|    Aug 21 Mon, 2017 11:20 pm
FLASH NEWS
Home   >  Kerala   >  

സാമ്പത്തിക ക്രമക്കേട്: ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Published : 18th November 2016 | Posted By: G.A.G

sreelekha-new

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വകുപ്പില്‍ നടന്ന ക്രമക്കേടുകളും റോഡ് സുരക്ഷാ ഫണ്ട് ദുരുപയോഗം ചെയ്തതും അടക്കമുള്ള ആക്ഷേപങ്ങളില്‍ അന്വേഷണം വേണമെന്ന മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ശുപാര്‍ശ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അംഗീകരിച്ച് ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാല്‍, ചീഫ് സെക്രട്ടറിയുടെ ഓഫിസ് മാസങ്ങളായി പൂഴ്ത്തിവച്ചിരുന്ന റിപോര്‍ട്ട് ഇപ്പോഴാണ് പുറത്തുവന്നത്.
ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടി ഓഫിസ് ശീതീകരിക്കാന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അനുമതി നല്‍കല്‍, എഎംവിഐ, എംവിഐ തസ്തികകളിലെ സ്ഥലംമാറ്റങ്ങള്‍, സ്ഥാനമൊഴിഞ്ഞശേഷവും സ്വന്തം ആവശ്യത്തിനും ഭര്‍ത്താവിന്റെ ആവശ്യത്തിനുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനവും മൊബൈല്‍ ഫോണും ഉപയോഗിച്ചത്, റോഡ് സുരക്ഷാ ഫണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെ ചെലവഴിച്ചത് തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗതാഗതമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ മുടക്കി താമസിക്കുന്ന വീട്ടിലേക്കുള്ള സ്വകാര്യ റോഡ് അറ്റകുറ്റപ്പണി നടത്തിയെന്നതാണ് പ്രധാന ആരോപണം. എറണാകുളത്തെ ഒരു ഇടനിലക്കാരന്‍ സ്ഥലംമാറ്റങ്ങള്‍ക്കായി വന്‍തുക പിരിച്ചെടുത്ത് ശ്രീലേഖയ്ക്കു കൈമാറിയെന്നതാണ് മറ്റൊരു ആക്ഷേപം.
സര്‍ക്കാര്‍ തീരുമാനമില്ലാതെ കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ നിയമവിരുദ്ധമായി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയ വകയില്‍ 6,07,743 രൂപ കൊടുക്കാനുണ്ട്. ഇത് ക്രമവിരുദ്ധമാണെന്ന് എജിയുടെ ഓഡിറ്റ് റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക