|    Feb 25 Sun, 2018 10:57 am

സാഹസിക നാവിക പര്യടനയാത്ര വൈപ്പിനില്‍

Published : 29th January 2017 | Posted By: fsq

 

വൈപ്പിന്‍: എറണാകുളം ആസ്ഥാനമായിട്ടുള്ള സെവന്‍ത്ത് കേരള നേവല്‍ എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹസിക നാവിക പര്യടനയാത്ര വൈപ്പിനില്‍. കൊച്ചി നേവല്‍ബേസില്‍ നിന്നും ജനുവരി 27 ന് രാവിലെ ആരംഭിച്ച പര്യടനമാണ് കോട്ടപ്പുറം മുസിരിസ് യാര്‍ഡ്് വഴി നാല്‍പ്പത് കിലോമീറ്ററോളം സഞ്ചരിച്ച ശേഷം വിശ്രമത്തിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെത്തിയത്. നാവികസേനയുടെ പ്രത്യേകം സജ്ജീകരിച്ച പായ് വഞ്ചിയിലാണ് സംഘം പര്യടനം നടത്തുന്നത്. 27 ഡി കെ വെയ്‌ലര്‍ എന്ന പേരുള്ള രണ്ട് പ്രത്യേകയിനം പായ് വഞ്ചികളിലാണ് യാത്ര. ഒരു പായ് വഞ്ചിയില്‍ ആറ് പേരുണ്ടാകും. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് പായ് വഞ്ചി നീങ്ങുന്നത്. കാറ്റിന്റെ ആനുകൂല്യം ലഭിക്കാത്ത ഘട്ടങ്ങളില്‍ തുഴ ഉപയോഗിച്ചായിരിക്കും യാത്ര. ഇതോടൊപ്പം നാവികസേനയുടെ ഒരു ബോട്ടും സംഘത്തെ അനുഗമിക്കുന്നുണ്ട്. 36 സീനിയര്‍ ഡിവിഷന്‍ കേഡറ്റുകളും നാവികസേനാംഗങ്ങളടക്കം പത്ത് യൂനിറ്റംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംഘം. കേഡറ്റുകളില്‍ 12 പേര്‍ പെണ്‍കുട്ടികളാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന പരിശീലനം വൈകീട്ട് 5 വരെ നീണ്ടു നില്‍ക്കും.ദീര്‍ഘദൂര നാവിക പര്യടനം കേഡറ്റുകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ചിട്ടുള്ള എട്ടു ദിവസം ദൈര്‍ഘ്യമുള്ള പര്യടനത്തില്‍ 310 കിലോമീറ്ററോളം സഞ്ചരിക്കാനാണ് പദ്ധതി. കൊച്ചിയില്‍ നിന്ന് കോട്ടപ്പുറം വരെയും അവിടെ നിന്ന് ആലപ്പുഴയിലെത്തി തിരിച്ച് കൊച്ചിയിലേക്കുമാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്.  ജനുവരി 27 നാണ് ആരംഭിച്ച പര്യടനം കൊച്ചി നേവല്‍ ബേസില്‍ നിന്നും എന്‍സിസി എറണാകുളം കമാണ്ടര്‍ കമഡോര്‍ ആനന്ദ് ബാലകൃഷ്ണനാണ് ഫഌഗ് ഓഫ് ചെയ്തത്.  രണ്ടാം ദിവസത്തെ പരിശീലനപര്യടനത്തിന് മുന്നോടിയായി എന്‍സിസി കമാന്‍ഡിങ്ങ് ഓഫിസര്‍ ക്യാപ്റ്റന്‍ സഞ്ജയ് ജയ്‌സ്‌വാള്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂളിലെ നേവല്‍ എന്‍സിസി കേഡറ്റുകള്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെറി ബെനഡിക്ട്, എന്‍സിസി തേഡ് ഓഫിസര്‍ സുനില്‍ മാത്യു, അധ്യാപകനായ ടി എസ് അരുണ്‍  സംസാരിച്ചു. യാത്ര ഫെബ്രുവരി മൂന്നിന് അവസാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss