|    Oct 18 Thu, 2018 8:44 am
FLASH NEWS

സിനാന്‍ വധക്കേസ് : പ്രതികളെ വെറുതെവിട്ടു

Published : 19th September 2017 | Posted By: fsq

 

കാസര്‍കോട്: മുസ്്‌ലിം വിരോധത്തിന്റെ പേരില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി സിനാന്‍ എന്ന യുവാവിനെ കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമു-ആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സിടിഎം പെട്രോള്‍ പമ്പിന് സമീപത്തെ ഒരു കടയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ(21) കുത്തികൊലപ്പെടുത്തിയ കേസിലാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയച്ചത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കൊലപാതകം നടന്നിട്ടുണ്ടെങ്കിലും പ്രതികള്‍ ആരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധി ന്യായത്തില്‍ വ്യക്തമാക്കി. 2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുന്ന വഴിയില്‍ അസുഖബാധിതനായി കഴിയുന്ന സുഹൃത്തിന്റെ വീടായ ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങും വഴി ആന വാതുക്കലിന് സമീപം ഓവര്‍ ബ്രിഡ്ജിന് കീഴിലെ റോഡില്‍ വച്ച് മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കാസര്‍കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത 292/08 കേസിലെ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ സിഐ കെ ദാമോദരനാണ് പ്രതികളെ മംഗളുരുവിലെ പമ്പ് വയലില്‍ വച്ച് 2008 മെയ് മൂന്നിന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം കര്‍ണാടക സുബ്രഹ്മണ്യയിലെ ഒരു ആരാധനാലയത്തില്‍ എത്തിയ പ്രതികള്‍ പോലിസ് പിന്തുടര്‍ന്നുവെന്ന് മനസ്സിലാക്കി അവിടെ നിന്ന്് രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് കടക്കുന്നതിനിടയിലാണ് പിടിയിലാവുന്നത്. അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്, കിരണ്‍കുമാര്‍, നിതിന്‍ കുമാര്‍ എന്നിവരായിരുന്നു പ്രതികള്‍. 2008 ഏപ്രില്‍ 14ന് വിഷുദിനരാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം വച്ച് പള്ളം അച്ചപ്പ കോംപൗണ്ടിലെ സന്ദീപ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് സിനാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. സിനാനെ കൊലപ്പെടുത്താന്‍ കാരണം സന്ദീപിനെ കൊലപ്പെടുത്തിയതിന്റെ മുസ്്‌ലിം വിരോധമാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടികാട്ടിയിരുന്നു. സിനാന്‍ വധക്കേസില്‍ മൊത്തം 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 23 പേരെയാണ് കോടതി വിസ്തരിച്ചത്. കഴിഞ്ഞ മാസം 31ന് വിധിപറയേണ്ടിയിരുന്ന കേസ് മൂന്നു തവണ മാറ്റിവച്ചാണ് ഇന്നലെ വിധി പറഞ്ഞത്. വിധി പറയുന്ന പശ്ചാത്തലത്തില്‍ കോടതിയിലും പരിസരത്തും കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. പ്രതികളെ വെറുതെവിട്ട സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും പോലിസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. രാത്രി കാലങ്ങളില്‍ വാഹന പട്രോളിങ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് വിധി കേള്‍ക്കാന്‍ എത്തിയിരുന്നത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐമാരായ സി എ അബ്ദുര്‍റഹീം, ബാബു പെരിങ്ങയത്ത് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലിസുകാര്‍ കോടതിക്കകത്തും പുറത്തും നിലയുറപ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss