|    Dec 13 Thu, 2018 2:53 pm
FLASH NEWS

സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരന്‍ സസ്‌പെന്‍ഷനില്‍; കോര്‍പറേഷന്‍ യോഗത്തില്‍ ബഹളവും കുത്തിയിരിപ്പും

Published : 26th August 2016 | Posted By: SMR

കണ്ണൂര്‍: സാമ്പത്തിക ക്രമക്കേട് കാട്ടിയ ജീവനക്കാരനെതിരേയുള്ള നടപടിയെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും പ്രതിപക്ഷ കുത്തിയിരിപ്പും. ഇന്നലെ ഉച്ചയ്ക്ക് നടന്ന അടിയന്തര കൗണ്‍സില്‍ യോഗമാണ് ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചത്. ഉച്ചയ്ക്കു 2.30നു നടത്താന്‍ നിശ്ചയിച്ച യോഗം 20 മിനിറ്റ് വൈകിയാണ് തുടങ്ങിയത്.
തുടക്കത്തില്‍ തന്നെ അജണ്ടകളിലേക്കു കടക്കുന്നതിനു മുമ്പ് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗം ടി ഒ മോഹനനാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ അജണ്ടകളിലൂന്നി ചര്‍ച്ച നടത്തണമെന്നും പിന്നീട് സമയം നല്‍കാമെന്നും മേയര്‍ ഇ പി ലത അറിയിച്ചെങ്കിലും ഇതനുസരിക്കാതെ മുന്നോട്ടു പോയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ പ്രതിരോധവുമായി ഭരണപക്ഷാഗംങ്ങളുമെത്തി.
മേയറുടെ ശക്തമായ ഇടപെടലിനിടെ ബഹളമുണ്ടാവുക യും സഭാ നടുത്തളത്തിലേക്ക് കൗണ്‍സിലര്‍മാരെത്തുകയും ചെയ്തതോടെ ആകെയുണ്ടായിരുന്ന രണ്ട് അജണ്ടകള്‍ പാസായെന്നു അറിയിച്ച് ഭരണപക്ഷം ഇറങ്ങിപ്പോയി. ഇതോടെ അഴിമതിക്ക് ഭരണപക്ഷം കൂട്ടുനില്‍ക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സഭാ നടുത്തളത്തില്‍ കുത്തിയിരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ യോഗത്തിലും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ ബഹളത്തിനിടയാക്കിയിരുന്നു. ഒരു ഇടത് കൗണ്‍സിലറുടെ സഹോദരനായ കോര്‍പറേഷനിലെ കാഷ്യര്‍ എം വല്‍സരാജാണ് ആരോപണവിധേയന്‍. 2016 ഫെബ്രുവരിയില്‍ കോര്‍പറേഷനിലേക്ക് ഒടുക്കേണ്ട 48,936 രൂപ അടച്ചില്ലെന്നാണ് ആരോപണം. അഞ്ചുമാസത്തിനു ശേഷം 2016 ജൂലൈയിലാണ് ക്രമക്കേട് പുറത്തുവന്നത്. കഴിഞ്ഞ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ആഗസ്ത് 25നു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു പിറ്റേന്ന് തന്നെ മേലധികാരിക്ക് റിപോര്‍ട്ട് ചെയ്‌തെന്നു കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചിരുന്നു.
എന്നാല്‍ 30നു രാവിലെ വരെ സെക്രട്ടേറിയറ്റില്‍ ഇക്കാര്യം എത്തിയിട്ടില്ലെന്നും സെക്രട്ടറി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു ടി ഒ മോഹനന്റെ ആരോപണം. ആരോപണങ്ങള്‍ക്കു കാഷ്യര്‍ നല്‍കിയ മറുപടിയില്‍ ജീവനക്കാരനെ സെക്രട്ടറി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായുള്ള കുറിപ്പിലെ വിശദാംശങ്ങള്‍ വിവരിക്കുന്നതിനിടെയാണ് മേയര്‍ ഇടപെട്ടത്. ഇതോടെ പ്രതിപക്ഷത്തെ ചില കൗണ്‍സിലര്‍മാരും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷും മറുപടിയുമായെത്തി. ഈ സമയം ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങി. മേയര്‍ നിരവധി തവണ ഇടപെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ല. ബഹളത്തിനിടെ അജണ്ടകളിലേക്കു കടക്കുകയാണെന്നറിയിച്ച മേയര്‍ രണ്ട് അജണ്ടകള്‍ പാസാക്കിയതായി അറിയിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
ഇതോടെ മേയര്‍ ഒളിച്ചോടുകയാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറിങ്ങി കുത്തിയിരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 10 മിനിറ്റ് നീണ്ട വാഗ്വാദത്തിനൊടുവില്‍ ഇടത് കൗണ്‍സിലര്‍മാരില്‍ ചിലര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം, ആരോപണവിധേയനായ കാഷ്യര്‍ സസ്‌പെന്‍ഷനിലാണെന്നും ക്രമക്കേട് കണ്ടെത്തിയ ഉടനെ മേലധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കിയെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നും കോര്‍പറേഷന്‍ സെക്രട്ടറി കെ പി വിനയന്‍ പിന്നീട് യുഡിഎഫ് കൗണ്‍സിലര്‍മാരെ അറിയിച്ചു. കോര്‍പറേഷനിലെ കണക്കുകള്‍ മാസങ്ങളായി സാംഖ്യ സോഫ്റ്റ്‌വെയറില്‍ കൈകാര്യം ചെയ്യുന്നില്ല. ബാങ്ക് ബുക്ക് സമ്മറി, കാഷ് ബുക്ക് സമ്മറി തുടങ്ങിയ ചിട്ടകളൊന്നും പാലിക്കാറില്ല. ഇതാണ് ക്രമക്കേട് കണ്ടെത്താന്‍ വൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss