|    Aug 17 Thu, 2017 11:33 am
FLASH NEWS

സാഹസിക നീന്തല്‍ താരം എസ് പി മുരളീധരന്റെ ജല സന്ദേശ യാത്ര നാളെ തുടങ്ങും

Published : 13th August 2017 | Posted By: fsq

 

തൊടുപുഴ: ജലാശയങ്ങളിലും മറ്റും കുട്ടികളുടെ മുങ്ങിമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിനായി സാഹസിക നീന്തല്‍ താരം എസ് പി മുരളീധരന്റെ ജല സന്ദേശ യാത്രക്ക് ജില്ലയില്‍ നാളെ തുടക്കമാകും. പൊതു വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ 1.15ന് തൊടുപുഴ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുങ്ങിമരണങ്ങളെ പ്രതിരോധിക്കാനും കുട്ടികളിലും യുവാക്കളിലും ജല സുരക്ഷാ അവബോധം നല്‍കുന്നതുമായാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്. പാക്ക് കടലിടുക്ക്, ബോംബെ കടലിടുക്ക്, എന്നിവ നീന്തിക്കടന്ന ആദ്യ മലയാളി, കന്യാകുമാരി ത്രിവേണി സംഗമത്തിലെ നീന്തല്‍ ദൗത്യം പൂര്‍ത്തീകരിച്ചതിലൂടെ ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ലോകോത്തര നീന്തല്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതുള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ നീന്തല്‍ താരമാണ് മുരളീധരന്‍. ജല സമ്പന്നമായ നാട്ടില്‍ പ്രാഥമിക ജല പരിചയം പോലുമില്ലാതെയും പഠിക്കാന്‍ അവസരമില്ലാതെയും ഓരോ ദിവസവും ഒട്ടേറെ കുട്ടികളും യുവാക്കളുമാണ് മുങ്ങിമരണത്തിനിരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതു വിദ്യാലയങ്ങളിലും മറ്റു വിദ്യാഭ്യാ സ്ഥാപനങ്ങലിലും ജല സുരക്ഷ അവബോധം നല്‍കുന്നതിനും മുങ്ങിമരണങ്ങളെ പ്രതിരോധിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നീന്തല്‍ അറിയാത്തവര്‍ക്ക് എങ്ങിനെ സുരക്ഷ ഒരുക്കാം, അപകടത്തില്‍പെടുന്നവരെ എങ്ങനെ രക്ഷപെടുത്താം, നീന്തല്‍ കായികക്ഷമത, മല്‍സരങ്ങള്‍, തൊഴില്‍ സാധ്യത എന്നിവയാണ് പ്രതിപാദിക്കുന്നത്. മുരളീധരന്‍ രചിച്ചിരിക്കുന്ന ജലരാശി എന്ന നീന്തല്‍ പുസ്തകം സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സഞ്ചരിക്കുന്ന നീന്തല്‍ക്കുളം വാങ്ങി വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കം  മുതല്‍ സഞ്ചരിക്കുന്ന നീന്തല്‍ക്കുളം വഴി  5000ഓളം കുട്ടികള്‍ക്ക് പ്രാഥമിക നീന്തല്‍ പരിശീലനം നല്‍കാനും  പദ്ധതിയുണ്ട്. സേവ് വാട്ടര്‍ സേവ് ലൈഫ് സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിള്‍ സൊസൈറ്റി, കലാം വാരിയേഴ്‌സ് കേരള ഘടകം എന്നിവയുടെ നേതൃത്വത്തിലാണ് ജല സുരക്ഷ യാത്ര നടത്തുന്നത്. ജോയിസ് ജോര്‍ജ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. കലാം വാരിയേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് ടി പി അനൂപ്, പി ജി ജയച്ചന്ദ്രന്‍, കെ സി അനില്‍കുമാര്‍, ടി കെ രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക