|    Dec 17 Mon, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാവകാശ ഹരജി നല്‍കി

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി നടപ്പാക്കാന്‍ സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. വിധിയെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളും പ്രളയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതും കണക്കിലെടുത്ത് സ്ത്രീപ്രവേശനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യം.
സ്ത്രീസുരക്ഷയ്ക്കാണ് പ്രധാന പരിഗണന. നിലവിലെ സാഹചര്യത്തില്‍ അധികസൗകര്യങ്ങളൊരുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിധി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും നിലവില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രിംകോടതി വിധിക്കെതിരേ ചില വ്യക്തികളും രാഷ്ട്രീയപ്പാര്‍ട്ടികളും ശക്തമായ നിലപാടെടുത്തത് സംസ്ഥാനത്തും പ്രത്യേകിച്ച് ശബരിമല പരിസരങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു കാരണമായിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ പമ്പയിലെയും പരിസരങ്ങളിലെയും അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കു സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിശ്രമമുറികളും ശുചീകരണമുറികളും മറ്റും ഒരുക്കാന്‍ സമയമെടുക്കും. നിര്‍മാണത്തിന് ഉന്നതാധികാര സമിതി ഉന്നയിച്ച എതിര്‍പ്പില്‍ സുപ്രിംകോടതി അന്തിമ തീര്‍പ്പു കല്‍പ്പിക്കാത്തതിനാല്‍ സൗകര്യങ്ങളൊരുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് ഹരജിയില്‍ വ്യക്തമാക്കുന്നത്. അതേസമയം, സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി വീണ്ടും നിരസിച്ചു. ജനുവരി 22നു മാത്രമേ പരിഗണിക്കാനാവൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആവര്‍ത്തിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss