|    May 26 Fri, 2017 3:35 am
FLASH NEWS

സാമ്പത്തിക സംവരണം; ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനം കോടതി റദ്ദാക്കി

Published : 5th August 2016 | Posted By: SMR

അഹ്മദാബാദ്: സംവരണ വിഭാഗത്തില്‍പെടാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പട്ടേല്‍ വിഭാഗത്തിന്റെ സംവരണ പ്രക്ഷോഭത്തെ തണുപ്പിക്കുന്നതിനു വേണ്ടിയായിരുന്നു കഴിഞ്ഞ മെയ് ഒന്നിന് സംവരണ വിഭാഗത്തിനു പുറത്തുള്ള പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ദയാറാം വര്‍മ, റാവ്ജി ഭായ് മനാനി, ദുലാരി ബാസാര്‍ഗെ, ഗുജറാത്ത് പാരന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ വെവ്വേറെയായി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
വിജ്ഞാപനം അനുചിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വി എം പാഞ്ചോളി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുവിഭാഗത്തിലെ തരംതിരിക്കല്‍ മാത്രമാണ് വിജ്ഞാപനമെന്നും സംവരണം ഏര്‍പ്പെടുത്തിയതല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി.
സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനം മൂലം സംവരണം 50 ശതമാനം കവിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് സര്‍ക്കാരില്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് രണ്ടാഴ്ചത്തേക്ക് കോടതി സ്‌റ്റേ ചെയ്തു.
പട്ടേല്‍ സംവരണ പ്രക്ഷോഭവും അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പും നേരിടാന്‍ മുഖ്യമന്ത്രിയെ മാറ്റി കരുനീക്കങ്ങള്‍ നടത്തുന്ന ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന് ഹൈക്കോടതി ഉത്തരവ് കനത്ത പ്രഹരമായി. അതേസമയം, പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേല്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു. പട്ടേല്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കവിയാത്തതും സംവരണാനുകൂല്യം ലഭിക്കാത്തവരുമായവര്‍ക്ക് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിലൊരാളാണ് അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day