|    Oct 17 Wed, 2018 8:21 am
FLASH NEWS

സിഗ്‌നല്‍ ലൈറ്റ് ഗതാഗതക്കുരുക്കിന്ഇടയാക്കുന്നു; ജനകീയ പ്രതിഷേധം ശക്തം

Published : 30th December 2017 | Posted By: kasim kzm

മുക്കം: മുക്കം അങ്ങാടിയിലെ പി സി ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനാരംഭിച്ചതോടെ രൂക്ഷമായനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തേടി പൊതുജനങ്ങള്‍ രംഗത്ത്. ഗതാഗതം സുഗമമാക്കാന്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണ് എംഎല്‍എ യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് പി സി ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്.ഈ ലൈറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചതോടെ ഗതാഗതം സുഗമമാകുന്നതിനു പകരം ഗതാഗതകുരുക്ക് മുറുകുകയാണുണ്ടായതെന്ന് വാഹനമോടിക്കുന്നവരും പൊതുജനങ്ങളും പരാതിപ്പെടുന്നു. ടിപ്പര്‍ ലോറികളടക്കം കൂടുതല്‍ വാഹനങ്ങള്‍ എത്തുന്ന കാരശേരി ഭാഗത്തേക്കുള്ള (അരീക്കോട്) റോഡില്‍ ഏതു നേരവും വാഹനങ്ങളുടെ നീണ്ട നിര കാത്തുകെട്ടി കിടക്കേണ്ടി വരുന്നു. ഈ ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ ഒരു തവണ ഈ ഗതാഗത സ്തംഭനത്തില്‍ കുടുങ്ങി രക്ഷപെട്ട് അങ്ങാടിയിലൂടെ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് ബൈപ്പാസിലൂടെ പുറത്തു കടക്കുമ്പോള്‍ വീണ്ടും ഇതേ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയാണ്.സിഗ്‌നല്‍ ലൈറ്റിനോടു ചേര്‍ന്നു തന്നെ ഒരു ബസ് സ്റ്റോപ്പും ബസ് ബെയും ഉണ്ടങ്കിലും അത് ഉപയോഗിക്കാന്‍ പറ്റാതായി.ആ ബസ് സ്റ്റോപ്പ് ബൈപാസ് ജങ്ങ്ഷനും പി സി ജങ്ങ്ഷനും ഇടയില്‍ ഇരുജങ്ഷനുകളുടെയും ഏതാണ്ട് മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നതാണ്. പി സി ജങ്ഷനിലെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപെട്ട് ഏതാനും മീറ്റര്‍ ചെല്ലുമ്പോള്‍ മിനി സിവില്‍ സ്റ്റേഷന്റെ മുന്നിലെത്തിയാല്‍ വീണ്ടും കുരുക്കിലകപ്പെടുകയാണ്. ഇവിടെ താരതമ്യേന വീതി കുറഞ്ഞതും വളവുള്ളതുമായ റോഡില്‍ ഒരേ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലും ഒരേ സമയം ബസ്സുകള്‍ നിര്‍ത്തുന്നതാണ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തടസ്സമാകുന്നത്. ഇതു മൂലം ഫയര്‍ഫോഴ്‌സിന്റെ മുന്നില്‍ പോലും ഗതാഗത തടസ്സം നേരിടുന്നു. ഈ സ്റ്റോപ്പില്‍ ബസ്സുകള്‍നിര്‍ത്തി കാത്തിരുന്നു യാത്രക്കാരെകയറ്റിക്കൊണ്ടു പോകാന്‍ സ്വകാര്യ ബസ്സുകള്‍ പ്രത്യേകം താത്പര്യമെടുക്കുന്നതിന് പിന്നില്‍ അധികചാര്‍ജ് ഈടാക്കി യാത്രക്കാരെ കൊള്ളചെയ്യുകയെന്ന ദുരുദ്ദേശ്യവുമുണ്ട്. യാത്രക്കാര്‍ കയറുന്നത് അഗസ്ത്യന്‍ മുഴിയില്‍ നിന്നാണെങ്കിലും ഒരു കിലോമീറ്റര്‍ അകലെയുള്ള മുക്കത്തുനിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള നോര്‍ത്ത് കാരശ്ശേരിയില്‍ നിന്നും കയറുന്നവരുടെ ചാര്‍ജാണ് ഈടാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരിഹാരമാവശ്യപ്പെട്ട് പൊതുജനം രംഗത്തിറങ്ങി.ആദ്യപടിയായി ഗതാ ഗതവകുപ്പധികൃതര്‍ക്കം പൊതുമരാമത്തുവകുപ്പധികൃതര്‍ക്കും ഭീമ ഹര്‍ജി നല്‍കിക്കഴിഞ്ഞു.പൊലീസ്, നഗരസഭ അധികൃതരെ സമീപിക്കാനും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് നീക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss