|    Feb 27 Mon, 2017 1:07 am
FLASH NEWS

സാഹസിക ടൂറിസത്തിലേക്ക് വാതായനം തുറന്ന് പുരളിമല

Published : 31st October 2016 | Posted By: SMR

മട്ടന്നൂര്‍: ഉത്തര മലബാറിലെ സാഹസിക വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയൊരു പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് മാലൂരിലെ പുരളിമല. പതിറ്റാണ്ടുകളായി പുറംലോകം അറിയാതെ കിടന്ന പുരളിമലയുടെ നിഗൂഢതകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ പി ജയരാജന്‍ എംഎല്‍എ നടത്തിയ ശ്രമങ്ങളാണ് ഏറെക്കാലത്തിനു ശേഷം പുരളിമലയുടെ ടൂറിസം സാധ്യതകളിലേക്കു വാതില്‍ തുറന്നത്. സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയുടെ ഒരു ഭാഗത്തേക്ക് റോഡ് പണിതതോടെ നിരവധി സഞ്ചാരികളാണ് ദിനേന ഇവിടേക്ക് എത്തുന്നത്. മാലൂര്‍ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ തവണ ഡിടിപിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എ വിശദമായ പദ്ധതി സമര്‍പ്പിക്കുകയായിരുന്നു. റോപ് വേ, പോളി ഹൗസ്, ലൈറ്റിങ്, മഡ് ഹൗസ്, ലാന്‍ഡ് സ്‌കേപിങ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍ സെറ്റ് വ്യൂ, വാച്ച് ടവര്‍ തുടങ്ങി അഞ്ചു കോടിയിലേറെ രൂപ ചെലവുവരുന്ന പദ്ധതിയാണിത്. ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍. തലശ്ശേരി-കൂത്തുപറമ്പ് ഉരുവച്ചാല്‍ വഴിയും, കാക്കയങ്ങാട്-മുഴക്കുന്ന് -പെരിങ്ങാനം വഴിയും, തില്ലങ്കേരി-ആലാച്ചി മച്ചൂര്‍മല വഴിയും ഉളിയില്‍-തെക്കംപൊയില്‍-പള്ള്യം-മച്ചൂര്‍ മല വഴിയും, അയ്യല്ലൂര്‍ ശിവപുരം മാലൂര്‍ വഴിയും പുരളിമലയില്‍ എത്തിച്ചേരാം. സമുദ്രനിരപ്പില്‍നിന്നു 3,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതാണ് പുരളിമല. അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം, മലകളും താഴ്‌വാരവും അടക്കം നാലുവശത്തും പ്രകൃതി ഒരുക്കിയ അതിമനോഹര കാഴ്ച എന്നിവ ദര്‍ശിക്കാം. ഏത് കൊടുംവേനലിലും നിലയ്ക്കാത്ത നീരുറവകളും ചെറു വെള്ളച്ചാട്ടങ്ങളും കൊച്ചരുവികളും ഇവിടെയുണ്ട്. കൊഞ്ചന്‍കുണ്ട്, പൂവത്താര്‍കുണ്ട് എന്നീ ജലാശയങ്ങളില്‍നിന്ന് താഴേക്കുള്ള ചെറുവെള്ളച്ചാട്ടങ്ങളും അരുവികളും ചിലതു മാത്രം.ചരിത്രപരമായ വിശേഷണങ്ങളാല്‍ സമ്പന്നമാണ് പുരളിമല.  കേരളവര്‍മ പഴശ്ശിരാജയുടെ സൈനികകേന്ദ്രമാണ് ഇതില്‍ പ്രധാനം. കുറിച്യ പടയാളികളുമൊത്ത് പുരളിമലയില്‍ ഒളിവില്‍ കഴിഞ്ഞ പഴശ്ശി രാജാവ് പിന്നീട് ബ്രിട്ടിഷ് പട്ടാളം വളഞ്ഞപ്പോള്‍ വയനാടന്‍ കുന്നുകളിലേക്കു രക്ഷപ്പെട്ടതായി ചരിത്രരേഖകള്‍ പറയുന്നു. ഹരിശ്ചന്ദ്രന്‍ കോട്ടയും കോട്ടയുടെ മറ്റ് അവശിഷ്ടങ്ങളും ഇപ്പോഴും കാണാം. കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച 64 കളരികളില്‍ ഒന്നായ പിണ്ഡാലി ഗുരുക്കന്‍മാരുടെ കളരിക്കല്‍ കളരിയും പുരളിമലയുടെ താഴ്‌വരയിലാണ്. തിരുവിതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ, കേരളവര്‍മ പഴശ്ശിരാജ തുടങ്ങിയ രാജാക്കന്‍മാര്‍ വരെ കളരി അഭ്യസിച്ച ഇവിടെ കതിരൂര്‍ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം വെട്ടിയിരുന്നതായും പറയപ്പെടുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വളരെ അടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ വിദേശികള്‍ക്കും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സഞ്ചാരികള്‍ക്കും എളുപ്പം എത്തിച്ചേരാം. വിമാനത്താവളത്തിന്റെ പ്രധാന സിഗ്‌നല്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നതും പുരളിമലയില്‍ തന്നെ. ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും വിമാനത്താവളത്തിന്റെ അടുത്ത പ്രദേശവുമായതുകൊണ്ടാണ് സിഗ്‌നല്‍ സ്‌റ്റേഷന്‍ ഇവിടെ സ്ഥാപിച്ചത്. ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ പുരളിമലയിലേക്കുള്ള അനുബന്ധറോഡുകളും മറ്റും വികസിക്കും. പ്രദേശവാസികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day