|    May 28 Sun, 2017 6:41 am
FLASH NEWS

സാഹസിക യാത്രയ്‌ക്കൊടുവില്‍ എയ്‌റോബ്രിഡ്ജ് പദ്ധതി പ്രദേശത്ത്

Published : 1st September 2016 | Posted By: SMR

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്‌റോബ്രിഡ്ജ് പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പിലെത്തി. നാലു രാത്രി സഞ്ചരിച്ചാണ് മൂന്നു കൂറ്റന്‍ ട്രെയിലറുകള്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വിമാനത്താവള കവാടമായ കാരയിലെത്തിയത്.
വിമാനത്താവളത്തില്‍ ആവശ്യമായ എയ്‌റോ ബ്രിഡ്ജ് രണ്ടാഴ്ച മുമ്പ് ചൈനയില്‍നിന്നാണ് കപ്പലിലാണ് കണ്ണൂര്‍ അഴീക്കലിലെത്തിച്ചത്.  ശനിയാഴ്ച രാത്രി അഴീക്കലില്‍നിന്ന് റോഡുമാര്‍ഗം പുറപ്പെട്ട ട്രെയിലറാണ് ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ വിമാനത്താവള പദ്ധതി്രപദേശമായ മൂര്‍ഖന്‍പറമ്പിലെത്തിയത്. എയ്‌റോബ്രിഡ്ജ് കയറ്റിയ വാഹനം രണ്ടു രാത്രി കൊണ്ട് വിമാനത്താവളത്തിലെത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞില്ല.  റോഡിലെ വളവും കയറ്റവും വൈദ്യുതി ലൈന്‍ താഴ്ന്നതും മരക്കൊമ്പുകള്‍ റോഡിലേക്ക് താഴ്ന്ന് കിടക്കുന്നതുമാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ചാലോട് എത്തിയ ട്രക്കുകള്‍ രാത്രി പുറപ്പെട്ട് ഏഴു കിലോമീറ്റര്‍ ദൂരെയുള്ള വിമാനത്താവളത്തില്‍ പുലര്‍ച്ചെ മൂന്നോടെയാണ് എത്തിയത്. കണ്ണൂര്‍- മട്ടന്നൂര്‍ റോഡില്‍ നാഗവളവിലെ കയറ്റവും വളവും കൊതേരിയിലെ കയറ്റവും പ്രയാസമുണ്ടാക്കിയെങ്കിലും അഞ്ചു മണിക്കൂര്‍ കൊണ്ട് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ച് വിമാനത്താവളത്തിലെത്തുകയായിരുന്നു.
ചാലോട് മുതല്‍ മട്ടന്നൂര്‍ വരെയും വായാന്തോട്- അഞ്ചരക്കണ്ടി റോഡിലെയും വൈദ്യുതി ഓഫ് ചെയ്താണ് ട്രെയിലര്‍ കടത്തിവിട്ടത്. വിമാനത്താവള കവാടത്തിലെത്തിയ വാഹനത്തെ എല്‍ ആന്റ് ടി കമ്പനി അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് ടെര്‍മിനല്‍ ബില്‍ഡിങിന് സമീപം ക്രെയിന്‍ ഉപയോഗിച്ച്  എയ്‌റോ ബ്രിഡ്ജുകള്‍ ഇറക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day