|    Mar 25 Sat, 2017 5:15 pm
FLASH NEWS

സിംഗൂരില്‍ ഇടതുസര്‍ക്കാരിന് തെറ്റ് പറ്റി: സിപിഐ

Published : 3rd September 2016 | Posted By: SMR

ഹൈദരാബാദ്: പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ കാര്‍ഫാക്ടറിക്കു വേണ്ടി ഭൂമി എറ്റെടുത്തതില്‍ മുന്‍ ഇടതുമുന്നണി സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ. വന്‍ വ്യവസായം കൊണ്ടുവരുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതെങ്കിലും അതിന്റെ രീതി ശരിയായിരുന്നില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ഭൂമി വിട്ടു നല്‍കാത്ത കര്‍ഷകരെ കാര്യം പറഞ്ഞ് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമായിരുന്നു. പകരം ഭൂമിയും കൂടുതല്‍ നഷ്ടപരിഹാരവും നല്‍കണമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തിലെല്ലാം സര്‍ക്കാരിന് തെറ്റുപറ്റി- അദ്ദേഹം പറഞ്ഞു.
സിംഗൂരില്‍ ഭൂമി എറ്റെടുത്ത മുന്‍ സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സുധാകര്‍ റെഡ്ഡി. വ്യവസായം കൊണ്ടുവരികയെന്ന നല്ല ഉദ്ദേശ്യമായിരുന്നു സര്‍ക്കാരിന് ഉണ്ടായിരുന്നത് എന്നതിനാല്‍ കര്‍ഷകരോട് മാപ്പ് പറയേണ്ടതില്ല. സിംഗൂര്‍ സംഭവത്തില്‍ നിന്ന് ഇടതുപക്ഷം പാഠം ഉള്‍ക്കൊള്ളണം. ഇത്തരം പിശകുകള്‍ ഉണ്ടാവരുത്. സിംഗൂര്‍ വിവാദം കര്‍ഷകരോടുള്ള ഇടതുമുന്നണിയുടെ സമീപനം നിഷേധാത്മകതയാണ് സൃഷ്ടിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അത് രാഷ്ട്രീയ നേട്ടമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിംഗൂരില്‍ ടാറ്റയ്ക്കുവേണ്ടി പശ്ചിമബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ സര്‍ക്കാര്‍ ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഐഎം ദേശീയ നേതൃത്വം. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ ഇടതു സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെന്നും ആ നിയമം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നില്ല എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം 2011ല്‍ കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപോര്‍ട്ടില്‍ തന്നെ സിംഗൂരിലെ ഭൂമി ഏറ്റെടുക്കലില്‍ ഭരണപരവും രാഷ്ട്രീയവുമായ തെറ്റുപറ്റിയെന്ന് പാര്‍ട്ടി സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക