|    Apr 29 Sat, 2017 9:06 am
FLASH NEWS
Home   >  Sports  >  Cricket  >  

സിംഹഗര്‍ജനത്തില്‍ കൊല്‍ക്കത്ത വീണു; ഗുജറാത്ത് ജയം നാല് വിക്കറ്റിന്

Published : 22nd April 2017 | Posted By: ev sports


കൊല്‍ക്കത്ത: മഴക്കും ഗുജറാത്തിന്റെ പോരാട്ടവീര്യത്തെ തണുപ്പിക്കാനായില്ല. മഴയില്‍ കുതിര്‍ന്ന മൈതാനത്ത് ഗുജറാത്തിന്റെ സിംഹകുട്ടികള്‍ സടകുടഞ്ഞെണീറ്റു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം മൈതാനത്ത് പടുത്തുയര്‍ത്തിയ 188 റണ്‍സ് വിജയ ലക്ഷ്യത്തെ 18.2 പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. സുരേഷ് റെയ്‌നയുടെ(84) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് നാല് വിക്കറ്റിന്റെ മിന്നും ജയം സമ്മാനിച്ചത്. ഓപണര്‍മാരായ ആരോണ്‍ ഫിഞ്ചും(31) ബ്രണ്ടന്‍ മക്കല്ലവും ഗുജറാത്തിന് വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്തു.
നേരത്തെ റോബിന്‍ ഉത്തപ്പയുടെ(72) അര്‍ധ സെഞ്ച്വറി പ്രകടനവും സുനില്‍ നരേയ്‌ന്റെ (42) ബാറ്റിങ് വെടിക്കെട്ടുമാണ് കൊല്‍ക്കത്തയെ 187 റണ്‍സ് എന്ന മാന്യമായ സ്‌കോറിലെത്തിച്ചത്. ഗുജറാത്തിന് വേണ്ടി ബേസില്‍ തമ്പി, പ്രവീണ്‍ കുമാര്‍, ജെയിംസ് ഫോക്‌നര്‍,സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
നരേയ്‌നെ ഓപണിങില്‍ പരീക്ഷിക്കുന്ന കൊല്‍ക്കത്തയുടെ തന്ത്രത്തിന് കരുത്ത് പകര്‍ന്ന് തല്ലിതകര്‍ത്ത് കളിച്ച നരേയ്ന്‍ 17 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും പറത്തിയാണ് 42 റണ്‍സ് നേടിയത്.  രണ്ടാമനായി ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പയും ബാറ്റിങില്‍ താളം കണ്ടെത്തിയതോടെ കൊല്‍ക്കത്തന്‍ സ്‌കോര്‍ബോര്‍ഡ് മികച്ച രീതിയിലേക്ക് കുതിച്ചു. 48 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 72 റണ്‍സാണ് ഉത്തപ്പ അടിച്ചെടുത്തത്.


കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം കൊല്‍ക്കത്തയുടെ വിജയ ശില്‍പ്പിയായ മനീഷ് പാണ്ഡെ അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 21 പന്തില്‍ 24 റണ്‍സെടുത്ത പാണ്ഡെയെ ബേസില്‍ തമ്പി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. യൂസഫ് പഠാന്‍ നാല് പന്തില്‍ 11 റണ്‍സെടുത്ത് കൊല്‍ക്കത്തന്‍ സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായക റണ്‍സുകള്‍ ചേര്‍ത്തു.
മറുപടി ബാറ്റിങില്‍ വെടിക്കെട്ട് വിരുന്നൊരുക്കിയ ഫിഞ്ചും മക്കല്ലവും തകര്‍പ്പന്‍ തുടക്കമാണ് ഗുജറാത്തിന്  സമ്മാനിച്ചത്. മഴമൂലം കളി തടസപ്പെട്ടെങ്കിലും പോരാട്ട വീര്യം കൈവിടാതെ കളിച്ച ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ ത്രസിപ്പിക്കുന്ന ബാറ്റിങാണ് ഗുജറാത്തിന് ആശ്വാസ ജയം സമ്മാനിച്ചത്. മധ്യനിരയില്‍ ദിനേഷ് കാര്‍ത്തിക്(3), ഇഷാന്‍ കിഷന്‍(4) ഡ്വെയ്ന്‍ സ്മിത്ത(5) എന്നിവര്‍ പരാജയപ്പെട്ടെങ്കിലും കൂടുതല്‍ അപകടം വരുത്താതെ രവീന്ദ്ര ജഡേജ(19) ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചു. ജയത്തോടെ ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയം നേടി നാല് പോയിന്റുകളുമായി ഗുജറാത്ത് ഏഴാം സ്ഥാനത്താണുള്ളത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day