|    Nov 15 Thu, 2018 10:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിംബാബ്‌വേ: സാനു പിഎഫ് പാര്‍ട്ടിക്ക് ഭൂരിപക്ഷം

Published : 2nd August 2018 | Posted By: kasim kzm

ഹരാരെ: സിംബാബ്‌വേയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സാനു പിഎഫ് പാര്‍ട്ടിക്ക് ഭൂരിപക്ഷം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 210 അംഗ പാര്‍ലമെന്റിലേക്ക് ഭരണകക്ഷിയായ സാനു പിഎഫ് 109 സീറ്റുകള്‍ നേടി. പ്രതിപക്ഷമായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് സഖ്യത്തിന് 41 സീറ്റുകളേ നേടാനായുള്ളൂ. 58 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടില്ല.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാന്‍ സാനു പിഎഫ് പാര്‍ട്ടിക്ക് ഇനി 30 സീറ്റുകള്‍ മാത്രമേ ആവശ്യമുള്ളൂ. തിരഞ്ഞെടുപ്പ് ഫലം സന്തോഷം നല്‍കുന്നതാണെന്ന് പാര്‍ട്ടി വക്താവ് നിക് മന്‍ഗ്വാന അറിയിച്ചു. ജനങ്ങള്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ടെന്നാണ് തിരഞ്ഞെടുപ്പ്ഫലം സൂചിപ്പിക്കുന്നതെന്നും ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇതു ഭരണപക്ഷം നിഷേധിച്ചു.
37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ മല്‍സരരംഗത്തില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് സിംബാബ്‌വേയില്‍ നടന്നത്. ആകെ 23 സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന തിരഞ്ഞെടുപ്പില്‍ സാനു പിഎഫ് പാര്‍ട്ടിയുടെ ഇമ്മേഴ്‌സണ്‍ നന്‍ഗ്വാഗെയും മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് സഖ്യത്തിലെ നെല്‍സണ്‍ ചമൈസയും തമ്മിലായിരുന്നു പ്രധാന മല്‍സരം. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് പട്ടാളത്തിന്റെ സഹായത്തോടെ പാര്‍ട്ടി മുഗാബെയെ സ്ഥാനഭ്രഷ്ടനാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss