|    Jan 20 Fri, 2017 7:30 am
FLASH NEWS

സാഹചര്യങ്ങള്‍ മാനദണ്ഡങ്ങള്‍

Published : 12th November 2015 | Posted By: G.A.G

മതപരിത്യാഗത്തിനു വധശിക്ഷയോ? -5

അബ്ദുല്‍ ഹമീദ് അബൂസുലൈമാന്‍

വിവ: കലീം

ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കുകയും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്ന ഒരാളും ഇസ്‌ലാമില്‍ നിന്നു പിന്തിരിയുമെന്ന ആശങ്ക വേണ്ട. അതേയവസരം സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വ്യക്തിയുടെയും പരാജയം മതപരിത്യാഗത്തിനു വഴിവച്ചേക്കാം. സമൂഹത്തിനു പൊതുവിലും തലമുറയ്ക്കു വിശേഷിച്ചും മതിയായ ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ചിലപ്പോള്‍ സമൂഹം അനാസ്ഥ കാണിക്കുന്നു. ചില സ്ഥാപനങ്ങളും സംഘടനകളും അമിത നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ശിക്ഷാ മുറകള്‍ നടപ്പാക്കുകയും ചെയ്യുന്നു. ഇസ്‌ലാമിനെപ്പറ്റി തെറ്റിദ്ധാരണയുളവാക്കാന്‍ അതൊക്കെ കാരണമാവുന്നു.

അജ്ഞതകൊണ്ടും മനോവിഭ്രമം കൊണ്ടും മതപരിത്യാഗമുണ്ടാവാം. കൂടുതല്‍ അറിവ് നല്‍കിക്കൊണ്ടോ ചികില്‍സയ്ക്ക് പ്രേരിപ്പിച്ചോ അത്തരം വ്യതിചലനങ്ങള്‍ തടയാന്‍ പറ്റും. മുസ്‌ലിംകള്‍ക്കിടയിലുള്ള അനാവശ്യമായ വിവാദങ്ങളും അനാചാരങ്ങളും ഇസ്‌ലാമിനെപ്പറ്റി ചെടിപ്പുണ്ടാക്കിയെന്നുവരും. എന്നാല്‍, എന്തു ചെയ്തിട്ടും ഇസ്‌ലാമിലേക്ക് തിരിച്ചു വരാത്തവരുണ്ടാവും. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.ദാരിദ്ര്യം, തൊഴിലില്ലായ്മ, മതപരമായ അജ്ഞത, യൗവ്വനത്തിന്റെ നിഷ്‌കളങ്കത, തിടുക്കം, അമിത പ്രതീക്ഷ, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, മതംമാറ്റത്തിനു പ്രേരിപ്പിക്കുന്ന സംരംഭങ്ങള്‍ എന്നിവ മതപരിത്യാഗത്തിനു പ്രേരണയാവുന്നുണ്ട്. മതപരിവര്‍ത്തനം പ്രത്യേകമായ ലക്ഷ്യത്തോടെ നടക്കാം. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്തുക, കലാപം ചെയ്യുക തുടങ്ങിയ ഉദേശ്യത്തോടെ നടക്കുന്ന മതപരിത്യാഗം വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല. സായുധ സമരം, ഭൂമിയില്‍ നാശമുണ്ടാക്കുക എന്നതൊക്കെ കുറ്റകൃത്യങ്ങളാണ്; അവക്കുള്ള ശിക്ഷ സാഹചര്യങ്ങള്‍ക്കനുസരിച്ചാവും.എന്നാല്‍, വ്യക്തിപരമായ ശാഠ്യം കൊണ്ടോ ആശയക്കുഴപ്പം കൊണ്ടോ അജ്ഞതയും പക്ഷപാതവും മൂലമോ ഒരു വ്യക്തി ഇസ്‌ലാം ഉപേക്ഷിക്കുമ്പോള്‍ അയാള്‍ക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്തം. അയാളെ തിരികെ വരാന്‍ പ്രേരിപ്പിക്കാം.

ഖുര്‍ആന്‍ പറയുന്നു: യുക്തിയോടെയും സദുപദേശത്തോടെയും ജനങ്ങളെ നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുക (16:125). ചീത്ത ലക്ഷ്യത്തോടെ മുസ്‌ലിംകളെ വഞ്ചിക്കാനായി ഇസ്‌ലാം സ്വീകരിക്കുകയും പിന്നീടത് ഉപേക്ഷിക്കുകയും ചെയ്ത യഹൂദന്മാര്‍ മദീനയിലുണ്ടായിരുന്നു. പ്രഭാതത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പ്രദോഷത്തില്‍ അവിശ്വസിക്കുകയും ചെയ്യുക (3:72). എന്നാല്‍, ഈ കുറ്റത്തിന് ഖുര്‍ആന്‍ ഐഹിക ശിക്ഷ നിര്‍ദേശിക്കുന്നില്ല. പക്ഷേ, ഭരണാധികാരിയെന്ന നിലയ്ക്ക് പ്രവാചകന്‍ അത്തരം ചതിയോട് പ്രതികരിച്ചു; മതപരിത്യാഗത്തിനു വധമാണ് ശിക്ഷ എന്നു പ്രഖ്യാപിച്ചു. രാഷ്ട്രീയമായ ഒരു കുറ്റത്തിനുള്ള ശിക്ഷാവിധിയായിരുന്നുവത്. മുസ്‌ലിംകള്‍ക്കെതിരേയുള്ള ഗൂഢാലോചന മുളയില്‍ തന്നെ നുള്ളുന്നതിന് അതു കാരണമായി.ചതി, വിഭാഗീയത, പരിഹാസം എന്നിവ ഉപയോഗിച്ച് ഇസ്‌ലാമിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെ പ്രതിരോധിക്കാന്‍ പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചു. അക്കാലത്ത് അവര്‍ വാദപ്രചാരണത്തിനുപയോഗിച്ചിരുന്ന ശക്തമായ മാധ്യമം കവിതയായിരുന്നു. മുസ്‌ലിംകളുമായി സംവദിക്കുകയും ഇസ്‌ലാമിനെ വിമര്‍ശിക്കുകയും ചെയ്യുന്നതിനു പകരം ഇസ്‌ലാമിനെയും പ്രവാചകനെയും അനുയായികളെയും പരിഹസിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നു പ്രവാചകന്‍ പ്രഖ്യാപിച്ചു. ഇന്നു പാശ്ചാത്യ കാര്‍ട്ടൂണുകളും നോവലുകളും ചലച്ചിത്രങ്ങളും ചെയ്യുന്ന അതേ വിനാശകരമായ പ്രവൃത്തിയാണ് അക്കാലത്ത് ഹാസ്യകവിതകള്‍ ചെയ്തിരുന്നത്. (ഇന്ന് പരിഷ്‌കൃത സമൂഹത്തില്‍ മനുഷ്യാന്തസ്സും പവിത്രതയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പുറത്താണെന്നു വ്യക്തമാക്കുന്ന നിയമങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, നാത്‌സികളുടെ യഹൂദ പീഡനം നിഷേധിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലും കുറ്റമാണ്. രാജാവിനെ വിമര്‍ശിക്കുന്നത് വിലക്കുന്ന ജനാധിപത്യ രാജ്യങ്ങളുണ്ട്. വംശീയമായ പരിഹാസങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ ജാതീയമായ പരാമര്‍ശം ശിക്ഷാര്‍ഹമായ കുറ്റമാണ്. വിവ). പ്രവാചകന്‍ സമൂഹത്തില്‍ ശൈഥില്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ വിലക്കി. അത് അദ്ദേഹത്തിന്റെ വിവേചനാധികാരമായിരുന്നു. അന്ന് നല്‍കിയ ശിക്ഷ മറ്റു സാഹചര്യങ്ങളില്‍ അതേപോലെ പ്രയോഗിക്കാന്‍ പറ്റില്ല.

അവഗണിക്കുന്നു

മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭംഗം വരുന്ന എന്തും കുറ്റകൃത്യമാണെന്നും അതു സായുധ കലാപത്തിനും ഭൂമിയില്‍ നാശം വിതയ്ക്കുന്നതിനും തുല്യമാണെന്നുമുള്ള പാഠമാണ് ഇതിലുള്ളത്. അത്തരം കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട ശിക്ഷ ഭരണകൂടത്തിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നു. വധശിക്ഷയോ തടവുശിക്ഷയോ ഒക്കെ അതില്‍പ്പെടും; കുറ്റവാളിക്ക് മാപ്പ് നല്‍കുകയുമാവാം. നിര്‍ഭാഗ്യകരമായ ഒരു വസ്തുത ബലഹീനതകൊണ്ടോ കെടുകാര്യസ്ഥതകൊണ്ടോ പല മുസ്‌ലിം ഭരണകൂടങ്ങളും ധര്‍മസ്ഥാപനങ്ങളും സംഘടനകളും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാമരരുമായ ജനവിഭാഗങ്ങള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുന്നില്ല. അത്തരക്കാര്‍ക്ക് പ്രാഥമിക ജീവിതാവശ്യങ്ങള്‍ നിറവേറ്റാനോ തൊഴില്‍ നല്‍കാനോ ശ്രമവുമില്ല. എന്നാല്‍, ഭരണകൂടങ്ങളും സംഘടനകളും അവര്‍ക്കിടയില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുമ്പോള്‍ അക്ഷമരാവുന്നു. മറ്റു കാരണങ്ങളാല്‍ മതം മാറാന്‍ നിര്‍ബന്ധിതരായവരെ ഭീഷണിപ്പെടുത്തുന്നു.പരസ്യമായി ഇസ്‌ലാമുപേക്ഷിച്ചവരെ ശിക്ഷിക്കുന്നത് അത്യാവശ്യമാണെന്നു കരുതുന്നവരുണ്ട്. ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അത്തരക്കാരെ തിരികെ കൊണ്ടുവരണമെന്നവര്‍ വാദിക്കുന്നു. എന്നാല്‍, അങ്ങനെ മതം പരിത്യജിക്കുന്നവര്‍ ചെറിയ ന്യൂനപക്ഷമാണെന്നു നാം ഓര്‍ക്കേണ്ടതുണ്ട്. സമ്മര്‍ദ്ദം കൊണ്ട് അവരില്‍ ഇസ്‌ലാമിക വിശ്വാസം പുന:സ്ഥാപിക്കുക സാധ്യമല്ല. പകരമവര്‍ മുസ്‌ലിം സമൂഹത്തില്‍, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ പ്രതികാരം ചെയ്യാന്‍ സമയം കാത്തിരിക്കുന്ന കപടവിശ്വാസികളുടെ സംഘമായി തുടരും. അതിനാല്‍, അത്തരക്കാര്‍ക്കെതിരേ ബലപ്രയോഗം നടത്തിയതുകൊണ്ട് ഒരു നേട്ടവുമില്ല.അതേയവസരം ദുഷ്ടലക്ഷ്യത്തോടെ മതം മാറി യഥാര്‍ഥത്തില്‍ സമൂഹത്തിന് ഭീഷണിയാവുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതും പ്രധാനമാണ്. വിശ്വാസ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഒരു പ്രശ്‌നമല്ല ഇതെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ റിദ്ദക്ക് ശിക്ഷ നല്‍കിയ സംഭവങ്ങള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നു വ്യക്തമാണ്.ഇതുമായി ബന്ധപ്പെട്ടു മറ്റൊരു ചോദ്യമുയര്‍ന്നു വരുന്നുണ്ട്. ഒരു മുസ്‌ലിം തന്റെ മതമുപേക്ഷിക്കുമ്പോള്‍ അയാളുടെ സന്താനങ്ങളുടെ രക്ഷാകര്‍തൃത്വമാര്‍ക്കായിരിക്കും. ക്രിസ്ത്യാനിയെയോ ജൂതസ്ത്രീയെയോ ഭാര്യയായി സ്വീകരിക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നു. ഭാര്യമാരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഭര്‍ത്താവ് വിലക്കാന്‍ പാടില്ല. അതേയവസരം ഒരു മുസ്‌ലിം സ്ത്രീ യഹൂദനെയോ ക്രൈസ്തവനെയോ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണമിതാണ് ഒരു മുസ്‌ലിം പൂര്‍വ പ്രവാചകന്മാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ ക്രൈസ്തവരും യഹൂദരും മുഹമ്മദ് നബിയെയോ ഖുര്‍ആനെയോ അംഗീകരിക്കുന്നില്ല. അത്തരം വിവാഹബന്ധത്തിലൂടെ സാമൂഹികവും കുടുംബപരവുമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്. ഇസ്‌ലാമിക ദൃഷ്ട്യാ ഒരു മുസ്‌ലിം തന്റെ മതമുപേക്ഷിക്കുന്നതോടെ അയാളുടെ വിവാഹബന്ധം ദുര്‍ബലപ്പെടുന്നു. തന്റെ സന്താനങ്ങളുടെ മേലുള്ള രക്ഷാകര്‍തൃത്വം നഷ്ടപ്പെടുന്നു. ഏതൊരു കുട്ടിക്കും ഇസ്‌ലാമികമായി ജീവിക്കാന്‍ അവകാശമുണ്ട്. അതേയവസരം പ്രായപൂര്‍ത്തിയാവുമ്പോള്‍ ഏതു മതം സ്വീകരിക്കാനും അവന് അവകാശമുണ്ട്. സമൂഹത്തിന്റെ സുരക്ഷിതത്വവും ഐക്യവും ഉറപ്പുവരുത്താനുള്ള നിയമങ്ങളും മതവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് തിരിച്ചറിയേണ്ടതുണ്ട്.

മുസ്‌ലിം ന്യൂനപക്ഷം

അമുസ്‌ലിം രാഷ്ട്രങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ചും നമുക്ക് പരിശോധിക്കാം. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ കുടിയേറ്റക്കാരായും മതപരിവര്‍ത്തനങ്ങളിലൂടെയും മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പാശ്ചാത്യ സമൂഹത്തില്‍ മതം വളരെയേറെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. യശസ്സും സമ്പത്തുമുണ്ടെങ്കിലും ക്രൈസ്തസഭകള്‍ക്ക് സ്വാധീനം കുറഞ്ഞുവരുകയാണ്. ജനങ്ങള്‍ നാസ്തികരാവുകയല്ല. ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ, അവര്‍ ക്രൈസ്തവാചാരങ്ങളില്‍ നിന്നുമകലുന്നു. മതത്തെക്കുറിച്ചവര്‍ നിസ്സംഗരാണ്. അതുകൊണ്ടു തന്നെ ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വരുന്നു. സ്ത്രീകളാണ് ഇതിലധികവും. വിവാഹിതയായ ഒരു സ്ത്രീ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അവള്‍ വിവാഹമോചനം തേടണോ, മക്കളുടെ സുരക്ഷാ കര്‍തൃത്വം ആര്‍ക്കാണ് തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു. അതേയവസരം സ്‌നേഹനിധിയായ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിക്കുന്നതിന്റെ മാനസിക സംഘര്‍ഷം വേറെയുമുണ്ട്. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മുസ്‌ലിം ഭൂരിപക്ഷ സമൂഹത്തില്‍ നിന്നു വ്യത്യസ്തമായ രീതിയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. സാഹചര്യങ്ങളെയും വ്യക്തികളെയും പരിഗണിച്ചുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന്, ഇസ്‌ലാം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലാത്ത ഭര്‍ത്താവിനെയും കുട്ടികളെയും മതംമാറിയ സ്ത്രീ ഉപേക്ഷിക്കേണ്ട കാര്യമില്ല. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നു. മാതാപിതാക്കളെ അവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും സംരക്ഷിക്കുകയും അവരോട് സ്‌നേഹവും കാരുണ്യവും കാണിക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ ഇരുവരുമോ വാര്‍ധക്യത്തില്‍ നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. അവരോട് ആദരവോടെ സംസാരിക്കുക (17:23).സൈദ്ധാന്തികവും നിയമപരവുമായ വിഷയങ്ങള്‍ തമ്മിലുള്ള അന്തരം മനസ്സിലാക്കിക്കൊണ്ട് സമഷ്ടിപരവും വ്യക്തിപരവുമായ പരിക്ക് കുറയ്ക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. ക്ലേശത്തില്‍ നിന്നും സംഘര്‍ഷത്തില്‍ നിന്നും വിഭാഗീയതയില്‍ നിന്നും സമൂഹത്തെയും വ്യക്തിയെയും സംരക്ഷിക്കാന്‍ അത്തരമൊരു സമീപനമാണ് അഭികാമ്യം. സാമൂഹിക സാഹചര്യങ്ങളും സാംസ്‌കാരിക സവിശേഷതകളും പരിഗണിക്കാതെ, സിദ്ധാന്തവും നിയമവും തമ്മിലുള്ള വ്യത്യാസമറിയാതെ, കല്‍പ്പനകള്‍ കൊടുക്കുന്നവര്‍ അറിവിന്റെയും അന്വേഷണത്തിന്റെയും ധാരണയുടെയും അടിസ്ഥാനമില്ലാതെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അടി കൊള്ളുന്നവനും അതെണ്ണുന്നവനും സമമല്ല എന്ന ചൊല്ല് നാം വിസ്മരിക്കരുത്.നാസറുദ്ദീന്‍ മുല്ലയുടെ ഒരു കഥ അനുസ്മരിച്ചുകൊണ്ട് ഈ ചര്‍ച്ച അവസാനിപ്പിക്കാം. ഒരിക്കല്‍ മുല്ല തന്റെ അയല്‍ക്കാരനായ, മഹാസ്വാര്‍ഥിയായ ഒരു പണ്ഡിതനെ ഒരു പാഠം പഠിപ്പിക്കാനുദ്ദേശിച്ചു. അയാളോട് ഒരു ഫത്‌വ തേടി. പൂച്ച തന്റെ വീടിന്റെ മതിലില്‍ മൂത്രമൊഴിച്ചതിനാല്‍ എന്താണ് പരിഹാരം എന്നു മുല്ല ചോദിച്ചു. ‘താങ്കള്‍ ആ മതില്‍ പൊളിച്ച് ഏഴു പ്രാവശ്യം പുനര്‍നിര്‍മിക്കണ’മെന്നായിരുന്നു ഫത്‌വ. അപ്പോള്‍ മുല്ല പറഞ്ഞു: ‘നമ്മുടെ വീടുകള്‍ വേര്‍തിരിക്കുന്ന മതിലാണത്.’ ‘അങ്ങനെയാണോ? മുല്ലാ കുറച്ച് വെള്ളം കൊണ്ട് മതിലൊന്നു കഴുകിയാല്‍ മതി’- പണ്ഡിതന്‍ പറഞ്ഞു. പണ്ഡിതനു കാര്യം മനസ്സിലായെന്നാര്‍ക്കറിയാം.

(അവസാനിച്ചു)

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക