|    Dec 12 Tue, 2017 9:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സായുധ സംഘടനകളെ നേരിടല്‍ : പാകിസ്താന് യുഎസ് മുന്നറിയിപ്പ്‌

Published : 28th October 2017 | Posted By: fsq

 

വാഷിങ്ടണ്‍: സായുധ സംഘടനകള്‍ക്കെതിരേ കടുത്ത നടപടി എടുക്കുന്നതില്‍ പാകിസ്താന്‍ വീഴ്ചവരുത്തിയാല്‍ ആ ലക്ഷ്യം നിറവേറ്റാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി. ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാനും അവര്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കാനും പാകിസ്താന്‍ തയ്യാറാവണമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് ഹെതര്‍ നോവെര്‍ട്ട് അറിയിച്ചു. ടില്ലേഴ്‌സണിന്റെ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനിലുള്ള ഭീകരസംഘടനകളെ ഇല്ലാതാക്കാന്‍ ആ രാജ്യവുമായി തങ്ങള്‍ നിരവധി തവണ ആശയവിനിമയം നടത്തിയിരുന്നുവെന്നു ഹെതര്‍ നോവെര്‍ട്ട് പറഞ്ഞു. ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍ പാകിസ്താനു കൈമാറിയിട്ടുണ്ടെന്നും പാകിസ്താന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും ടില്ലേഴ്‌സണ്‍ ജനീവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. പാകിസ്താന്‍ ഒരു പരമാധികാര രാജ്യമാണ്. എന്താണു ചെയ്യേണ്ടതെന്നു പാകിസ്താന് തീരുമാനിക്കാം. എന്നാല്‍ ഭീകരര്‍ക്കെതിരേ നടപടി എടുക്കാതിരിക്കുകയോ, നടപടിയെടുക്കാന്‍ പാകിസ്താന് കഴിയാതിരിക്കുകയോ ചെയ്താല്‍ യുഎസ് തന്ത്രങ്ങളില്‍ മാറ്റംവരുത്തുകയും ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനായി മറ്റുവഴികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു ടില്ലേഴ്‌സണ്‍ പറഞ്ഞു. പാകിസ്താനുമായി വളരെ തുറന്ന ചര്‍ച്ചയാണുണ്ടായത്. 80 ശതമാനത്തോളം സമയവും അവരെ കേള്‍ക്കുകയായിരുന്നു. ബാക്കി 20 ശതമാനം സമയം മാത്രമാണു ഞങ്ങള്‍ സംസാരിച്ചതെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക