|    Jan 21 Sat, 2017 12:01 pm
FLASH NEWS

സിം കാര്‍ഡ് വാങ്ങാന്‍ ബ്രാഞ്ചുകളില്‍ വന്‍തിരക്ക്

Published : 25th August 2016 | Posted By: SMR

സലീം ഉളിയില്‍

മക്ക: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സിം കാര്‍ഡുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ബ്രാഞ്ചുകളിലെ പ്രത്യേക കൗണ്ടറുകളില്‍ വന്‍ തിരക്ക്. പല ബ്രാഞ്ചുകളിലും രാവിലെ മുതല്‍ നീണ്ട നിരയാണ് ദൃശ്യമായത്. മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യത്തു നിന്നുതന്നെ സൗദിയില്‍ ഉപയോഗിക്കാവുന്ന സിം കാര്‍ഡുകള്‍ നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ഈ വര്‍ഷം മുതല്‍ സിം കാര്‍ഡുകള്‍ നല്‍കുന്നില്ല.
ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സൗദി ടെലികോം കമ്പനി (എസ്ടിസി)യുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയത്.  മക്കയിലും അസീസിയ്യയിലുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള 13 ബ്രാഞ്ചുകളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. സിം കാര്‍ഡ് ലഭിക്കുന്നതിന് ഹാജിമാര്‍ക്ക് മുതവ്വിഫ് നല്‍കുന്ന ഫോട്ടോ പതിച്ച കാര്‍ഡ്, വിരലടയാളം എന്നിവയാണ് നല്‍കേണ്ടത്. മക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള 04, 22, 36, 46, 55, 83, 91, 100 കെട്ടിടങ്ങളിലും അസീസിയ്യയിലെ 173, 237, 284, 326, 356 എന്നീ കെട്ടിടങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന് ബ്രാഞ്ചുകളിലെത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുന്നുണ്ട്. പ്രായാധിക്യമുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നേരം നില്‍ക്കേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. മുതവ്വിഫ് കാര്‍ഡുള്ളവരുടെ വിരലടയാളം തന്നെ നല്‍കേണ്ടതിനാല്‍ സഹായികള്‍ക്ക് സിം എടുത്തുനല്‍കുന്നതിനും ബുദ്ധിമുട്ടുണ്ട്.
ഹറം പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ ഔട്ട്‌ലറ്റുകളുണ്ട്. ഇവിടങ്ങളിലും വിവിധ രാജ്യക്കാരുടെ നീണ്ട നിര ദൃശ്യമാണ്. അതിനിടെ, പല ഔട്ട്‌ലറ്റുകളിലും തിരക്ക് കാരണം കംപ്യൂട്ടര്‍ ശൃംഖലകള്‍ തകരാറിലാവുന്നതും തുടര്‍ക്കഥയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക