|    Mar 23 Thu, 2017 11:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സാമ്പത്തിക അസ്ഥിരത; കാര്‍ വിപണിയില്‍ മാന്ദ്യം

Published : 23rd December 2015 | Posted By: SMR

ദോഹ: ഖത്തറിലെ ഡീലര്‍മാര്‍ വിവിധ ഓഫറുകളും ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചെങ്കിലും 2015 മോഡല്‍ കാറുകള്‍ പ്രതീക്ഷിച്ച രീതിയില്‍ വില്‍പ്പന നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കാറുകള്‍ക്ക് പണം ചെലവഴിക്കാതിരിക്കുന്നതിന് രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വവും ഒരു കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഖത്തറിലെ ഈവര്‍ഷത്തെ കാര്‍വില്‍പ്പന നിരാശാജനകമായിരുന്നെന്നും ചിലര്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണെന്നും പ്രമുഖ കാര്‍ബ്രാന്റ് വില്‍പ്പന കേന്ദ്രത്തിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. കൂടുതല്‍ ഉപഭോക്താക്കളെ ഷോപ്പില്‍ എത്തിക്കുന്നതില്‍ എല്ലാ ഓഫറുകളും ഡിസ്‌കൗണ്ട് പ്രഖ്യാപനങ്ങളും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ വില്‍പ്പന പകുതിയായി കുറഞ്ഞെന്ന് ടൊയോട്ട, ഷെവര്‍ലെ, ജിഎംസി, ഹോണ്ട തുടങ്ങിയ വിവിധ ഇനം കാറുകള്‍ വില്‍ക്കുന്ന ഷോറൂമിലെ സെയില്‍സ് മാനേജര്‍ ദോഹ ന്യൂസിനോട് പറഞ്ഞു. ഭാവിയില്‍ എന്ത് നടക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ പണം ചെലവഴിക്കുന്നതിനേക്കാള്‍ സൂക്ഷിച്ച് വയ്ക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എണ്ണവിലയിലുണ്ടായ ഇടിവ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കാര്‍ വില്‍പ്പനയിലുണ്ടായ ഇടിവ് സംബന്ധിച്ച റിപോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആദ്യമായി ഖത്തര്‍ ഈയിടെ കമ്മി ബജറ്റ് അവതരിപ്പിച്ചിരുന്നു. ചില കമ്പനികളുടെ കാറുകള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ 30-35 ശതമാനം വിലകുറഞ്ഞതായും സെയില്‍സ് മാനേജര്‍ വ്യക്തമാക്കി. യൂസ്ഡ് കാറുകളുടെ വില്‍പ്പനയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അവയുടെ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.
ചില ഡീലര്‍മാര്‍ പഴയ കാറുകള്‍ക്ക് മാറ്റം നല്‍കാന്‍ തയാറാകുമ്പോള്‍ മറ്റ് ചിലര്‍ ആകര്‍ഷകമായ സാമ്പത്തിക ആനുകൂല്യം നല്‍കുന്നു. പക്ഷെ ഇതെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്ന് അമേരിക്കന്‍ ബ്രാന്‍ഡിലെ സെയില്‍ മാനേജര്‍ പറയുന്നു. പ്രവാസികളായ ആളുകള്‍ കാര്‍ വാങ്ങുന്നത് ഈവര്‍ഷം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന, വാതക മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളായിരുന്നു സാധാരണ പുതിയ മോഡല്‍ കാറുകള്‍ വാങ്ങാനെത്തുന്നത്. എന്നാല്‍ എണ്ണവിലയിലെ ഇടിവ് ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതായാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും ഒരു സെയില്‍സ് എക്‌സിക്യൂട്ടീവ് പറഞ്ഞു. പല കമ്പനികളിലും തൊഴിലാളികളെ പിരിച്ചു വിടുന്നത് മൂലം തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് കാറുകള്‍ക്കു വേണ്ടിയും മറ്റും പണം ചെലവഴിക്കുന്നതില്‍ നിന്ന് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്.
ലോണെടുത്ത് കാര്‍ വാങ്ങിയ പ്രവാസികളില്‍ ചിലരുടെ ജോലി നഷ്ടപ്പെട്ടത് മൂലം ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കാത്ത ഉദാഹരണങ്ങള്‍ ചിലര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം, സാധാരണ അവധിക്കാലങ്ങളില്‍ യൂസ്ഡ് കാറുകളുടെ വില്‍പ്പന കുറയാറുണ്ടെന്നും സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വില്‍പ്പനയെ ബാധിച്ചതായി കരുതുന്നില്ലെന്നും ഓണ്‍ലൈന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

(Visited 104 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക