|    Mar 21 Wed, 2018 10:28 am
Home   >  Kerala   >  

സിഗററ്റ് ബോംബ്, പൈപ്പ് ബോംബ്, പ്രഷര്‍ കുക്കര്‍ ബോംബ്…മലപ്പുറത്തെ ഇങ്ങിനെ അപമാനിക്കല്ലേ സര്‍…….

Published : 3rd November 2016 | Posted By: Navas Ali kn

cooker_bomb

ലോകത്ത് പലവിധ ബോംബുമുണ്ടെങ്കിലും സിഗററ്റ് ബോംബ് പ്രയോഗിച്ചത് മലപ്പുറം ജില്ലയില്‍ മാത്രമാകും. ഏകദേശം 25 വര്‍ഷം മുന്‍പാണ് മലപ്പുറത്ത് സിഗററ്റ് ബോംബ് പ്രത്യക്ഷപ്പെട്ടത്. ഉച്ചപ്പടങ്ങളിലൂടെ യുവാക്കളെ ഇളക്കിയിരുന്ന ജില്ലയിലെ ചില തിയറ്ററുകള്‍ക്കു മുകളിലാണ് അന്ന് സിഗററ്റ് ബോംബുകള്‍ വീണത്. ഓല മേഞ്ഞ തിയറ്റര്‍ ഷെഡിനു മുകളില്‍ ഉച്ച സമയത്ത് എരിയുന്ന സിഗരറ്റുകള്‍ വന്നു വീണാല്‍ സംഭവിക്കുന്നത് തന്നെ അന്നും സംഭവിച്ചു. തിയറ്ററുകള്‍ കത്തി. അന്ന് ലഷ്‌കറെ ത്വയ്യിബയും അല്‍ ഉമ്മയുമൊന്നും ഇല്ലായിരുന്നു. സിമിയെ ആണെങ്കില്‍ നിരോധിച്ചിട്ടുമില്ല. തീവ്രവാദി പ്രയോഗം കണ്ടുപിടിച്ചിട്ടുമില്ല. ഏഷ്യാനെറ്റ് തുടങ്ങിയിട്ടേ ഇല്ല. അതു കൊണ്ട് ബിജെപിയുടെ കവല പ്രസംഗങ്ങളിലും  കേസന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകളിലും മാത്രമായി സിഗററ്റ് ബോംബ് പ്രയോഗം കത്തി. കേസന്വേഷണമാകട്ടെ എവിടെയും എത്തിയില്ല. കത്തിയ തിയറ്റുകള്‍ ഓല ഷെഡിനു പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ച് അതിലേക്കു മാറി.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലപ്പുറത്ത് വീണ്ടും ബോംബ് പ്രത്യക്ഷപ്പെട്ടത്. കൂമംകല്ല് പലത്തിനടിയില്‍ നിന്നും ലഭിച്ച പൈപ്പ് ബോംബായിരുന്നു അന്നത്തെ വില്ലന്‍. ഇതിനിടെ തീവ്രവാദ ആരോപണങ്ങള്‍ സിമിക്ക് മാത്രമായി പതിച്ചു നല്‍കപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ കൊണ്ടോട്ടി സ്‌കൂളിലെ ഒരു അറബി അധ്യാപകനുള്‍പ്പടെ ചിലര്‍ പൈപ്പ് ബോംബ് കേസില്‍ പിടിയിലായി. കേസ് കോടതിയിലെത്തി. അവസാനം മഞ്ചേരി കോടതി അധ്യാപകനുള്‍പ്പടെ എല്ലാവരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. ‘ബോംബല്ലേ അത് മലപ്പുറത്ത് കിട്ടും എന്ന മോഹന്‍ ലാല്‍ പടത്തിലെ ഡയലോഗിലും, ‘മലപ്പുറത്ത് നടന്ന കലാപത്തിലാണ് അഛന് പരുക്കേറ്റത് എന്ന സത്യന്‍ അന്തിക്കാടിന്റെ വിനോദ യാത്ര സിനിമയിലെ പരാമര്‍ശത്തിലും മാത്രമായി പിന്നീട് മലപ്പുറത്തെ ബോംബ് സാന്നിധ്യം ഒതുങ്ങി. മലപ്പുറത്തെ കാശ്മീരായി പരിവര്‍ത്തിപ്പിക്കാനുള്ള ചിലരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോഴാണ് വീണ്ടും ഒരു ബോംബ് മലപ്പുറത്തിന് കിട്ടിയത്. പക്ഷേ അത് വെറും പ്രഷര്‍കുക്കര്‍ ബോംബായിരുന്നു. കണ്ണൂരിലും കോഴിക്കോട് നാദാപുരത്തും തൃശൂരിലുമൊക്കെ നല്ല തകര്‍പ്പന്‍ ബോംബ് ഉള്ളപ്പോള്‍ പാവം മലപ്പുറത്തിന് അവിടെയും അവഗണന. കേട്ടാല്‍ തന്നെ അപമാനം തോന്നുന്ന സാധനമാണ് കലക്ട്രേറ്റിലെ വാഹനത്തിനു സമീപം പൊട്ടിയത്. വെറും പ്രഷര്‍ കുക്കര്‍ ബോംബ്.
കോഴിക്കള്ളന്‍മാര്‍ കളവിനിറങ്ങുമ്പോള്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊന്നും കയ്യില്‍ കരുതാറില്ല. അത് കളവിനു ശേഷം അവിടെ ഉപേക്ഷിക്കാറുമില്ല. പക്ഷേ മലപ്പുറം കലക്ട്രേറ്റില്‍ ബോംബ് പൊട്ടിച്ച ഭീകരന്‍ വല്യുപ്പായുടെ ഫോട്ടോ, പ്രധാന മന്ത്രിയുടെയും പാര്‍ലമെന്റിന്റെയും ഫോട്ടോ, പെന്‍ഡ്രൈവ് എന്നിവയും ചില ഭീഷണി കുറിപ്പുകളും അവിടെ ഉപേക്ഷിച്ചു!!.ഭീകരന്‍ കല്‌ക്ട്രേറ്റിനു സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന്റെ ബില്ലും അവിടെ ഉപേക്ഷിച്ചുവെന്നും സംസാരമുണ്ട്. മലപ്പുറത്ത് പൊട്ടിയത് പ്രഷര്‍ കുക്കര്‍ ബോംബായാലും സുബ്രഹ്മണ്യന്‍ സ്വാമി പതിവുപോലെ വിഷവായ തുറന്നു. മലപ്പുറത്ത് പട്ടാള ഭരണം വേണം, അഫ്‌സ്പ പ്രയോഗിക്കണം എന്നൊക്കെയാണ് അങ്ങേരുടെ ചെറിയ ആഗ്രഹങ്ങള്‍. സമൂഹ നോമ്പുതുറ നടത്തിയും എയര്‍ലൈന്‍സ് ഹോട്ടലിലെ ബീഫ് ബിരിയാണി തട്ടിയും കാലം കഴിക്കുന്ന മലപ്പുറത്തെ താമര മാര്‍ക്ക് പൗരന്‍മാര്‍ ഇതൊക്കെ കേള്‍ക്കുന്നുണ്ടോ ആവോ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss