|    Jan 22 Sun, 2017 11:50 pm
FLASH NEWS

സിതാര പര്‍വീന്റെ വിയോഗം: തേങ്ങലടങ്ങാതെ സഹപാഠികള്‍

Published : 2nd October 2016 | Posted By: SMR

മലപ്പുറം: കണ്ണീരില്‍ കുതിര്‍ന്ന അന്തരീക്ഷത്തില്‍ തങ്ങളുടെ പ്രിയ സഹപാഠിക്ക് അവര്‍ യാത്ര നല്‍കി. ഒരുപാട് നല്ല ഓര്‍മകള്‍ ബാക്കിയാക്കി തലേദിവസം വരെ തങ്ങളുടെ ബെഞ്ചില്‍ തോളോടുതോള്‍ ചേര്‍ന്ന് കളിയും ചിരിയുമായി കഴിഞ്ഞ സിതാര പര്‍വീന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യാത്ര നല്‍കുമ്പോള്‍ അത് ഏവരുടെയും കണ്ണുകള്‍ നിറച്ചു. തിങ്കളാഴ്ച വൈകീട്ടുവരെ തങ്ങള്‍ക്കൊപ്പം കളിച്ചുല്ലസിച്ച സിതാര പര്‍വീന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകണ്ട് നിറക്കണ്ണുകളോടെയാണു സഹപാഠികളും അധ്യാപകരും യാത്രയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ മുറ്റത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് വിദ്യാര്‍ഥികളുടെ ഇടയിലേയ്ക്കു പാഞ്ഞുകയറിയ അപകടത്തിലാണ് സിതാര മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു സിതാരയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.
സിതാരയെ അവസാനമായി ഒരു നോക്കുകാണാന്‍ കൂട്ടുകാരും സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇത്തിള്‍പറമ്പിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തിയത്. മൃതദേഹം എത്തുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്നേ തന്നെ വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ 10.45ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സിതാരയുടെ വീട്ടിലെത്തി പിതാവ് അമീറിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
പി ഉബൈദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍, നഗരസഭാ അധ്യക്ഷന്‍ സി എച്ച് ജമീല, ഡിഡിഇ പി സഫറുല്ല, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍,അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവരെല്ലാം വീട്ടിലെത്തി അനുശോചനമറിയിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടോടെ മൃതദേഹം കോട്ടപ്പടി ചെത്തുപാലം ജുമാമസ്ജിദില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക