|    Apr 19 Thu, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിഎഫ്ആര്‍ പരിധി: ആതിരപ്പിള്ളി പദ്ധതിക്ക് കടമ്പകളേറെ

Published : 8th February 2016 | Posted By: SMR

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുമ്പോഴും പദ്ധതി യാഥാര്‍ഥ്യമാക്കുക അത്ര എളുപ്പമാവില്ലെന്നു വിലയിരുത്തല്‍. പദ്ധതിക്കായി നിര്‍ണയിച്ചിരുന്ന വനഭൂമിയില്‍ അധിവസിക്കുന്ന ആദിവാസി ഗോത്രങ്ങള്‍ കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ് (സിഎഫ്ആര്‍) പരിധിയിലായതിനാല്‍ ഇവരുടെ സഹകരണമോ അനുമതിയോ ഇല്ലാതെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയില്ല.
ആതിരപ്പിള്ളി മേഖലയിലെ പ്രബല ആദിവാസി ഗോത്രങ്ങളാവട്ടെ പദ്ധതിക്കെതിരേ നാളുകളായി പ്രക്ഷോഭരംഗത്താണ്. ആതിരപ്പിള്ളി വനമേഖലയിലെ എട്ട് കാടര്‍ സെറ്റില്‍മെന്റുകളിലായി 163 കാടര്‍ കുടുംബങ്ങള്‍ക്കും ഒരു മലയര്‍ സെറ്റില്‍മെന്റിനും കഴിഞ്ഞ വര്‍ഷമാണ് വനം- ഗോത്ര ക്ഷേമ വകുപ്പുകള്‍ സിഎഫ്ആര്‍ പത്രിക നല്‍കിയത്. പദ്ധതിപ്രദേശത്തെ ചുറ്റി 40,000 ഹെക്ടര്‍ വനഭൂമിക്കാണ് സിഎഫ്ആര്‍. 2006ലെ ഈ നിയമപ്രകാരം സിഎഫ്ആര്‍ പരിധിയി ല്‍ വരുന്ന പ്രദേശങ്ങളുടെ സംരക്ഷണവും പരിപാലനവും നിയന്ത്രണവും പരമ്പരാഗതമായി പ്രദേശത്ത് അധിവസിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കാണ്. മാത്രമല്ല ഈ മേഖലയിലെ ഏതു തരത്തിലുള്ള പ്രവൃത്തിക്കും നിയമപരമായ അനുമതി അതത് ഗ്രാമസഭകളാണു നല്‍കേണ്ടത്.
ഗ്രാമസഭകള്‍ പദ്ധതി തള്ളിയാല്‍ അവ നടപ്പാക്കുക സാധ്യമല്ലെന്ന് നിയമത്തിലെ അഞ്ചാം വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. പദ്ധതി പ്രാവര്‍ത്തികമാക്കാനായി തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടന്നാല്‍ സിഎഫ്ആര്‍ നിയമം ഉപയോഗിച്ച് ഗ്രാമസഭ ചേര്‍ന്ന് അനുമതി തള്ളുമെന്ന് കാടര്‍ ഗോത്രവിഭാഗം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ പദ്ധതിയുടെ സാധ്യതകള്‍ കേന്ദ്രം പരിഗണിച്ചുവരുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ കഴിഞ്ഞദിവസം ആതിരപ്പിള്ളി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സിഎഫ്ആര്‍ നിയമ പരിധിയിലുള്ള പ്രദേശമായതിനാല്‍ വനംമന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കു ലഭിക്കാന്‍ സാധ്യത വിരളമാണ്.
ഒരു ഇടവേളയ്ക്കു ശേഷം ആതിരപ്പിള്ളി പദ്ധതി വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ പദ്ധതി നടപ്പാക്കുമെന്ന് നവകേരള മാര്‍ച്ചിനിടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ രൂക്ഷവിമര്‍ശനമാണ് സിപിഐയും എഐവൈഎഫും നടത്തിയത്.
പദ്ധതി എന്തു വിലകൊടുത്തും തടയുമെന്ന നിലപാടാണ് സിപിഐക്കുള്ളത്. സിപിഎമ്മിനെതിരേ കാടര്‍ വിഭാഗവും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുണ്ട്. പദ്ധതി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും ചാലക്കുടിയാറിനും ദോഷകരമായി ബാധിക്കില്ലെന്ന പിണറായിയുടെ അഭിപ്രായം കാര്യമറിയാതെയാണെന്ന് ചാലക്കുടി നദി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഡാം നിര്‍മിച്ചാല്‍ ചാലക്കുടിയാറിന്റെ സ്വാഭാവിക നീരൊഴുക്കില്‍ മാറ്റമുണ്ടാവും.
നദിയുടെ നാശത്തിനു കാരണമാവുമെന്നും അവര്‍ പറയുന്നു. ആതിരപ്പിള്ളി പദ്ധതി വ്യാപകമായ പരിസ്ഥിതി നാശത്തിനും വനമേഖലയിലെ അത്യപൂര്‍വ ജീവിവര്‍ഗത്തിന്റെ നാശത്തിനും കാരണമാവുമെന്ന് പരിസ്ഥിതി ആഘാത പഠനത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെങ്കില്‍ പദ്ധതിപ്രദേശത്ത് അധിവസിക്കുന്ന 163 കാടര്‍ കുടുംബങ്ങളെയും വാഴച്ചാലിലെ പൊകല്‍പ്പാറ സെറ്റില്‍മെന്റിലെ 71 കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നും കണ്ടെത്തി യിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss