|    Dec 11 Tue, 2018 3:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിഖ് കൂട്ടക്കൊല കേസില്‍ പ്രതിക്ക് വധശിക്ഷ

Published : 21st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ യശ്പാല്‍ സിങി(55)നെ ഡല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. മറ്റൊരു പ്രതിയായ നരേഷ് ഷെറാവത്തി(68)നെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിഹാര്‍ ജയിലിലെ പ്രത്യേക കോടതിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അജയ് പാണ്ഡെയാണ് ശിക്ഷ വിധിച്ചത്. സിഖ് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണ് ഇന്നലെ പാട്യാല കോടതി വിധിച്ചത്. 2015ല്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുനരന്വേഷിച്ച അഞ്ചു കേസുകളിലെ ആദ്യ വിധിയാണിത്. കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പ്രതിയായ മറ്റു മൂന്നു കേസുകളില്‍ അന്വേഷണം നടക്കുകയാണ്.
ഡല്‍ഹി മഹിപാല്‍പൂരില്‍ ഹര്‍ദേവ് സിങ്, അവതാര്‍ സിങ് എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹര്‍ദേവ് സിങിന്റെ സഹോദരന്‍ സന്തോഖ് സിങ് നല്‍കിയ കേസിലാണ് ഇന്നലത്തെ വിധി. ശിക്ഷിക്കപ്പെട്ട പ്രതികളുള്‍പ്പെടെ 500ഓളം കലാപകാരികള്‍ പ്രദേശം കൊള്ളയടിക്കുകയും കടകള്‍ക്കു തീവയ്ക്കുകയും ചെയ്തതായി സന്തോഖ് സിങ് മൊഴി നല്‍കിയിരുന്നു. 1984ല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും 1986ല്‍ ഇവരെ കുറ്റവിമുക്തരാക്കി. പിന്നീട് സന്തോഖ് സിങ് ജസ്റ്റിസ് രംഗനാഥന്‍ മിശ്ര കമ്മീഷന് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് 1993ല്‍ വീണ്ടും മറ്റൊരു കേസെടുത്തത്. എന്നാല്‍, 1994ല്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചു.
2015ല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് പുനരന്വേഷിച്ച് 2017ല്‍ കുറ്റപത്രം നല്‍കി. 2018 നവംബര്‍ 15ന് ഇരുവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കോടതിക്കു പുറത്തു വച്ച് പ്രതികള്‍ക്കു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് വിധി പറയുന്നത് തിഹാര്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss