|    Jan 21 Sat, 2017 11:46 am
FLASH NEWS

സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം: നേതൃത്വത്തിന് വിഎസിന്റെ കത്ത്

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി വലതു സാമ്പത്തികനയങ്ങളെ പിന്തുണയ്ക്കുന്ന പ്രഫ. ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരേ സിപിഎം കേന്ദ്രനേതൃത്വത്തിന് വി എസ് അച്യുതാനന്ദന്റെ കത്ത്. ഗീത ഗോപിനാഥ് മുമ്പ് സ്വീകരിച്ച പല നിലപാടുകളും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തില്‍ വിഎസ് ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ പൊതുവികസനത്തിന് ഒട്ടുംചേര്‍ന്ന സമീപനമല്ല ഗീത ഗോപിനാഥിന്റേത്. നവലിബറല്‍ ആശയങ്ങള്‍ പിന്തുടരുന്നയാളെ ഉപദേഷ്ടാവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും ജനങ്ങളുടെ സംശയമകറ്റാന്‍ കേന്ദ്ര നേതാക്കള്‍ അടിയന്തരമായി ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു. പ്രഭാത് പട്‌നായിക് ഉള്‍പ്പെടെ പാര്‍ട്ടിയുമായി അടുപ്പമുള്ള ഇടതു സാമ്പത്തിക ചിന്തകരും ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിനു കത്തുനല്‍കിയതായാണു വിവരം.
അതേസമയം, ഗീത ഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതു പാര്‍ട്ടിയാണെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തശേഷമാണു തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ നേരത്തെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എതിര്‍പ്പ് ശക്തമായിരുന്നു. ഗീതയുടെ നിയമനം മുഖ്യമന്ത്രിയുടെ മാത്രം താല്‍പ്പര്യമാണെന്നായിരുന്നു വിമര്‍ശനം.
തോമസ് ഐസക്കിനെ വിശ്വാസമില്ലാത്തതുകൊണ്ടാണു മുഖ്യമന്ത്രി പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആരോപിച്ചിരുന്നു. സിപിഎം എതിര്‍ക്കുന്ന സ്വകാര്യവല്‍ക്കരണത്തിനും നവഉദാരീകരണത്തിനും അനുകൂലമായ നയസമീപനമാണു ഗീത ഗോപിനാഥിന്റേത്.
സാമൂഹികക്ഷേമ പദ്ധതികളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സബ്‌സിഡികളും തൊഴിലുറപ്പു പദ്ധതികളും നിയന്ത്രിക്കണമെന്നും പലിശനിരക്ക് കുറയ്ക്കണമെന്നുമുള്ള വലതുപക്ഷ സാമ്പത്തിക നിലപാടുകളോട് അനുഭാവമുള്ള വ്യക്തികൂടിയാണിവര്‍. ഇന്ത്യയില്‍ പരിവര്‍ത്തനമുള്ള വളര്‍ച്ചയുണ്ടാവണമെങ്കില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നു ഗീത ഗോപിനാഥ് വാദിച്ചിരുന്നു. ഗീത ഗോപിനാഥ് നല്‍കിയ വിശദീകരണത്തോടെ വിവാദം കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ച സിപിഎമ്മിന് വിഎസിന്റെ കത്ത് വീണ്ടും തലവേദനയായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക