|    Dec 10 Mon, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിടി സ്‌കാന്‍ തകരാറിലായി; ചികില്‍സ ലഭിക്കാതെ മല്‍സ്യത്തൊഴിലാളി മരിച്ചു

Published : 13th November 2018 | Posted By: kasim kzm

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സിടി സ്‌കാന്‍ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നു ചികില്‍സ ലഭിക്കാതെ മല്‍സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പാണ്ഡ്യം പറമ്പില്‍ കൊച്ചുവാവ (75)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഉടന്‍ തന്നെ സിടി സ്‌കാനെടുക്കാന്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ സിടി സ്‌കാനിങ് സെന്ററില്‍ എത്തിച്ചെങ്കിലും വളരെ സമയം കഴിഞ്ഞാണ് സ്‌കാനിങ് മെഷീന്‍ തകരാറിലാണെന്ന വിവരം ജീവനക്കാര്‍ പറഞ്ഞത്. ഇതിനു ശേഷം രോഗിയുമായി ബന്ധുക്കള്‍ സ്‌കാന്‍ ചെയ്യുന്നതിനായി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അത്യാസന്ന നിലയിലായ രോഗിയെ സ്‌കാനിങ് നടത്താന്‍ കഴിയില്ലെന്നു ജീവനക്കാര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ രോഗിയെ വീണ്ടും വണ്ടാനത്തെത്തിച്ചു. സ്‌കാനിങ് നടത്തി പരിശോധനാ ഫലം ലഭിക്കാതെ ചികില്‍സ നടത്താന്‍ കഴിയില്ലെന്നു ഡോക്ടറും അറിയിച്ചു. ഇത്ര നേരം ചികില്‍സ ലഭിക്കാതെ വന്നതോടെ രോഗി മരണമടയുകയും ചെയ്തു.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൂടിയായ കൊച്ചുവാവയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹവുമായി സിടി സ്‌കാന്‍ സെന്ററിന് മുന്നില്‍ പ്രതിഷേധം നടത്തി. പിന്നീട് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്ന സൂപ്രണ്ടിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിക്ച്ചര്‍ ട്യൂബ് തകരാറിലായതോടെയാണ് നാല് ദിവസം മുമ്പ് സ്‌കാനിങ് നിലച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss