|    Dec 11 Tue, 2018 12:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിഎജിയുടെ പക്ഷപാത നിലപാടിനെതിരേ മുന്‍ ഉദ്യോഗസ്ഥര്‍

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട്, നോട്ട് നിരോധനം എന്നീ വിഷയങ്ങളില്‍ എത്രയും വേഗം പരിശോധനാ റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി 60 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്ത് കോണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സിഎജി) നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഎജി കാലതാമസമെടുക്കുന്നത് അനുചിതവും യുക്തിക്കു നിരക്കാത്തതുമാണെന്ന് സിഎജിക്കയച്ച കത്തില്‍ ഇവര്‍ വ്യക്തമാക്കുന്നുണ്ട.്
കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അയച്ചു കൊടുത്തിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിഎജി മനപ്പൂര്‍വം റിപോര്‍ട്ട് അവതരണം വൈകിക്കുകയാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കത്തില്‍ ഉന്നയിക്കുന്നത്.
നോട്ട് നിരോധനം സാമ്പത്തിക മേഖലയെ, പ്രത്യേകിച്ച് നികുതിയിടപാടുകളെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കുമെന്ന് 2017 മാര്‍ച്ചില്‍ സിഎജി അറിയിച്ചിരുന്നു. ഇതു പറഞ്ഞിട്ട് 18 മാസം പിന്നിട്ടിട്ടും ഇതുവരെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള റിപോര്‍ട്ട് സിഎജി പുറത്തുവിട്ടിട്ടില്ല.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ സിഎജി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല. 2015 ഏപ്രിലില്‍ കരാര്‍ നിലവില്‍ വന്നിട്ട് 42 മാസം കഴിഞ്ഞു.
ഈ രണ്ടു വിഷയങ്ങളിലും സിഎജി റിപോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരി ഇടപാട് തുടങ്ങിയവയില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടും സിഎജി നടത്തിയ ഇടപെടല്‍ പ്രസംസനീയമായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം നോട്ട് നിരോധനത്തിലും റാഫേല്‍ ഇടപാടിലും കാണിക്കുന്ന സിഎജിയുടെ പക്ഷപാതപരമായ നിലപാട് അപലപനീയമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചവരും അംബാസഡര്‍മാര്‍, ഹൈക്കമ്മീഷനര്‍മാര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, അഡീഷനല്‍/പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നു വിരമിച്ചവരുമായി 60 പേരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss