|    Dec 14 Thu, 2017 9:42 am
FLASH NEWS
Home   >  Kerala   >  

സിനിമക്കാര്‍ക്കെന്താ കൊമ്പുണ്ടോ?

Published : 19th March 2016 | Posted By: G.A.G

Cinema

ഇംതിഹാന്‍ ഒ അബ്ദുല്ല
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു നാളുകള്‍ക്കു മുമ്പേ ആരംഭിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള രാഷ്ട്രീയ പിന്നാമ്പുറ ചര്‍ച്ചകളില്‍ സാധ്യതാ പട്ടികയില്‍ ചില സിനിമാ നടന്‍മാരുടെ പേരുകളും ഉയര്‍ന്നു വരാറുണ്ടായിരുന്നെങ്കിലും അതു ഒരു മാതിരി നടപ്പു ദീനം പോലെ ഇത്ര വ്യാപകമാവുമെന്നു ആരും കരുതിയിരുന്നില്ല. കാരണം അടുത്ത കാലം വരെ കേരള രാഷ്ട്രീയത്തില്‍ സിനിമാക്കാര്‍ക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. കേരളീയര്‍ കലയെയും കലാകാരന്‍മാരെയും ഏറെ ആദരിക്കുകയും സ്‌നേഹിക്കുന്നവരാണെങ്കിലും അത് രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചിരുന്നില്ല. മലയാളത്തിന്റെ എക്കാലത്തെയും അനുഗ്രഹീത നടന്‍ പ്രേം നസീറിന്റെ പോലും അനുഭവം അതാണ്. എന്നല്ല പുരാണത്തിലെയും ചരിത്രത്തിലെയും വീര കഥാപാത്രങ്ങള്‍ക്കു ചായമണിഞ്ഞ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ സിനിമ നടന്‍മാരും നടികളും തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു എം എല്‍ എ മാരും  എംപിമാരും മന്ത്രിമാരുമൊക്കെയാവുമ്പോള്‍ ആ നാട്ടിലെ ജനങ്ങളെ പുഛിച്ചു തളളുകയും അവരുടെ രാഷ്ടീയ പാപ്പരത്തെക്കുറിച്ചും മലയാളിയുടെ രാഷ്ടീയ പ്രബുദ്ധതയെക്കുറിച്ചുമെല്ലാം വാചകമടിക്കുന്നവരുമാരായിരുന്നു നമ്മള്‍.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞതു വളരെ പെട്ടന്നാണ്. തങ്ങള്‍ക്കു കാര്യമായ പ്രതീക്ഷയില്ലാതിരുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ഇടതു മുന്നണി പ്രമുഖ ഹാസ്യ-സ്വഭാവ നടനും താര സംഘടനയുടെ പ്രസിഡന്റുമായ ഇന്നസെന്റിനെ നിറുത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് ഗതി വേഗം വന്നത്. കോണ്‍ഗ്രസുകാരുടെ കാലുവാരലെന്ന ജനിതക രോഗം അത്തവണ മണ്ഡലത്തില്‍ കലശലായതു കൊണ്ട് ഇന്നസെന്റു പോലും പ്രതീക്ഷിക്കാതെ ‘ലോട്ടറി’ അടിച്ചു എന്നതു നേര്.
പക്ഷേ ഇന്നസെന്റിന്റെ വിജയം ഒരു അടിസ്ഥാനമായി കണക്കാനാവുമോ? അതോ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത എന്നു പറയുന്നത് വെറും മിഥ്യയാണോ? വെളളിത്തിരയില്‍ അഴിമതിക്കും അനീതികള്‍ക്കുമെതിരില്‍ നെടു നെടുങ്കന്‍ ഡയലോഗുകള്‍ കാച്ചിവിടുകയും ഗുണ്ടകളെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്യുന്ന ഭൂമിയില്‍ സ്വര്‍ഗ രാജ്യം പണിയുകയും ചെയ്യുന്ന ഐ.ജി , മന്ത്രി കഥാപാത്രങ്ങള്‍ക്ക് വേഷമിടുന്നവര്‍- യാഥാര്‍ത്ഥ്യ ലോകത്തും ഇവര്‍ അതിനൊക്കെ കെല്‍പ്പുറ്റവരാണെന്നു കരുതാന്‍ മാത്രം വിഢികളാണോ ന്യൂ ജെന്‍ മലയാളികള്‍?  മണ്ണിന്റെ മണമുളള, ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനുളള  പോരാട്ട ഭൂമികളിലൂടെ കരുത്താര്‍ജ്ജിച്ച ജനപിന്തുയുളള നേതാക്കന്‍മാരെക്കാള്‍ അഭികാമ്യരാണോ സെല്ലുലോയ്ഡിലെ മെഴുകു പ്രതിമകള്‍?
സംസ്ഥാനത്തെ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃക്ഷാമമനുഭവിക്കുന്നതാണോ ഇതിനു കാരണം? എന്നാല്‍ സദസ്സിലുളളതിനേക്കാള്‍ നേതാക്കള്‍ വേദിയില്‍ ഇടം പിടിച്ച് വേദി തകരുന്ന പതിവുളള കോണ്‍ഗ്രസിനോ എസ് എഫ് ഐ,ഡി വൈ എഫ് ഐ എന്നീ ബ്രീഡര്‍ പ്രസ്ഥാനങ്ങള്‍  സ്വന്തമായുളള സി പി എമ്മിനോ ഏതായാലും തല്‍ക്കാലം അത്തരമൊരു പ്രതിസന്ധിയുളളതായി അറിവില്ല. അതോ ചാനല്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജിമാരായി ഇരുന്ന് താരങ്ങള്‍ ജന മനസുകളില്‍ ലബ്ധപ്രതിഷ്ഠ നേടിയതു കൊണ്ടോ?

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുഭവിക്കുന്ന രാഷ്ട്രീയ പാപ്പരത്തമാണ് ദൃശ്യമാധ്യമ രംഗത്തെ പ്രചാരത്തിന്റെ കുതിപ്പിനേക്കാള്‍ ഇതിനു കാരണമെന്നു വേണം കരുതാന്‍.
അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അഭിമുഖീകരിക്കാന്‍  ഭരണ പക്ഷത്തിനു ആത്മവിശ്വാസമില്ല. ഭരണത്തുടര്‍ച്ച കേരളത്തിനു പതിവില്ലാത്തതിനാല്‍ യു.ഡിഎഫിന്റെ കാര്യമവിടിരിക്കട്ടെ. എന്നാല്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയുടെ കാര്യമോ?  ഭരണത്തിന്റെ വീഴ്ചകളെയും കൊളളരുതാഴ്മകളെയും തുറന്നു കാട്ടാനുളള രാഷ്ടീയമായ ഇച്ഛാശക്തിയും ആത്മധൈര്യവും അവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചു കാലം സര്‍ക്കാരിനെതിരെ ഒരു സമരം പോലും വിജയകരമായി നടത്താന്‍ സാധിക്കാത്ത പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മൂലധനം സരിത,ബിജു രമേശ് പോലുളള കുറ്റവാളികളുടെ സര്‍ക്കാര്‍ വിരുദ്ധമൊഴികള്‍ മാത്രമാണ്.
മറു വശത്താകട്ടെ അഞ്ചു വര്‍ഷം  കൂടുമ്പോഴെങ്കിലും അധികാരമില്ലാത്ത സാഹചര്യം ചിന്തിക്കാനാവാത്ത  അവസ്ഥയില്‍  പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്നു. എന്നാല്‍  ജനങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയുടെ കയ്യില്‍  പുതുതായി ഒന്നുമില്ല താനും. അതു കൊണ്ടാണ്  മണ്ണിന്റെ മണമുളള പാര്‍ട്ടിക്ക് ജനങ്ങളുടെ ദുരിതങ്ങള്‍ കാണുമ്പോള്‍ കരയാന്‍ ഗഌസറിന്‍ ആവശ്യമുളള നേതാക്കളെ തേടേണ്ടി വരുന്നത്. ഈ നീക്കം പാര്‍ട്ടിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ സീറ്റുകള്‍ നേടി കൊടുത്തേക്കാം. പക്ഷേ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന്റെ അപകടകരമായ അരാഷ്ട്രീയ വല്‍ക്കരണം വരും നാളുകളില്‍ പാര്‍ട്ടിയെ വേട്ടയാടുക തന്നെ ചെയ്യും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക