|    Feb 21 Tue, 2017 10:54 pm
FLASH NEWS

സിഐടിയു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിയത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയെന്ന് പോലിസ്

Published : 9th November 2016 | Posted By: SMR

കൊച്ചി: സിഐടിയു ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ പിന്നില്‍ നിന്നും കുത്തിയത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയെന്ന് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. കരുതിക്കൂട്ടി വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്നാണ് പോലിസ് കരുതുന്നത്. അരിവാളിന്റെ ആകൃതിയിലുള്ള കത്തികൊണ്ട് പിന്നില്‍ നിന്നെത്തി കഴുത്തുലക്ഷ്യമാക്കി കുത്തുകയായിരുന്നു. രണ്ടാമതും കുത്താന്‍ ശ്രമിച്ചെങ്കിലും ഗോപിനാഥ് തട്ടിമാറ്റിയതിനാലാണ് രക്ഷപ്പെട്ടത്. കടുത്ത സിപിഎം വിരോധം മനസ്സില്‍ സൂക്ഷിക്കുന്നയാളാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. പാലാരിവട്ടം പോലിസിന്റെ കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണനെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. നോര്‍ത്ത് സിഐ ടി ബി വിജയനാണ് അന്വേഷണച്ചുമതല. വടകര സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ ഒന്നരവര്‍ഷത്തിലേറെയായി കലൂര്‍ പോണേക്കരയില്‍ വാടകയ്ക്കാണ് താമസം. ആദ്യം കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ജോലിക്ക് പോകാറില്ലെന്ന് പോലിസ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ നാട്ടില്‍നിന്ന് പോയിട്ട് 20 വര്‍ഷമായെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. വീടും പറമ്പും വിറ്റ് ജോലി തേടിയാണ് കൊച്ചിയിലേക്ക് പോയത്. രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ജേഷ്ഠന്റെ വീട്ടില്‍ വന്നിരുന്നു. കൊച്ചിയിലെ ടീ ഷര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നാണ് അന്ന് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുത്ത സിപിഎം വിരോധം മാത്രമാണ് ആക്രമകാരണമെന്ന് ഉണ്ണിക്കൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പോലിസ് അത് പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഇയാള്‍ ഒരു കാറിലാണ് സംഭവസ്ഥലത്തെത്തിയതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഇതേകുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. പാലാരിവട്ടം ജങ്ഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലിസ് പരിശോധിക്കും. വ്യക്തമായ ധാരണയോടെ ഗോപിനാഥിനെത്തന്നെ ലക്ഷ്യമാക്കിയാണ് പ്രതി എത്തിയതെന്നാണ് കരുതുന്നത്. പ്രതിയുടെ ആക്രമണശൈലി പ്രഫഷണല്‍ കില്ലറുടേതിനു സമാനമാണെന്ന് ഡോക്ടര്‍മാര്‍— പറയുന്നു. പ്രതിയുടെ ഫോണ്‍ വിശദാംശങ്ങളും കുടുംബപശ്ചാത്തലവും പരിശോധിക്കും. സിഐടിയു ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാകമ്മിറ്റി അംഗവുമായ ഗോപിനാഥ് ജില്ലയിലെ തൊഴിലാളി സമരങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നയാളാണ്. വര്‍ഷങ്ങളായി സിഐടിയു നേതൃത്വത്തിലുള്ള വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഭാരവാഹിയായും ഗോപിനാഥ് പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരേ സിഐടിയു നേതൃത്വത്തില്‍ ഓട്ടോത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് ആക്രമണം. ഇതിനുശേഷം മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തുന്ന സമരസ്ഥലത്തേക്കാണ് ഗോപിനാഥ് പോകാനിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക