|    Aug 16 Thu, 2018 5:23 pm
Home   >  Sports  >  Cricket  >  

സിംഹള വീര്യത്തില്‍ ഇന്ത്യ ചാമ്പല്‍; സെമി ഫൈനലില്‍ കടക്കാന്‍ ഇനി ദക്ഷിണാഫ്രിക്കയെ വീഴ്ത്തണം

Published : 8th June 2017 | Posted By: ev sports

ലണ്ടന്‍: ശിഖാര്‍ ധവാന്റെ ചരിത്ര നേട്ടം വെറുതെയായി. ശ്രീലങ്കയുടെ യുവനിരയുടെ കൊലമാസ് ബാറ്റിങില്‍ ധവാന്റെ സെഞ്ച്വറി വെറും ഓര്‍മ. ആവേശംപ്പോരില്‍ ശ്രീലങ്ക ഏഴ് വിക്കറ്റിനാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടു്ത്ത 321 റണ്‍സിനെ 48.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസ്(89), ദനുഷ്‌ക ഗുണതിലക(76) എയ്ഞ്ചലോ മാത്യൂസ്(52*) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. നേരത്തെ ശിഖാര്‍ ധവാന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 321 റണ്‍സ് കണ്ടെത്തിയത്.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന കൂട്ടുകെട്ടാണ് ശിഖാര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപണിങില്‍ ഇന്ത്യക്ക് സമ്മാനിച്ചത്. ലങ്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറി നേടിയ ചരിത്രം അവകാശപ്പെടാനുള്ള രോഹിത് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ലങ്കന്‍ ബൗളര്‍മാര്‍ക്ക് താക്കീത് നല്‍കി. ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് രോഹിത് മുന്നേറിയപ്പോള്‍ ക്ഷമയോടെ ധവാന്‍ സ്‌ട്രൈക്ക കൈമാറി. സിസ്‌കര്‍ പറത്തി അര്‍ധ സെഞ്ച്വറി തികച്ച രോഹിത് കൂടുതല്‍ അപകടകാരിയ മുന്നേറവെ മലിംഗയുടെ സ്ലോ ബൗണ്‍സറില്‍ വിക്കറ്റ് തുലച്ചു. 79 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 78 റണ്‍സെടുത്ത രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 24.5 ഓവറില്‍ ഒര് വിക്കറ്റിന് 138 റണ്‍സെന്ന നിലയിലായിരുന്നു. ഓപണിങിലെ ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് 100ന് മുകളില്‍ സ്‌കോര്‍ സമ്മാനിക്കുന്നത് ഇത് 10ാം തവണയാണ്. സൗരവ് ഗാംഗുലിയും സചിന്‍ ടെന്‍ഡുല്‍ക്കറും ചേര്‍ന്ന് ഇന്ത്യക്കുവേണ്ടി നേടിയ 12 സെഞ്ച്വറി കൂട്ടുകെട്ടാണ് ഇനി ധവാനും രോഹിതിനും മുകളിലുള്ളത്.
രണ്ടാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങേണ്ടി വന്നു. നുവാന്‍ പ്രദീപിനെ സ്ലിപ്പിലൂടെ ഫഌക്ക് ചെയ്യാനുള്ള കോഹ്‌ലിയുടെ ശ്രമം ലങ്കന്‍ കീപ്പര്‍ നിരോഷന്‍ ഡിക്ക്‌വെല്ലയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിക്കുകയായിരുന്നു. മൂന്നാമന്‍ യുവരാജ് സിങും (7) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 33.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 179 എന്ന നിലയിലേക്കെത്തി. എന്നാല്‍ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന ധോണിയും(63)  ധവാനും ചേര്‍ന്ന് വീണ്ടും ഇന്ത്യക്ക് പുതു ജീവനേകി.ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യക്കുവേണ്ടി നേടിയത്. ധോണിയെ കാഴ്ചക്കാരനാക്കി ആക്രമിച്ച മുന്നേറിയ ധവാന്‍ ബൗണ്ടറി പറത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അത് വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. 128 പന്തില്‍ 15 ഫോറും ഒരു സിക്‌സറും പറത്തിയാണ് ധവാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ധവാന്‍ മടങ്ങിയതിന് പിന്നാലെ ആക്രമണത്തിന്റെ ചുമതല ഏറ്റെടത്ത ധോണി 52 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും പറത്തി 63 റണ്‍സ് നേടിയതാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 300 കടത്തിയത്. മധ്യനിരയിലെ ഇന്ത്യയുടെ പുത്തന്‍ കണ്ടെത്തല്‍ ഹര്‍ദിക് പാണ്ഡ്യ(9) നിരാശപ്പെടുത്തുയെങ്കിലും പുറത്താവാതെ 25 റണ്‍സ് നേടി കേദാര്‍ ജാദവ് ഇന്ത്യയെ 321 റണ്‍സിലേക്കെത്തിച്ചു.
മറുപടി ബാറ്റിങില്‍ തകര്‍ച്ചയോടെയാണ് ശ്രീലങ്ക തുടങ്ങിയത്. ഏഴ് റണ്‍സുമായി നിരോഷന്‍ ഡിക്ക് വെല്ല മടങ്ങുമ്പോള്‍ ശ്രീലങ്കയുടെ സ്‌കോര്‍ബോര്‍ഡില്‍ വെറും 11 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍  ഗുണതിലകയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ലങ്കയ്ക്ക് സമ്മാനിച്ചത് 159 റണ്‍സാണ്. കുശാല്‍ പെരേരയും(47) എയ്ഞ്ചലോ മാത്യൂസും(52*) ബാറ്റിങില്‍ താളം കണ്ടെത്തിയതോടെ ശ്രീലങ്ക അതിവേഗം വിജയത്തിലേക്കടുത്തു. കുശാല്‍ പെരേര റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്ത പോയതിന് പിന്നാലെ ക്രീസിലെത്തിയ അസീല ഗുണരത്‌ന(34*) ഇന്ത്യന്‍  ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയതോടെ എട്ട് പന്തുകള്‍ ബാക്കിയാക്കി ശ്രീലങ്ക വിജയം കണ്ടു. കുശാല്‍ മെന്‍ഡിസാണ് കളിയിലെ താരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss