|    Dec 12 Wed, 2018 2:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിംഗൂരില്‍ ടാറ്റയ്ക്ക് കര്‍ഷകരുടെ ഭൂമി നല്‍കിയ മുന്‍ സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി; ഭൂമി തിരിച്ചുനല്‍കണം

Published : 1st September 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റാ ഗ്രൂപ്പിന്റെ നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്ത 2006ലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. 12 ആഴ്ചയ്ക്കകം കര്‍ഷകര്‍ക്കുതന്നെ ഭൂമി തിരികെ നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നും ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കര്‍ഷകരെ മുന്‍ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഭൂമി ഏറ്റെടുത്തുനല്‍കിയത് പല കാരണങ്ങളാല്‍ നിയമപരമല്ലെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. കൂടാതെ ഇതു സംബന്ധിച്ച് രൂക്ഷവിമര്‍ശനവും ഉയര്‍ത്തി. കര്‍ഷകരുടെ അഭിപ്രായം തേടാതെ ധൃതിപ്പെട്ട് ഭൂമി ഏറ്റെടുക്കുകയായിരുന്നു സര്‍ക്കാര്‍. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഗുരുതര പിഴവാണിത്. പൊതു ആവശ്യത്തിനാണ് കൃഷിഭൂമി ഏറ്റെടുക്കേണ്ടത്. എന്നാല്‍ ഇത് സ്വകാര്യ ആവശ്യത്തിനാണെന്നു കരുതാനാവില്ല.
ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനം തട്ടിപ്പാണ്. 10 വര്‍ഷമായിട്ടും ഭൂമി ഉപയോഗിക്കാത്തതിനാല്‍ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാണ്. അതിനാല്‍, കര്‍ഷകര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം സര്‍ക്കാര്‍ തിരിച്ചുവാങ്ങരുതെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വി ഗോപാലഗൗഡ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. കര്‍ഷകരുടെ 997.1 ഏക്കര്‍ ഭൂമിയാണ് ബുദ്ധദേവ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 400 ഏക്കര്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ബലമായി ഏറ്റെടുത്തതായിരുന്നു.
കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ടാറ്റാ ഗ്രൂപ്പ് നിര്‍ബന്ധിതരായി. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷക പ്രതിഷേധം. തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യംകുറിക്കുകയും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു.  ടാറ്റയ്ക്ക് ഭൂമി വിട്ടുനല്‍കിയ നടപടി 2011ല്‍ മമത സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും കമ്പനി ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടി. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയില്‍ എത്തിയത്.
കോടതിവിധി ചരിത്രവിജയമാണെന്നും കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ ഇതിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. സിംഗൂരിലെ ഭൂമിക്കു വേണ്ടി പോരാടി മരിച്ചവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നു. തനിക്ക് ഇനി സമാധാനമായി മരിക്കാമെന്നും മമത വ്യക്തമാക്കി. സുപ്രിംകോടതി വിധിയെ നൃത്തം ചെയ്തും കൈകൊട്ടി പാടിയും മമത ബാനര്‍ജിക്ക് മുദ്രാവാക്യം വിളിച്ചുമാണ് സിംഗൂരിലെ കര്‍ഷകര്‍ സ്വാഗതം ചെയ്തത്.
എന്നാല്‍, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ക്ഷമാപണം നടത്തില്ലെന്ന് സിപിഎം ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. സിംഗൂരില്‍ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തത്. ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നത് തങ്ങള്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss