|    Apr 21 Sat, 2018 5:20 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സാര്‍ഥകമായ ഒരു സഭാസമ്മേളനം

Published : 22nd July 2016 | Posted By: SMR

എ കെ ബാലന്‍

എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് കഴിഞ്ഞ ദിവസം സമാപിച്ചത്. പ്രാതിനിധ്യംകൊണ്ട് വ്യത്യസ്തമായ സഭയാണ് 14ാം നിയമസഭ. പരിണതപ്രജ്ഞരായ ഭരണാധികാരികള്‍, ജനഹിതമറിയുന്ന പൊതുപ്രവര്‍ത്തകര്‍, പരിചയസമ്പന്നരായ മുന്‍ സാമാജികര്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, കലാ-സാംസ്‌കാരിക, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ബഹുമുഖ പ്രതിഭകളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമാണ് നിയമസഭ.
എല്‍ഡിഎഫിന്റെ നയം വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണര്‍ പി സദാശിവം സഭയില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗം. എല്‍ഡിഎഫ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളുടെയും ജനപക്ഷ നിലപാടുകളുടെയും രജതരേഖയായിരുന്നു ഗവര്‍ണറുടെ പ്രസംഗം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും സമുദായപ്രീണന നയങ്ങളും അന്വേഷണവിധേയമാക്കുമെന്നും മതേതര കാഴ്ചപ്പാടോടെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാടിന്റെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ‘മതനിരപേക്ഷ, അഴിമതിമുക്ത, വികസിത കേരളം’ എന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന്റെ ആകത്തുകയായിരുന്നു നയപ്രഖ്യാപനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ സംസ്ഥാനം അനുഭവിച്ച സാമ്പത്തിക അരാജകത്വത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ധവളപത്രം ധനമന്ത്രി ഡോ. തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കുകയുണ്ടായി. ദൈനംദിന ചെലവുകള്‍ക്കും മൂലധന നിക്ഷേപത്തിനും പണമില്ല. കരാറുകാര്‍ക്ക് 1,600 കോടി കടം, നികുതി വളര്‍ച്ചാനിരക്ക് കുത്തനെ താണു. 10,000 കോടിയുടെ അടിയന്തരമായി നല്‍കേണ്ട ബാധ്യതകള്‍, റവന്യൂ കമ്മി ശരാശരി 2.65 ശതമാനമായി ഉയര്‍ന്നു. ഇങ്ങനെ സാമ്പത്തിക പ്രതിസന്ധി വരച്ചുകാട്ടുന്നതായിരുന്നു ധവളപത്രം. പണമില്ലാത്ത ബജറ്റുകളായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷവും അവതരിപ്പിച്ചിരുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
റവന്യൂ ചെലവ് നിയന്ത്രിച്ചും നികുതിവരുമാനം വര്‍ധിപ്പിച്ചും പരമാവധി മൂലധന നിക്ഷേപം ഉറപ്പുവരുത്തിയും പൊതുനിക്ഷേപം ഉയര്‍ത്തിയും സാമ്പത്തിക മുരടിപ്പ് പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കാനും ധവളപത്രത്തിലൂടെ ധനമന്ത്രി തയ്യാറായി. പാവങ്ങളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യം മുതലായ പൊതുമേഖലകളെ സംരക്ഷിക്കുമെന്നും ധവളപത്രം ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ ഉറപ്പിന്റെ സാക്ഷ്യപത്രമായിരുന്നു ധനമന്ത്രി അവതരിപ്പിച്ച ബജറ്റും.
വികസനം, ക്ഷേമം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക ഔന്നിത്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് അടിസ്ഥാന സൗകര്യ വികസനവും അധിക വിഭവസമാഹരണവും ലക്ഷ്യമിടുന്നു. കാര്‍ഷികമേഖലയ്ക്കും വനിതാക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നു. റവന്യൂ ചെലവ് നിയന്ത്രിച്ച് മൂലധന ചെലവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 12,000 കോടി രൂപയുടെ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജാണ് ബജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. ഇടതുപക്ഷ ബദല്‍നയം ഉയര്‍ത്തിപ്പിടിക്കുന്നതും നൂതന ജനക്ഷേമപദ്ധതികളും വികസന സമീപനങ്ങളും ഒത്തുചേരുന്നതുമായിരുന്നു പുതുക്കിയ 2016-17 ബജറ്റ്.
ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും ഉള്‍പ്പെടെ മൂന്ന് ബില്ലുകളാണ് ഈ സമ്മേളനത്തില്‍ വന്നത്. ധനവിനിയോഗ ബില്ല് സഭ പാസാക്കി. ധനകാര്യ ബില്ല് അവതരിപ്പിച്ചതോടെ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു. കേരള നിയമസഭ (അയോഗ്യത ബില്ല്) ഭേദഗതി ബില്ല് ആയിരുന്നു മൂന്നാമത്തെ ബില്ല്. ബില്ല് സഭ പാസാക്കി. ഒരു നിയമസഭാംഗത്തിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായിരിക്കാനുള്ള അയോഗ്യത നീക്കം ചെയ്യുകയാണ് ബില്ല് പാസാക്കിയതിലൂടെ സഭ ചെയ്തത്. ഈ ബില്ലവതരണത്തെ പ്രതിപക്ഷനേതാവും കെ എം മാണി, വി ഡി സതീശന്‍, കെ സി ജോസഫ് തുടങ്ങിയ പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗങ്ങളും ക്രമപ്രശ്‌നം ഉന്നയിച്ച് എതിര്‍ക്കുകയുണ്ടായി. ഈ ക്രമപ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ ഇപ്രകാരമുള്ള നിയമനിര്‍മാണത്തിന് നിയമസഭകള്‍ക്കുള്ള അവകാശത്തെ അംഗീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനുവേണ്ടി ഈ ലേഖകന്‍ വ്യക്തമാക്കി.
സബ്ജക്റ്റ് കമ്മിറ്റിയിലും തുടര്‍ന്ന് ഭേദഗതി അവതരിപ്പിച്ച് പ്രസംഗിക്കുമ്പോഴും മൂന്ന് ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബജറ്റ് പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്ക് ചേരുന്നതല്ല, പൊതുപണത്തിന്റെ ദുര്‍വിനിയോഗം, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ളത്. ഈ മൂന്ന് വിമര്‍ശനങ്ങള്‍ക്കും കൃത്യമായി മറുപടി സഭയില്‍ സര്‍ക്കാര്‍ നല്‍കി.
ധനകാര്യമന്ത്രി കൂടി ഉള്‍ക്കൊള്ളുന്ന കാബിനറ്റാണ് ഈ ബില്ല് അംഗീകരിച്ചത്. അതുകൊണ്ട് ബജറ്റിന്റെ പേരുപറഞ്ഞ് ബില്ലിനെ എതിര്‍ക്കേണ്ട കാര്യമില്ല. ദുര്‍വിനിയോഗത്തെക്കുറിച്ചു പറയാന്‍ പ്രതിപക്ഷത്തിന് ധാര്‍മികമായി അവകാശമില്ല. യുഡിഎഫ് മന്ത്രിമാരും കഴിഞ്ഞ ചീഫ്‌വിപ്പും കൂടി ചായസല്‍ക്കാരം മുതല്‍ വീട് മോടിപിടിപ്പിക്കുന്നതിനു വരെ ചെലവഴിച്ചത് 460 കോടി രൂപയാണ്. നടപ്പാക്കാത്ത പദ്ധതി അടക്കമുള്ളവയ്ക്ക് പരസ്യം നല്‍കിയ വകയിലും 150 കോടിയോളം രൂപ ചെലവഴിച്ചു. ഈ സര്‍ക്കാര്‍ ചെലവു ചുരുക്കാനാണു തീരുമാനിച്ചത്. മന്ത്രിമാരുടെ എണ്ണം കുറച്ചു. പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം 32ല്‍ നിന്ന് 25 ആയി കുറച്ചു. ഈ ഇനത്തില്‍ മാത്രം 40 കോടിയെങ്കിലും ലാഭിക്കും. വിമാനയാത്രകള്‍ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മതിയെന്നും അത് ഇക്കണോമി ക്ലാസില്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. വീട് മോടിപിടിപ്പിക്കേണ്ടെന്നു തീരുമാനിച്ചു.
ഒരു സ്വാര്‍ഥതാല്‍പര്യവും ഈ ബില്ലിനില്ല. യുഡിഎഫ് സര്‍ക്കാര്‍ പി സി ജോര്‍ജിനെ ചീഫ്‌വിപ്പാക്കാന്‍ കാണിച്ച രാഷ്ട്രീയതാല്‍പര്യമോ, എംഎല്‍എ ആയ ഇ അഹമ്മദിനെ സിഡ്‌കോ ചെയര്‍മാനാക്കാന്‍ കാണിച്ച താല്‍പര്യമോ ഈ ഗവണ്‍മെന്റിനില്ല. മാറിയ കാലഘട്ടത്തിനനുസരിച്ച് ഭരണരംഗത്തും മാറ്റം ആവശ്യമാണ്. അതിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കാണിച്ച മാതൃകയില്‍ പുതിയ ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കുന്നു എന്നു മാത്രം.
എല്‍ഡിഎഫിന്റെ ജനപക്ഷനയവും സാമൂഹിക പ്രതിബദ്ധതയും വെളിപ്പെടുത്തുന്ന ഒരു സ്റ്റേറ്റ്‌മെന്റും പ്രമേയവും ഒരു സ്റ്റാറ്റിയൂട്ടറി പ്രമേയവും സഭ പാസാക്കി. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം ചട്ടം 300 അനുസരിച്ച് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭയിലുയര്‍ന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ബിജെപി പ്രതിനിധിയുടെ മാത്രം എതിര്‍പ്പോടെയാണ് സഭ പാസാക്കിയത്. ഏഴ് അടിയന്തരപ്രമേയങ്ങളാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. എല്ലാം സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. നക്ഷത്രചിഹ്നമിട്ട 300 ചോദ്യങ്ങളും നക്ഷത്രചിഹ്നമിടാത്ത 2,453 ചോദ്യങ്ങളും വന്നു. 12ാം നിയമസഭ മുതലുള്ള പല ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നും സഭയില്‍ നല്‍കുന്ന ഉറപ്പുകള്‍പോലും പാലിക്കുന്നില്ലെന്നും കെ ഉമ്മര്‍ ക്രമപ്രശ്‌നത്തിലൂടെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഈ പ്രവണത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. വിവിധ മേഖലകളിലെ അടിയന്തരപ്രാധാന്യമുള്ള 20 വിഷയങ്ങളിലേക്ക് എംഎല്‍എമാര്‍ സഭയുടെ ശ്രദ്ധ ക്ഷണിച്ചു. പ്രാദേശികപ്രശ്‌നങ്ങള്‍ സംബന്ധിച്ച 115 സബ്മിഷനുകളുണ്ടായി. ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മുന്‍ സര്‍ക്കാരിന്റെ നടപടികളെ വൈര്യനിര്യാതന ബുദ്ധിയോടെ കാണില്ലെന്നും സര്‍ക്കാരിന്റെ നിലപാടുകളും നടപടികളും സുതാര്യമായിരിക്കുമെന്നും വ്യക്തമാക്കപ്പെട്ട സമ്മേളനംകൂടിയാണ് കഴിഞ്ഞുപോയത്.

(പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss