|    Nov 24 Fri, 2017 7:30 am
FLASH NEWS
Home   >  Sports  >  Cricket  >  

സിംബാബ്‌വെ ശ്രീലങ്ക ഏകദിന പരമ്പര;സിംബാബ്‌വെയ്ക്ക് ചരിത്ര ജയം

Published : 30th June 2017 | Posted By: ev sports


ഗല്ലി: ശ്രീലങ്കന്‍ ക്രിക്കറ്റിന് മായ്ച്ചുകളയാനാവാത്ത നാണക്കേട് സമ്മാനിച്ച് സിംബാബ്‌വെ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്താണ് സിംബാബ്‌വെ വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 316 റണ്‍സിനെ 47.4 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ട്‌പ്പെടുത്തി സിംബാബ്‌വെ മറികടന്നു. സെഞ്ച്വറി നേടിയ സോളമന്‍ മൈറിന്റെ  (112) ബാറ്റിങാണ് സിംബാബ് വെയ്ക്ക് ചരിത്രജയം സമ്മാനിച്ചത്. സിയാന്‍ വില്യംസ് (65) സിക്കന്തര്‍ റാസ (67*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി സിംബാബ്‌വെ നിരയില്‍ തിളങ്ങി.
ലസിത് മലിംഗയെപ്പോലുള്ള ഇതിഹാസ ബൗളര്‍മാര്‍ അണിനിരന്നിട്ടും സിംബാബ്‌വെയുടെ പോരട്ടവീര്യത്തിനെ തടുത്തിടാന്‍ ശ്രീലങ്കയ്ക്കായില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന് പിഴച്ചില്ല. ഓപണര്‍ ധനുഷ്‌ക ഗുണതിലക (60), കുശാല്‍ മെന്‍ഡിസ് (86*) ഉപുല്‍ തരംഗ (79) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി കരുത്തുകാട്ടിയപ്പോള്‍ 50 ഓവറില്‍ 316 റണ്‍സെന്ന തരക്കേടില്ലാത്ത ടോട്ടലും ശ്രീലങ്ക പടുത്തുയര്‍ത്തി. അവസാന ഓവറില്‍ മാത്യൂസ് (43) തല്ലി തകര്‍ത്തതാണ് ശ്രീലങ്കന്‍ സ്‌കോര്‍ബോര്‍ഡിനെ 300 കടത്തിയത്. സിംബാബ്‌വെയ്ക്ക് വേണ്ടി ടെണ്ടെയ് ചതേര രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സോളമന്‍ മൈര്‍, ഗ്രമി ക്രിമര്‍, സിയാന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ താരങ്ങളില്‍ നിന്നും സ്വപ്‌നത്തില്‍പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ശ്രീലങ്ക നേരിട്ടത്. തുടക്കം മുതലേ ശ്രീലങ്കന്‍ ബൗളര്‍മാരെ തല്ലിതകര്‍ത്ത സോളമന്‍ മൈര്‍ സിംബാബ്‌വെയെ ചരിത്ര ജയത്തിലേക്ക് നയിക്കുകയായിരുന്നു. 96 പന്തില്‍ 14 ബൗണ്ടറികളടക്കം 112 റണ്‍സുമായി മൈര്‍ മടങ്ങുമ്പോള്‍ സിംബാബ്‌വെ സ്‌കോര്‍ ബോര്‍ഡ് 32.3 ഓവറില്‍ 207 എന്ന മികച്ച നിലയിലേക്കെത്തിയിരുന്നു. മധ്യനിരയില്‍ റാസയും വില്യസും ഉത്തരവാധിത്തതോടെ ബാറ്റു വീശിയപ്പോള്‍ 14 പന്ത് ശേഷിക്കെ 322 റണ്‍സുമായി സിംബാബ്‌വെ വിജയം സ്വന്തമാക്കി. സിംബാബ്‌വെയ്ക്ക് പുറത്ത് ടീം പിന്തുടര്‍ന്ന് വിജയം നേടുന്ന ഏറ്റവും വലിയ റണ്‍സാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക