|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Editpage  >  Editorial  >  

‘സാര്‍’ വിളി കൊണ്ടു മാത്രം പോലിസ് മാറുമോ?

Published : 11th June 2018 | Posted By: kasim kzm

കേരളത്തെ പോലിസ്‌രാജാക്കുന്നതില്‍ അനന്യസാധാരണമായ മികവാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ദിവസവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നു ഞങ്ങള്‍ പല പ്രാവശ്യം സൂചിപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണ് പോലിസെന്ന് ഒരുകാലത്ത് ഏറ്റുവിളിച്ചിരുന്ന പിണറായി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയായതോടെ പോലിസിന്റെ അതിക്രമങ്ങളെ ആവേശത്തോടെ ന്യായീകരിക്കുകയാണ്.
നിലമ്പൂര്‍ വനത്തില്‍ മാവോവാദി പ്രവര്‍ത്തകരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി ഭരണകൂട ഭീകരതയ്ക്ക് കാര്‍മികത്വം വഹിച്ച പിണറായിയുടെ പോലിസ്, സംസ്ഥാനത്തുടനീളം ജനങ്ങള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും മേല്‍ തേര്‍വാഴ്ച നടത്തിയതിന്റെ നിരവധി അനുഭവസാക്ഷ്യങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഗെയില്‍ വിരുദ്ധ സമരത്തെയും ദേശീയപാതാ വികസനത്തിനെതിരായ പ്രക്ഷോഭത്തെയും പോലിസിനെ ഉപയോഗിച്ച് നേരിട്ട രീതിയിലൂടെ താനുമൊരു തികഞ്ഞ മര്‍ദകവീരനാണെന്നു സ്വയം പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതുവൈപ്പില്‍ എല്‍എന്‍ജി ടെര്‍മിനലിനെതിരേ സമരരംഗത്ത് അണിനിരന്ന സ്ത്രീകളോടും കുട്ടികളോടും വരെ പോലിസ് കാട്ടിയ പരാക്രമം പോലിസ് സേനയുടെ മനുഷ്യത്വവിരുദ്ധ മുഖമാണ് വെളിവാക്കിയത്. ഏറ്റവുമൊടുവില്‍ ആലുവയ്ക്കടുത്ത എടത്തലയില്‍ ഉസ്മാനു നേരെ നടന്ന പോലിസ് അക്രമത്തിനെതിരായ ജനകീയ പ്രതിഷേധത്തെയും തീവ്രവാദത്തിന്റെ കണക്കില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് പിണറായി. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ ജനപ്രതിനിധികളെ പോലും അദ്ദേഹം ആക്ഷേപിക്കുന്നു.
വരാപ്പുഴയില്‍ പോലിസ് മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ബീമാപ്പള്ളി വെടിവയ്പ് ഉള്‍പ്പെടെ കേരളത്തില്‍ നടന്ന പല പോലിസ് അതിക്രമങ്ങളുടെയും മുഖ്യസൂത്രധാരനെന്നു സംശയിക്കപ്പെടുന്ന ഒരു പോലിസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീജിത്തിന്റെ കൊലയ്ക്കു പിന്നിലുമെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് കീഴുദ്യോഗസ്ഥരെ ബലിയാടാക്കി ആ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത്. അയാളെ സംബന്ധിച്ച റിപോര്‍ട്ട് പോലും മേലധികാരികള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.
സ്വന്തം പാര്‍ട്ടിക്കാര്‍ പോലും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ പോലിസിന്റെ പങ്ക് പ്രധാനമാണെന്ന് അഭിപ്രായപ്പെടുമ്പോഴും ഉപദേശകവൃന്ദത്തെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന മുഖ്യമന്ത്രി മാത്രം ആത്മപരിശോധനയ്ക്കു മുതിരുന്നില്ലെന്നത് ഖേദകരമാണ്. സംഘപരിവാര അനുകൂലമായ പല പോലിസ് നടപടികള്‍ക്കു നേരെയും കണ്ണടയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.
അധികാരമേറുമ്പോള്‍ പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ നേതാക്കളെ നിയന്ത്രിക്കുന്ന പതിവ് ഇന്ത്യയിലില്ല. അവര്‍ ഇടത്തോ വലത്തോ എന്ന് ഭരണരീതി നോക്കി പ്രവചിക്കാനും ബുദ്ധിമുട്ടാണ്. ബ്യൂറോക്രസിയുടെയും പോലിസിന്റെയും കൈയിലെ കളിപ്പാവകളാവുന്നതിന്റെ സുഖം അനുഭവിക്കുകയാവും അവര്‍. പിണറായിയും ഇതിനൊരു അപവാദമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss