|    Sep 27 Wed, 2017 3:19 am
Home   >  Editpage  >  Lead Article  >  

സിക്കിം: പ്രകൃതിയിലേക്കു വീണ്ടും

Published : 31st December 2015 | Posted By: G.A.G

jaivaജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച പുലര്‍ച്ചെ, ദക്ഷിണ സിക്കിമിലെ സിങ്തം പട്ടണത്തിലെ കമ്പോളം ഉണരും മുമ്പേ ചുറ്റുമുള്ള പര്‍വതപ്രദേശങ്ങളില്‍ ആളനക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. കുന്നിറങ്ങി ചൂട്ടിന്റെ വെളിച്ചത്തില്‍ ആളുകള്‍ നടന്നുവരുകയാണ്. വെളിച്ചം പരക്കുന്നതോടെ നടന്നുവരുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും അടങ്ങുന്ന ജനസഞ്ചയം ദൃഷ്ടിപഥത്തിലെത്തുന്നു.
പാറക്കെട്ടുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ചുമലില്‍ ചാക്കുകളുമായി അവര്‍ നടന്നുവരുകയാണ്. ചാക്കുകളില്‍ ഇഞ്ചിയും ചോളവും പച്ചക്കറികളും ഏലവും മലഞ്ചരക്കുകളും വെള്ളരിയും പല തരം കിഴങ്ങുകളും. റോഡരികില്‍ അവര്‍ ഭാരം ഇറക്കിവച്ച് പട്ടണത്തിലെ കമ്പോളത്തിലേക്കു പോകുന്ന ജീപ്പിനായി കാത്തിരിപ്പ് തുടര്‍ന്നു. പലരുടെയും ചാക്കുകളില്‍ 80 കിലോ വരെ ഭാരം വരുന്ന സാമഗ്രികള്‍ ഉണ്ടായിരുന്നു.
കാത്തിരിക്കുന്ന സമയത്ത് സണ്ണി ഗ്രാമത്തിലെ ദിലീപ് റായി തന്റെ കുടുംബത്തെ പരിചയപ്പെടുത്തി. 42 വയസ്സുള്ള കര്‍ഷകനാണ് റായി. എല്ലാവരും കര്‍ഷകരാണ്. ഒരു സ്ത്രീ പാല്‍ വില്‍ക്കാനാണ് കമ്പോളത്തിലേക്കു പോവുന്നത്. പേരുകേട്ട ഡോളി പച്ചമുളകും മുള്ളങ്കിയുമായാണ് മറ്റൊരാള്‍. റായിയുടെ അമ്മയുടെ കൈവശം വെള്ളരിയും ചോളവുമാണ്. ബുദ്ധസന്യാസികള്‍ക്ക് പ്രിയപ്പെട്ട ചില നാടന്‍ പൂക്കളും അവരുടെ കൈയിലുണ്ട്. ഔഷധമൂല്യമുള്ള ഈ പൂക്കള്‍ അവര്‍ കുടിക്കാനുള്ള വെള്ളത്തില്‍ ഉപയോഗിക്കുന്നതാണ്. റായി എന്നെ അദ്ദേഹത്തിന്റെ കൃഷിക്കളം സന്ദര്‍ശിക്കാനായി ക്ഷണിച്ചു. തട്ടുതട്ടായി നിരന്നുനില്‍ക്കുന്ന കൃഷിഭൂമിയില്‍ പല തരത്തിലുള്ള ചെടികളും പച്ചക്കറികളും ഓറഞ്ച് പോലുള്ള ഫലവൃക്ഷങ്ങളും.
മന്ദറിന്‍ ഓറഞ്ചിന് സമീപകാലത്ത് ചില രോഗങ്ങള്‍ വരുന്നതായി പരാതി കേട്ടിരുന്നു. കീടങ്ങളാണ് അതിനു കാരണമാവുന്നത്. പഴങ്ങള്‍ മൂപ്പെത്തും മുമ്പ് ഞെട്ടറ്റു വീണുപോവും. നല്ല വില കിട്ടുന്ന ഓറഞ്ചായതിനാല്‍ അതു കൃഷി ചെയ്യാന്‍ സിക്കിം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വലിയ പ്രോല്‍സാഹനവും നല്‍കുന്നുണ്ട്. ധാരാളം കര്‍ഷകര്‍ മന്ദറിന്‍ ഓറഞ്ചുകൃഷിയിലിറങ്ങി; പലര്‍ക്കും നല്ല വിളവു കിട്ടുകയും ചെയ്തു. അപ്പോഴാണ് കീടങ്ങളുടെ ഉപദ്രവം വലിയൊരു തലവേദനയായത്.
പക്ഷേ, കര്‍ഷകര്‍ അതിനൊരു പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം എന്നെ ഓറഞ്ചു ചെടികളുടെ നഴ്‌സറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. മന്ദറിന്‍ ഓറഞ്ചും സില്‍വര്‍ ബിര്‍ച്ചും കൂട്ടിയൊട്ടിക്കുന്ന പുതിയൊരു കൃഷിരീതിയാണ് അദ്ദേഹം പരീക്ഷിക്കുന്നത്. അത്തരം മിശ്രിത ചെടികള്‍ക്ക് കീടങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കരുത്തുണ്ട്. സിക്കിമിലെ കൃഷിപഠനത്തിനായുള്ള പല വിദ്യാലയങ്ങളിലൊന്നില്‍ നിന്നാണ് ഈ വിദ്യ റായി സ്വായത്തമാക്കിയത്. ഇത്തരം വിദ്യാലയങ്ങളില്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കുന്ന കര്‍ഷകര്‍ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി പകരം നാടന്‍ സമ്പ്രദായങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിവരുകയാണ്. പരമ്പരാഗതമായ കൃഷിസമ്പ്രദായങ്ങള്‍ ഫലപ്രദമാണെന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നു.
അഞ്ചു വര്‍ഷം മുമ്പ് സ്ഥാപിതമായ സിക്കിം ഓര്‍ഗാനിക് മിഷന്‍ (എസ്ഒഎം) എന്ന ജൈവകൃഷി പ്രസ്ഥാനമാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്. 2015 അവസാനിക്കുമ്പോഴേക്കും ഹിമാലയസാനുക്കളിലെ ഈ ചെറുപ്രദേശത്തെ പൂര്‍ണമായും ജൈവകൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. പലരും പറയും, സര്‍ക്കാര്‍ ചെയ്യുന്നത് പണ്ടുമുതലേ സിക്കിമില്‍ നടപ്പുള്ള കൃഷിരീതികള്‍ വീണ്ടും പ്രചരിപ്പിക്കുക മാത്രമാണെന്ന്. എന്നാല്‍, വസ്തുതകള്‍ അതിനപ്പുറമാണ്. സിക്കിമിലെ കൃഷി, ഭക്ഷ്യവിഭവ കയറ്റുമതി വികസന അതോറിറ്റി(എപിഇഡിഎ)യുടെ ആഭിമുഖ്യത്തില്‍ ആഗോള ജൈവഭക്ഷ്യവിഭവ കമ്പോളത്തിലെ ഒരു സജീവ അംഗമായി മാറാനുള്ള നീക്കത്തിലാണ് സിക്കിം സര്‍ക്കാര്‍.
പ്രകൃതിസൗഹൃദപരമായ കൃഷിരീതികളില്‍ പണ്ടേ നിഷ്ണാതരായ സിക്കിമിനു പോലും എളുപ്പത്തില്‍ കയറിപ്പറ്റാവുന്നതല്ല ജൈവകൃഷിയുടെ ഈ ആഗോളകമ്പോളം. ”അമേരിക്ക പോലുള്ള രാജ്യങ്ങള്‍ സാധാരണ ജൈവവളം പോലും ഇത്തരം കാര്‍ഷിക വിഭവങ്ങളുടെ കാര്യത്തില്‍ ഉപയോഗിക്കാന്‍ സമ്മതിക്കില്ല. ജൈവകൃഷിയില്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം വളം ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും അന്താരാഷ്ട്ര ജൈവ കാര്‍ഷിക കമ്പോളത്തില്‍ മല്‍സരിക്കുകയെന്നത് എളുപ്പമല്ല” എന്നാണ് ജൈവകൃഷി മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എസ് അന്‍പഴകന്‍ തുറന്നുപറയുന്നത്.
എന്നാല്‍, വില്‍പനയ്ക്ക് ആഗോള ജൈവകമ്പോളം വരെ നോക്കേണ്ടതില്ല. സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലെ സജീവമായ കമ്പോളം കര്‍ഷകരുടെ പുതിയ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. നേരം വെളുക്കും മുമ്പുതന്നെ സമീപഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിഭവങ്ങളുമായി കമ്പോളത്തില്‍ എത്തിച്ചേരും. പല തരത്തിലുള്ള പച്ചക്കറികളും കിഴങ്ങുകളും ഫലങ്ങളും ഇലക്കറികളും പാല്‍വിഭവങ്ങളും ഒക്കെയായാണ് അവര്‍ വരുന്നത്. അതിനൊക്കെ നല്ല ആവശ്യക്കാരുമുണ്ട്. ജൈവകൃഷിരീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വിഭവങ്ങള്‍ തങ്ങളുടെ ആരോഗ്യത്തിന് അനുഗുണമാണെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാം. എല്ലാ ഞായറാഴ്ചയും ഈ കമ്പോളത്തില്‍ നല്ല തിരക്കാണ്. ജൈവകൃഷിരീതിയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട വിഭവങ്ങള്‍ തേടി ധാരാളം ഉപഭോക്താക്കള്‍ കമ്പോളത്തില്‍ എത്തിച്ചേരുന്നുണ്ട്.
സിക്കിമിനെ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോവുകയാണ്. മൊത്തം കൃഷിഭൂമിയായ 74,000 ഹെക്ടറില്‍ 50,000 ഹെക്ടറിലധികം ഇതിനകം സര്‍വേ നടത്തിക്കഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ യാതൊരുവിധ കൃത്രിമ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. മാതൃകാ കൃഷിത്തോട്ടങ്ങളും കൂട്ടുകൃഷിക്കളങ്ങളും ഉയര്‍ന്നുവന്നുകഴിഞ്ഞു. വിവിധ കൃഷിക്കാരുടെ കൃഷിയിടങ്ങള്‍ കൂട്ടുകൃഷി ഗ്രൂപ്പിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ്. അതിനാല്‍, ഓരോ കര്‍ഷകനും അയല്‍ക്കാരന്റെ കൃഷിയിലെ കാര്യങ്ങളില്‍ ഒരു കണ്ണുവയ്ക്കാന്‍ കഴിയും.
ശക്തമായ ഒരു പരിശോധനാ സംവിധാനവും എപിഇഡിഎ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ട്രാസെന്റ് എന്നാണ് ഇതിനു പേര്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഏതു സ്ഥലത്ത്, ആരാണ് തന്റെ ഉല്‍പന്നം കൃഷി ചെയ്തത് എന്നുപോലും കണ്ടെത്താനാവും. കൃത്രിമം കണ്ടെത്താനും തടയാനും വളരെ എളുപ്പത്തില്‍ സാധ്യമാവും. അതിനാല്‍ത്തന്നെ സിക്കിം ജൈവ ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണ് എന്ന ബോധം ഉപഭോക്താക്കളില്‍ വേരൂന്നുകയും ചെയ്യും. കര്‍ഷകര്‍ക്ക് ഇതു വളരെ പ്രധാനമാണ്. കാരണം, അവര്‍ അത്രയേറെ കഷ്ടപ്പെട്ടാണ് ജൈവകൃഷി നടത്തുന്നത്; പല തരം പ്രതിസന്ധികള്‍ നേരിട്ടാണ് ഉല്‍പന്നം കമ്പോളത്തിലെത്തിക്കുന്നത്.
പൂര്‍ണമായും രാസവിമുക്തമായ കൃഷിരീതിയിലേക്കുള്ള മാറ്റം പലര്‍ക്കും അത്ര എളുപ്പമായിരുന്നില്ല. അതിന്റെ കൂടെ കാലാവസ്ഥാ മാറ്റങ്ങളും മറ്റും കൊണ്ടുവരുന്ന പ്രശ്‌നങ്ങളും. അതിനാല്‍, ചെറുകിട കര്‍ഷകര്‍ക്ക് ഈ പുതിയ പരീക്ഷണങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. പല കാര്‍ഷികോല്‍പന്നങ്ങളും പ്രതിസന്ധി നേരിട്ടു. മന്ദറിന്‍ ഓറഞ്ച് അവയില്‍ ഒന്നു മാത്രമാണ്. വലിയ ഏലം സിക്കിമിലെ സവിശേഷമായ വിഭവമാണ്; പ്രധാന കയറ്റുമതി വരുമാനമാര്‍ഗവും. എന്നാല്‍, ഈയിടെ കടുത്ത രോഗബാധ അതിന്റെ ഉല്‍പാദനം കുറച്ചു. കാലാവസ്ഥാ വ്യതിയാനമാണ് രോഗബാധയ്ക്കു കാരണമെന്ന് കൃഷി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന്റെ ഫലമായി ഏലംകൃഷി നടത്തുന്ന പ്രദേശങ്ങള്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. രോഗബാധയുള്ള കൃഷിയിടങ്ങള്‍ തരിശിടാനാണ് അധികൃതര്‍ ഉപദേശിക്കുന്നത്. എട്ടു വര്‍ഷം അങ്ങനെ തരിശിട്ടാലേ ഭൂമി വീണ്ടും ഉല്‍പാദനക്ഷമത കൈവരിക്കുകയുള്ളൂ. ഇത്രയും കാലം കൃഷി ചെയ്യാതിരുന്നാല്‍ ഏതു കര്‍ഷകനും കുത്തുപാളയെടുക്കും എന്നു തീര്‍ച്ച.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക