|    Nov 19 Mon, 2018 4:40 pm
FLASH NEWS
Home   >  Editpage  >  Editorial  >  

സാമ്പത്തിക രംഗത്ത്തിരിച്ചടി

Published : 3rd June 2017 | Posted By: mi.ptk

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായെന്നു തെളിയിക്കുന്നു. ഏറെ വിവാദമായ നോട്ടുനിരോധനം ആറു മാസം പിന്നിട്ടിട്ടും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദമായ 2017 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവാണിത്. ഇതോടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന ബഹുമതി ഇന്ത്യയില്‍ നിന്നു ചൈന തിരിച്ചുപിടിച്ചു. നോട്ട് അസാധുവാക്കലിനു മുമ്പുള്ള രണ്ടാം പാദത്തില്‍ (2016 ജൂലൈ-സപ്തംബര്‍) 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 7 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ജിഡിപി വളര്‍ച്ച 7.1 ശതമാനമാണ്. 2015-16ല്‍ ഇത് 8 ശതമാനമായിരുന്നു. നോട്ടുനിരോധനം സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയ മാന്ദ്യത്തെത്തുടര്‍ന്ന് നിര്‍മാണ-വ്യാപാരരംഗങ്ങളില്‍ ഉണ്ടായ പിന്നോട്ടുപോക്കാണ് വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ കാരണമായതെന്നു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആലോചനാശൂന്യമായ സര്‍ക്കാര്‍ നടപടി രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമേല്‍പിക്കുമെന്നും തൊഴില്‍നഷ്ടം, സാമ്പത്തിക മാന്ദ്യം എന്നിവയ്ക്ക് കാരണമാവുമെന്നും അന്നുതന്നെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കിയിരുന്നു. വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്കു കുറഞ്ഞതിനു കാരണം നോട്ടുനിരോധനം തന്നെയെന്നു വ്യക്തമാണ്. സാമ്പത്തിക വിദഗ്ധര്‍ എന്താണ് പ്രവചിച്ചതെന്നും അവര്‍ എത്ര കൃത്യമായാണ് വിലയിരുത്തിയതെന്നും ഇന്നു നമുക്കു കാണാനാവും. അസംഘടിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച കൃത്യമായ വിവരശേഖരണം ഇല്ലാത്ത ഇന്ത്യയില്‍ യഥാര്‍ഥ ആഘാതം കൂടുതലായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ജിഡിപി രണ്ടു ശതമാനം കുറയുമെന്ന് പ്രസ്താവിച്ചത് അക്ഷരംപ്രതി പുലര്‍ന്നു. വളര്‍ച്ചാ മുരടിപ്പിന് അടിസ്ഥാന കാരണം നോട്ടുനിരോധനമല്ലെന്നും അതിനു മുമ്പുതന്നെ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ പ്രസ്താവന കൂടുതല്‍ ഗൗരവമുള്ളതാണ്. കാരണം ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രി പറഞ്ഞത്, സമ്പദ്‌വ്യവസ്ഥ വളരെ ശക്തമായതിനാലാണ് ആ ഘട്ടത്തില്‍ നോട്ടുനിരോധനം നടപ്പാക്കിയതെന്നാണ്. ‘ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ശസ്ത്രക്രിയ നടത്താനാവൂ’ എന്ന ഉപമയും മോദി അന്നു പ്രയോഗിച്ചു. സാമ്പത്തിക മാന്ദ്യത്തിനു നോട്ടുനിരോധനത്തിനും പങ്കുണ്ടെന്ന് ധനമന്ത്രി സമ്മതിക്കുന്നു. അത്രയെങ്കിലും നല്ലത്. കേവലം നിഷേധത്തിനു പകരം നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയെങ്കിലും ശരിയായി വിലയിരുത്താനും തിരുത്തല്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss