|    Mar 27 Mon, 2017 2:24 am
FLASH NEWS

സിനിമാവ്യവസായത്തെ ലാഭപൂര്‍ണമാക്കും: മന്ത്രി

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യ രക്ഷാധികാരി. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റും മേയര്‍ വി കെ പ്രശാന്ത് ചെയര്‍മാനുമാവും. 501 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജാണ് ചീഫ് കോ-ഓഡിനേറ്റര്‍. മാസ്‌കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും മേള സംബന്ധിച്ച് അംഗങ്ങള്‍ മുന്നോട്ടുവച്ച വിവിധ നിര്‍ദേശങ്ങള്‍ക്ക് ഫലപ്രദമായ തീരുമാനങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചുള്ള അവലോകനം നടത്തി.
സിനിമപോലെ ആശയ സംവേദനത്തിനുതകുന്ന മറ്റൊരുമേഖലയുമില്ല. ഗ്രാമങ്ങളില്‍ യഥേഷ്ടം സിനിമ ആസ്വദിക്കാവുന്ന സാഹചര്യമുണ്ടാക്കുക ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. മണ്ഡലത്തില്‍ ഒരു തിയേറ്ററെങ്കിലുമെന്ന ക്രമത്തില്‍ നൂറ് തിയേറ്ററുകള്‍ ഗ്രാമങ്ങളില്‍ പുതുതായി സ്ഥാപിക്കുമെന്നും വൈഡ് റിലീസും ഇ-ടിക്കറ്റിങ്ങും സാധ്യമാക്കി സിനിമാ വ്യവസായത്തെ ലാഭപൂര്‍ണമാക്കുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സന്‍ ബീനാ പോള്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും മുന്‍ ചെയര്‍മാന്‍മാരുമായ കെ മോഹനന്‍, സിബി മലയില്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍, നടന്‍ മധു, ലെനിന്‍ രാജേന്ദ്രന്‍, ടി വി ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു സംസാരിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള200ഓളം ചലച്ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്രോല്‍സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും. ഡെലിഗേറ്റ് പാസിന് 500 രൂപ ഫീസ് ഈടാക്കും. വിദ്യാര്‍ഥികള്‍ക്കിത് 300 രൂപയാണ്. ആകെ 15,000 പേര്‍ക്ക് പാസ് നല്‍കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക