|    Jan 21 Sat, 2017 5:43 am
FLASH NEWS

സിനിമയില്‍ നിന്നു വിരമിച്ചിട്ടില്ല

Published : 7th October 2015 | Posted By: RKN

ഹിന്ദി ചലച്ചിത്ര സംഗീതമാകെ മാറിപ്പോയെന്ന് ഏഴു പതിറ്റാണ്ടിലേറെയായി അനശ്വരഗാനങ്ങളിലൂടെ രംഗത്തു നില്‍ക്കുന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍. അമ്പതുകളിലും അറുപതുകളിലും എഴുപതുകളില്‍ പോലും രാജ്യമൊട്ടാകെ മെലഡിയുടെ അംഗവീചികളുയര്‍ത്തിയ സിനിമാപാട്ടുകള്‍ ഇന്നും ശ്രോതാക്കളുടെ മനസ്സിലുണ്ട്; ആത്മനിര്‍വൃതിയോടെയാണു ഞങ്ങളൊക്കെ അവ പാടിയത്. പക്ഷേ, ഇന്ന് സംഗീതത്തിന്റെ മാനങ്ങള്‍ മാറിപ്പോയി. ഇന്‍ഡസ്ട്രി തന്നെ മാറിയിട്ടുണ്ട്. ഒരു പാട്ട് ആഴ്ചകള്‍ക്കകം മനസ്സില്‍നിന്നു മാഞ്ഞുപോകുന്നു. ആരും അവ വീണ്ടും കേള്‍ക്കാനാഗ്രഹിക്കുന്നില്ല. കാവ്യഗുണവും ഇല്ലാതായി. ഞങ്ങളുടെ കാലത്തെ മെലഡി ഇന്നത്തെ സിനിമയ്ക്ക് ചേരുമെന്നും തോന്നുന്നില്ല. ഈ പുതിയ ബോളിവുഡില്‍ താന്‍ അന്യമാണെന്നു തോന്നിപ്പോവുന്നു- ഭാരതരത്‌ന നേടിയ ഏക ചലച്ചിത്രഗായിക പറഞ്ഞു.

പതിമൂന്നാം വയസ്സില്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ലതയ്ക്കിന്ന് എണ്‍പത്താറാം പിറന്നാള്‍. ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന സംഗീതവ്യക്തിത്വം. സ്മിത മിശ്ര, ശശാങ്കചൗഹാന്‍ എന്നിവര്‍ക്കനുവദിച്ച ഒരു അഭിമുഖസംഭാഷണത്തില്‍ തന്റെ സംഗീതജീവിതവുമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങള്‍ ലതാജി വ്യക്തമാക്കി. വിവിധ കാലഘട്ടങ്ങളിലെ ഒരുപാടു സംഗീതസംവിധായകര്‍ക്കു വേണ്ടിയും താന്‍ പാടിയിട്ടുണ്ടെന്നും അവര്‍ക്കെല്ലാം അവരുടേതായ സംഗീതശൈലി ഉണ്ടെന്നും ലതാ മങ്കേഷ്‌ക്കര്‍ പറഞ്ഞു. മദന്‍ മോഹന്റെ രചനകള്‍ക്ക് ഗസലിന്റെ സ്വഭാവമാണെങ്കില്‍ ജയദേവിന്റേത് സെമിക്ലാസിക്കലാണ്. ഹേമന്ത് കുമാറിന്റെയും സലീല്‍ ചൗധരിയുടെയും ഗാനങ്ങള്‍ നാടന്‍ശീലുകളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്നു. പഴയ തലമുറയിലെ സംഗീതശില്‍പ്പികള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ മുദ്ര ഉണ്ടായിരുന്നു. അവര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ചു പാടാന്‍ കഴിഞ്ഞു. പക്ഷേ,  ഇന്നത്തെ                 സിനിമകള്‍ മിക്കവാറും നായകനു പ്രാമുഖ്യമുള്ളവയാണ്.

അതുകൊണ്ട് ഗായികമാര്‍ക്ക് വലിയ സാധ്യതയില്ല. ‘മുഗളേ’-അസമില്‍ ഞാന്‍ പന്ത്രണ്ടോ പതിമൂന്നോ പാട്ടുകള്‍ പാടി. ‘ഹക്കീസ’യിലും നിരവധി ഗാനങ്ങള്‍ പാടാനുണ്ടായിരുന്നു. പക്ഷേ, ഇന്നു സ്ത്രീകഥാപാത്രങ്ങള്‍ക്ക് സിനിമയിലത്ര പ്രസക്തിയില്ലാതായി. എന്നുവച്ച് സിനിമ തീരെ ഒഴിവാക്കിയിട്ടില്ല. കുറച്ചെന്നു മാത്രമേയുള്ളൂ. നല്ല രചനകള്‍ കിട്ടിയാല്‍ ഇനിയും പാടും. ഇപ്പോഴും ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. പാകിസ്താനില്‍ ഗസല്‍ ഗായകനായ മെഹദി ഹസന്‍ അന്തരിക്കുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹവുമൊന്നിച്ച് ഒരു ആല്‍ബം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം ആത്മസംതൃപ്തി ലതാജി പ്രകടിപ്പിച്ചു. ഒന്നിച്ചുപാടാന്‍ ഇത്രയേറെ ആഗ്രഹിച്ച മറ്റൊരു ഗായകനില്ല; അദ്ദേഹവും എന്നോടൊപ്പം പാടാന്‍ ആഗ്രഹിച്ചതായി പറയുകയുണ്ടായി.

‘തേരേ മിലാനേ…’ എന്ന ആല്‍ബത്തിലെ യുഗ്മഗാനം പാകിസ്താനിലും ഇന്ത്യയിലും വച്ചാണ് റിക്കാഡ് ചെയ്തത്. പാകിസ്താനില്‍നിന്നു മെഹ്ദി ഹസന്‍ സാഹിബിന്റെ ഭാഗങ്ങളും പിന്നീട് മുംബൈയില്‍നിന്നു ലതാജിയുടെയും ശബ്ദലേഖനം ചെയ്തു സംയോജിപ്പിക്കുകയായിരുന്നു. ഒരുകാലത്ത് ഒന്നായിരുന്ന രണ്ടു രാജ്യങ്ങള്‍, രണ്ടു മഹാഗായകരുടെ സ്വരവീചികളിലൂടെ ഒന്നായിത്തീരുന്ന അനുഭവം.  മെഹ്ദിഹസന്റെ വലിയ ആരാധികയാണ് താനെന്നു ലത പറയുന്നു. അദ്ദേഹത്തിന്റെ ഒത്തിരി റിക്കാഡുകളുണ്ട്, തന്റെ ശേഖരത്തില്‍. അതുപോലെ ഗുലാംഅലിയുടെയും ജഗത് സിങിന്റെയും സംഗീതം ഇഷ്ടപ്പെടുന്നു. പുതിയ പിന്നണി ഗായകരില്‍ സോനുനിഗാം, അല്‍ക്കായജ്ഞിക്ക്, സുനീധി ചൗഹാന്‍ എന്നിവരെയാണ് ലതാ മങ്കേഷ്‌ക്കര്‍ ഇഷ്ടപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക