|    Nov 22 Wed, 2017 2:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സിനിമാമേഖലയിലും തിരിച്ചടി; മലയാള ചിത്രങ്ങളുടെ റിലീസിങ് മാറ്റി

Published : 11th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സിനിമാമേഖലയിലും തിരിച്ചടിയുണ്ടാക്കി. ചില്ലറക്ഷാമം പ്രേക്ഷകരെയും തിയേറ്റര്‍ ഉടമകളെയും വലച്ചു. പ്രതിസന്ധി ഉടലെടുത്തതോടെ ചിത്രങ്ങളുടെ റിലീസിങും മാറ്റിവച്ചു. ഇന്നു പുറത്തിറങ്ങാനിരുന്ന രണ്ട് മലയാള സിനിമകളുടെ റിലീസാണ് 18ലേക്കു മാറ്റിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേമുഖം എന്നീ ചിത്രങ്ങളുടെ റിലീസിങാണ് മാറ്റിയത്.
അതേസമയം, രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും ഇന്നു സംസ്ഥാനത്തെ തിയേറ്ററുകളിലെത്തും. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നടന്‍ ദിലീപാണ് നിര്‍മിച്ചിരിക്കുന്നത്. സജിത് ജഗന്നാഥന്റെ ഒരേമുഖം എന്ന ചിത്രത്തി ല്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. 500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും വിപണിയില്‍ ആവശ്യത്തിന് 100 രൂപ നോട്ടുകള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തിയേറ്ററുകളിലേക്കെത്താതെവരുമോയെന്ന ആശങ്കയാണ് റിലീസിങ് മാറ്റിവയ്ക്കാന്‍ കാരണം. ടിക്കറ്റ് എടുത്താല്‍ ബാക്കി കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് പല തിയേറ്ററുകളും. പുതിയ നോട്ടുകള്‍ ജനങ്ങളുടെ കൈകളിലേക്ക് ആവശ്യത്തിന് എത്തിയിട്ടില്ലാത്തതിനാല്‍ പണം അധികമായി ചെലവഴിക്കാന്‍ ആളുകള്‍ മടികാട്ടുകയാണ്.
വിപണിയിലേക്കുള്ള പണമൊഴുക്ക് പഴയപടിയായശേഷം സിനിമകള്‍ റിലീസ് ചെയ്താല്‍ മതിയെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. തിയേറ്ററുകളിലെല്ലാം വരുമാനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ആളും ആരവവുമൊഴിഞ്ഞ നിലയിലാണ് പല തിയേറ്ററുകളും. 100 കോടി കടന്ന് മുന്നേറുന്ന പുലിമുരുകനെയും നോട്ട് പ്രശ്‌നം ബാധിച്ചെന്ന് റിപോര്‍ട്ടുകളുണ്ട്. 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പുലിമുരുകന്‍ ടീം നേരത്തേ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക