട്ടറി, ഇസ്‌ലാമിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (ഐസിഒ) സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1990ല്‍ ഇറങ്ങിയ സണ്‍ഡേ സെവന്‍ പി എം ആണ് അദ്ദേഹം നിര്‍മിച്ച ആദ്യ ചിത്രം. ആദ്യകാല മലയാള ഹാസ്യതാരം ആലുംമൂടനെ കാസര്‍കോഡ് കാദര്‍ഭായില്‍ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ജഗദീഷിനെയും സിദ്ദിഖിനെയും നായകന്‍മാരാക്കി മിമിക്‌സ് പരേഡ് എന്നിവയും സിംപിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങളാണ്. ഈ കാലഘട്ടത്തില്‍ മിമിക്രി രംഗത്ത് തിളങ്ങിനിന്ന നിരവധി കലാകാരന്‍മാരെയും അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ സിനിമാരംഗത്ത് എത്തിച്ചു.
ഗജകേസരിയോഗം, കുടുംബസമേതം, നീലക്കുറുക്കന്‍, തലമുറ, മേരാനാം ജോക്കര്‍, സുദിനം, ഇന്നത്തെ പ്രോഗ്രാം, കുണുക്കിട്ട കോഴി, മിമിക്‌സ് 2000, കുടുംബസ്‌നേഹം, ക്ലോസ് ഫ്രണ്ട്‌സ് തുടങ്ങി 20 ഓളം ചിത്രങ്ങള്‍ സിംപിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്. സംവിധായകരായ ഷാജി കൈലാസ്, കെ മധു, ജയരാജ്, വിജി തമ്പി, പി ജി വിശ്വംഭരന്‍, തുളസീദാസ്, നിസ്സാര്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യമാര്‍: മുംതാസ് ബഷീര്‍, ഷീബ ബഷീര്‍. മക്കള്‍: ഷെബിന്‍ ബഷീര്‍, ഷെഹ്‌ല ബഷീര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക