|    Oct 17 Wed, 2018 12:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സാമ്പത്തിക പ്രതിസന്ധി : നാല് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വില്‍പനയ്ക്ക്

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വില്‍പനയ്ക്ക്. ഇതില്‍ തിരുവനന്തപുരത്തുള്ള മെഡിക്കല്‍ കോളജ് പത്രപ്പരസ്യം നല്‍കിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് മെഡിക്കല്‍ കോളജുകള്‍ വില്‍ക്കുന്നതെന്നാണു വിലയിരുത്തല്‍. കോളജ് വില്‍പനയ്‌ക്കോ, ഏറ്റെടുക്കാനോ താല്‍പര്യമുള്ളവര്‍ പരസ്യ തിയ്യതി മുതല്‍ 10 ദിവസത്തിനകം ഇ-മെയില്‍ വഴി ബന്ധപ്പെടാനാണു കഴിഞ്ഞ ദിവസം മലയാള ദിനപത്രത്തില്‍ വന്ന പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു. സംസ്ഥാനത്തെ ഒരുപറ്റം സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അവസ്ഥയാണ് ഈ പത്രപ്പരസ്യം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മാനേജ്‌മെന്റ്് ക്വാട്ടയില്‍ ഉയര്‍ന്ന ഫീസ് നിരക്കില്‍ പ്രവേശനം അനുവദിച്ചിരുന്നു. ഡൊണേഷന്‍, കാപിറ്റേഷന്‍ ഫീസ്, ബാങ്ക് ഗ്യാരന്റി എന്നിവയെല്ലാം വഴി വന്‍തുക സമാഹരിക്കാന്‍ കോളജുകള്‍ക്ക് അനുവാദവുമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശനപ്പരീക്ഷാ കണ്‍ട്രോളറാണ് പ്രവേശനം നടത്തുന്നത്. ഇതു സ്വാശ്രയ മെഡിക്കല്‍ കോളജുകളെ പ്രതിസന്ധിയിലാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള ബുദ്ധിമുട്ട്, രോഗികളുടെ കുറവ് എന്നിവ കോളജുകളുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഫീസ് കുത്തനെ കൂടിയതും വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാക്കി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കോളജില്‍ പല ഡോക്ടര്‍മാര്‍ക്കും എട്ടു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഐഎംഎയുടെ ഭാരവാഹികള്‍ പ്രശ്‌നത്തി ല്‍ ഇടപെട്ടിട്ടുണ്ട്. ഇതിനു പുറമേ മൂന്നു കോളജുകള്‍ കൂടി വില്‍പനയ്ക്കുണ്ടെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.  പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുള്ള കോളജുകളാണ് വില്‍പനയ്ക്കുള്ളതെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രശ്‌നമാണ് ഈ കോളജുകളും നേരിടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss