|    Oct 23 Mon, 2017 5:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിഎആര്‍ കൊലപാതകങ്ങള്‍: ഉത്തരവാദിത്തം എയു സൈനികര്‍ക്ക്

Published : 2nd August 2016 | Posted By: SMR

ബാന്‍ഗ്വി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലെ (സിഎആര്‍) ബൊആലിയില്‍ ഗര്‍ഭിണിയടക്കം 12 പേരെ കൊലപ്പെടുത്തിയത് ആഫ്രിക്കന്‍ യൂനിയന്‍ സമാധാന സൈനികരെന്ന് മരിച്ചവരുടെ ബന്ധുക്കള്‍. കോംഗോയിലെ ബ്രസ്സവില്ലെയില്‍ നിന്നുള്ള എയു സൈനികരാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്ന് കൊല്ലപ്പെട്ടവരിലൊരാളായ കൊലോഫിയോ റോബര്‍ട്ടിന്റെ സഹോദരന്‍ കൗനമോണ്‍ മൗറിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആദ്യം ബൊആലിയില്‍ നിന്നു കാണാതായ റോബര്‍ട്ടിനെ ഒരു വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോംഗോയില്‍ നിന്നുള്ള ആഫ്രിക്കന്‍ യൂനിയന്‍ കമാന്‍ഡറുമായുള്ള പ്രശ്‌നങ്ങളാണ് റോബര്‍ട്ട് അടക്കമുള്ളവരുടെ വധശിക്ഷയിലേക്കു നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നതിനാല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പരിശോധിച്ചാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞത്. സിഎആറില്‍ എയു സൈനികരുടെ നിയന്ത്രണം ഏറ്റെടുത്ത യുഎന്‍ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷകന്‍ ലൂയിസ് മഡ്ജ് പറഞ്ഞു. 2013നും 2015നുമിടയില്‍ രാജ്യത്ത് യുഎന്‍, എയു സൈനികര്‍ നടത്തിയ 18 കൊലപാതകങ്ങളെക്കുറിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അന്വേഷണം നടത്തിയിരുന്നു.
ആരോപണ വിധേയരായ സൈനികരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടിയാണ് യുഎന്‍ സ്വീകരിക്കാറ്. സൈനികരെ തിരിച്ചയച്ചതുകൊണ്ടു മാത്രം തങ്ങള്‍ക്കു നീതി ലഭിക്കില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക