|    Apr 26 Thu, 2018 3:50 am
FLASH NEWS

സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിട്ടു

Published : 23rd November 2016 | Posted By: SMR

നഹാസ്  എം  നിസ്താര്‍

പെരിന്തല്‍മണ്ണ: നോട്ട് മാറ്റത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാരോട് നിര്‍ബദ്ധിത അവധിയില്‍ പോവാനും പിരിഞ്ഞുപോകാനും നിര്‍ദേശിച്ചു. പലയിടത്തും ജോലിക്കാരുടെ ശമ്പളം പകുതിയാക്കി. ചിലയിടങ്ങളില്‍ 30 ദിവസത്തെ ജോലി 15 ദിവസമാക്കി ചുരുക്കി. സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ ജോലി നഷ്ടപ്പെട്ട ദിവസക്കൂലിക്കാരുടെയും, സ്ഥിര ജീവനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലായി.പലരുടെയും ദൈനംദിന ആവശ്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും താളം തെറ്റി. 10,000 രൂപ ശമ്പളം വാങ്ങിയവര്‍ക്ക് 5000 ആക്കിയതോടെ  കുടുബ ജീവിതം പ്രതിസന്ധിയിലായി. സ്വയം ജോലി ചെയ്ത് പഠനം നടത്തിയിരുന്ന വിവിധ സ്ഥാപനങ്ങളിലെ പാര്‍ടെം ജോലിക്കാരായ വിദ്യാര്‍ഥികളും പിരിച്ചുവിട്ടവരില്‍ പെട്ടു. ഇതോടെ അവരുടെ പഠനവും മുടങ്ങിയ അവസ്ഥയിലാണ്. സൂപ്പര്‍ മാര്‍ക്കറ്റ്, ജ്വല്ലറികള്‍, ടെക്സ്റ്റയില്‍ സുകള്‍, സെയില്‍സ് കമ്പനികള്‍, മാര്‍ക്കറ്റിങ്ങ് വിഭാഗങ്ങള്‍, പരസ്യമേഖലയിലെ ജീവനക്കാര്‍ തുടങ്ങിയ നൂറ് കണക്കിന് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ മുന്ന് ദിവസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടത്.സംസ്ഥാനത്ത് ഒട്ടാകെ ബ്രാഞ്ചുകളുള്ള പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളും, ജ്വല്ലറികളും ജീവനക്കാര്‍ക്ക്  നിര്‍ബന്ധിത അവധി നല്‍കി ജോലി 15 ദിവസമാക്കി വെട്ടിച്ചുരുക്കി. കേരളത്തിലെ വലിയ ടെക്സ്റ്റയില്‍ സുകളിലും, മാര്‍ക്കറ്റിങ്ങ് കമ്പനികളിലും ജീവനക്കാരുടെ ശമ്പളം പകുതിയാക്കി.സംഭവത്തില്‍ പ്രതിഷേധിച്ചവരോട് കമ്പനി മാനേജ്‌മെന്റുകള്‍ രാജിവച്ച് പോവാന്‍ നിര്‍ദേശിച്ചു.സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം പിടിച്ചു നിര്‍ത്താനാവാതെ സ്വകാര്യ മേഖലകളിലെ അസംഘടിത തൊഴിലാളികളുടെ പ്രയാസങ്ങള്‍ക്ക് ആശ്വാസം പകരാന്‍ അധികൃധരോ രാഷ്ട്രീയ പാര്‍ട്ടിക്കാരോ തയ്യാറായിട്ടില്ലെന്ന് പുറത്താക്കലിന് വിധേയരായ ടെക്സ്റ്റയില്‍സ് ജീവനക്കാര്‍ പറഞ്ഞു. മാനേജ്‌മെന്റ് പറയുന്ന സമയങ്ങളില്‍ അവരുടെ യുണിഫോം ധരിച്ച് മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്ത സെയില്‍സ് രംഗത്തെ ജോലിക്കാര്‍ക്ക് കൃത്യമായ തൊഴില്‍ രേഖകളോ തൊഴില്‍ സുരക്ഷിതത്വമോ ആനുകൂല്യങ്ങളോ ഉണ്ടായിരുന്നില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരം അസംഘടിത തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാറുമില്ല. ലേബര്‍ കമ്മീഷണര്‍മാര്‍ സ്ഥാപനങ്ങളിലെത്തി മാനേജ്‌മെന്റ് തരുന്ന ലിസ്റ്റ് പരിശോധിച്ച് പോവാറാണ് പതിവ്. അതു കൊണ്ട് തന്നെ ഇന്നും ഇത്തരം മേഖലകളില്‍ 100 രൂപക്കും ജോലി ചെയ്യുന്നവര്‍ ധാരാളം ഉണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.  അതേ സമയം. കൂറ്റന്‍ വാടകയും, കരന്റ് ബിലും, ടാക്‌സുകളും നല്‍കി കച്ചവടം നടത്തുന്ന കടകളില്‍ വരുമാനം നിലച്ചതാണ് ഇത്തരം നടപടികക്ക് കാരണമെന്ന് മാനേജ്‌മെന്റുകള്‍ വിശദീകരിച്ചു. നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ആറ് മാസത്തിലധികം സമയം വേണ്ടിവരും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനയെന്നും വ്യാപാരികള്‍ പറഞ്ഞു. ഈ സമയം വരെ തൊഴിലാളികളെ സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss