|    Apr 24 Tue, 2018 6:55 am
FLASH NEWS
Home   >  Opinion   >  

സാമ്പത്തിക അച്ചടക്കം പി.എസ്.സിക്കു മാത്രം?

Published : 17th August 2015 | Posted By: admin
nisarslug

 

ഴിമതിയും ക്രമക്കേടുകളും ഭരണരാഷ്ട്രീയ സംവിധാനത്തില്‍ സര്‍വസാധാരണമായി മാറിക്കഴിഞ്ഞ കാലഘട്ടത്തില്‍ ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കാത്ത വിധത്തില്‍ ഒരു സ്ഥാപനത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നത് ചെറിയ കാര്യമല്ല. ഏറക്കുറേ സംശുദ്ധമെന്ന് പറയാവുന്ന പ്രതിച്ഛായ കഴിഞ്ഞ ആറു പതിറ്റാണ്ടായി കാത്തുസൂക്ഷിച്ചുപോരുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. അതുകൊണ്ടുതന്നെയാണ് പൊതുഖജനാവിലെ പണമെടുത്തു ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പൂര്‍ണമായി പി.എസ്.സിക്കു വിടണമെന്ന് കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ആവശ്യപ്പെടുന്നത്. പരീക്ഷാ നടത്തിപ്പ് അടക്കം നിയമന നടപടികളിലെ സുതാര്യത കൊണ്ട് അത്രത്തോളം വിശ്വാസ്യത കേരള സമൂഹത്തില്‍ നേടിയെടുക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

ചെയര്‍മാനെയും അംഗങ്ങളെയും നിര്‍ദേശിക്കുന്നതില്‍ ഭരണത്തില്‍ മാറിമാറി വരുന്നവരുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുമെങ്കിലും അതിനപ്പുറത്തേക്ക് അത്തരം താല്‍പ്പര്യങ്ങള്‍ കടന്നുകൂടാന്‍ ഇതുവരെ അവസരം ഒരുങ്ങിയിട്ടില്ല എന്നതുതന്നെയാണ് പി.എസ്.സിയെപ്പോലെ സംസ്ഥാനത്തെ യുവജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന ഒരു സ്ഥാപനത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകം. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചക്കാലമായി വാര്‍ത്തകളില്‍ ഇടം നേടിയ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് സര്‍ക്കാരും പി.എസ്.സിയും തമ്മിലുള്ള ശീതസമരമായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലെ ധനമന്ത്രിയുടെ ഓഫിസിലുമൊക്കെയായി ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നത്തിന് അന്തിമ പരിഹാരമായെന്നു പറയാറായിട്ടില്ല.

പദവി കൊണ്ട് ഭരണഘടനാ സ്ഥാപനമാണെങ്കിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷനെ ചെല്ലും ചെലവും കൊടുത്തു പോറ്റുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ കമ്മീഷന്റെ സാമ്പത്തിക കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ധനകാര്യവകുപ്പിന് അധികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മറുഭാഗത്ത് ധനകാര്യ പരിശോധന എന്ന പേരും പറഞ്ഞ് കമ്മീഷന്റെ ആസ്ഥാനത്ത് കയറി നിരങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് കമ്മീഷനും നിലപാടെടുത്തതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു വഴിയൊരുങ്ങിയത്. പി.എസ്.സിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനു പരാതി ലഭിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, ചെയര്‍മാന്റെയും അംഗങ്ങളുടെയും യാത്രാബത്ത, യോഗം ചേരല്‍ അടക്കമുള്ള വിഷയങ്ങളില്‍ സാമ്പത്തിക നിയന്ത്രണം പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കി. പി.എസ്.സിയെപ്പോലൊരു സ്ഥാപനത്തെ വിജിലന്‍സ് അന്വേഷണത്തിലേക്കു വലിച്ചിഴയ്‌ക്കേണ്ടെന്ന സദ്ദുദ്ദേശ്യത്തോടെയാവും, ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടു.

എന്നാല്‍, മുഖ്യന്റെ ഉത്തരവുമായി പരിശോധനയ്ക്കു ചെന്ന ധനവകുപ്പ് ഉദ്യോഗസ്ഥരെ കമ്മീഷന്‍ ആസ്ഥാനത്തിന്റെ പടി ചവിട്ടാന്‍ പോലും അനുവദിക്കാതെ തിരിച്ചയച്ചതോടെയാണ് അണ്ടിയാണോ മാങ്ങയാണോ എന്ന തരത്തില്‍ ധനവകുപ്പും പി.എസ്.സിയും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കത്തിനു തുടക്കമായത്. സി. ആന്റ് എ.ജിയില്‍ കുറഞ്ഞവരാരും ആ വഴിക്കു പോകേണ്ടെന്നാണ് പി.എസ്.സിയുടെ നിലപാട്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം നിത്യനിദാന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാവാതെ മാസംതോറും പൊതുവിപണിയില്‍ നിന്ന് കടമെടുക്കേണ്ട പരിതാപകരമായ സ്ഥിതിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത്. അപ്പോള്‍ കൊടുത്ത കാശിനു കണക്കു ചോദിച്ച് ആരും ആ വഴിക്കു ചെന്നേക്കരുതെന്ന കമ്മീഷന്റെ തിട്ടൂരം ധനവകുപ്പിനെ പ്രകോപിപ്പിച്ചെങ്കില്‍ കുറ്റം പറയാനാവില്ല. നടപ്പു സാമ്പത്തിക വര്‍ഷം 261 കോടി രൂപയാണ് പി.എസ്.സി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 131 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ തുക കൊണ്ട് പി.എസ്.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമ്മീഷന്‍. എന്നാല്‍, ഇത്രയും തുക ചട്ടങ്ങള്‍ പാലിക്കാതെ വക മാറ്റി ചെലവഴിച്ചുവെന്നാണ് ധനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കു പുറമേ, സഞ്ചരിക്കാന്‍ ഔദ്യോഗിക വാഹനങ്ങളും അകമ്പടി സേവിക്കാന്‍ ഉദ്യോഗസ്ഥവൃന്ദങ്ങളുമടക്കം ആരെയും മോഹിപ്പിക്കുന്ന സൗകര്യങ്ങളാണ് പൗരന്റെ നികുതിപ്പണം എടുത്ത് സര്‍ക്കാര്‍ പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും ഒരുക്കിയിരിക്കുന്നത്. ദേശീയതലത്തിലെ നിയമന ഏജന്‍സിയായ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ 11 അംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഈ കൊച്ചുകേരളം ചെയര്‍മാന്‍ അടക്കം 21 പേരെ ഈ നിലയില്‍ ചുമക്കുന്നത്. ഖജനാവിലെ പണമാവുമ്പോള്‍ എല്ലാത്തിനും ഒരു ചോദ്യവും പറച്ചിലും വേണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, ധനവകുപ്പിന്റെ ഈ കൊതിക്കെറുവ് പി.എസ്.സിയോട് മാത്രം മതിയോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. പി.എസ്.സി. എന്നത് ഭരണതലത്തില്‍ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ്. അതേ മുഖ്യന്റെ കീഴിലുള്ള മറ്റൊരു വകുപ്പാണ് സംസ്ഥാന ഭരണത്തലവന്‍മാര്‍. സൗകര്യങ്ങളുടെയും ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ പി.എസ്.സി. ചെയര്‍മാനെയും അംഗങ്ങളെക്കാളും ഒരു പടി മുന്നിലാണ് ഇക്കൂട്ടരുടെ സ്ഥാനം. ഉണ്ടുറങ്ങാന്‍ ഔദ്യോഗിക വസതിയും ചുറ്റിത്തിരിയാന്‍ ഔദ്യോഗിക വാഹനവും അതിനു പുറമേ, പേഴ്‌സനല്‍ സ്റ്റാഫെന്ന പേരില്‍ അകമ്പടി സേവിക്കുന്ന പരിവാരവൃന്ദങ്ങളെയടക്കം പോറ്റിവളര്‍ത്താന്‍ ഖജനാവിനു ബാധ്യതയുണ്ട്. സാമ്പത്തിക നിയന്ത്രണത്തിന്റെ പേരില്‍ പി.എസ്.സിയുടെ കണക്കുപുസ്തകം പരിശോധിക്കാനിറങ്ങിയ ധനവകുപ്പ് മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ സംസ്ഥാനത്തുള്ള 21 പേരുടെ കാര്യത്തിലും ഒന്നു കണ്ണോടിക്കുന്നത് ഗുണം ചെയ്യും. കാരണം, മന്ത്രിമന്ദിരത്തില്‍ പൊറുതിക്കു കയറിയാല്‍പ്പിന്നെ ചായ കുടിക്കുന്ന കണക്കു പോലും ആറക്കത്തില്‍ താഴുന്നില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയശേഷം കഴിഞ്ഞ മെയ് 31 വരെയുള്ള കാലത്ത് മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും കണക്കില്‍ ഖജനാവിന് ചെലവായത് 275.51 കോടി രൂപയാണ്. ശമ്പളം, ക്ഷാമബത്ത, യാത്രാബത്ത, ഓഫിസിലെയും വീട്ടിലെയും ഫോണിനും മൊബൈല്‍ ഫോണിനും മാത്രമായി 220.76 കോടി ചെലവായി. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു മാത്രം 26.15 കോടിയാണ്. വാടകമന്ദിരങ്ങള്‍ നവീകരിക്കാന്‍ 37.93 ലക്ഷം, കര്‍ട്ടനിടാന്‍ 36.16 ലക്ഷം, ചായസല്‍ക്കാരത്തിന് 1.77 കോടി പട്ടിക നീളുന്നതിങ്ങനെയാണ്. 21 മന്ത്രിമാര്‍ക്കായി 623 പേര്‍ വരുന്ന പേഴ്‌സനല്‍ സ്റ്റാഫുകളുടെ ചെലവുകള്‍ ഇതിനു പുറമേയാണ്. ജനം ഏല്‍പ്പിച്ചുകൊടുത്ത സംസ്ഥാനഭരണം എന്ന ഭാരിച്ച ഉത്തരവാദിത്തതിന്റെ കണക്കിലാണ് ഈ ചെലവുകള്‍ എല്ലാം എഴുതപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുത്തയച്ച ജനങ്ങളോട് കണക്കു പറയാന്‍ മന്ത്രിമാര്‍ക്കും ബാധ്യതയുണ്ട്; പണം നല്‍കുന്ന സര്‍ക്കാരിനോട് പി.എസ്.സിക്കുള്ളതുപോലെ. എന്നാല്‍, മന്ത്രിമാര്‍ ഓഫിസില്‍ ഹാജരാകുന്നതിന്റെ രേഖകള്‍ സൂക്ഷിക്കുന്ന സമ്പ്രദായം പോലും നിലവിലില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. സാധാരണക്കാരന്‍ ഒരു മണിക്കൂര്‍ വൈകിയെത്തിയാല്‍ അതിനു പോലും വേതനം വെട്ടിക്കുറയ്ക്കുന്ന കാലത്ത് ഓഫിസില്‍ ഹാജരാവുന്നതിന്റെ കണക്കു സൂക്ഷിക്കാനുള്ള സാമാന്യമായ നാട്ടുനടപ്പു പോലും പാലിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ ഇക്കാലമത്രയും തയ്യാറായിട്ടില്ല. ഇവരാണ് സര്‍ക്കാര്‍ ഓഫിസില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനെക്കുറിച്ചും വാചാലരാവുന്നത്.

അതുകൊണ്ട് സാമ്പത്തിക ധൂര്‍ത്തിനെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചുമുള്ള ഗൗരവമേറിയ പരിശോധനകള്‍ തുടങ്ങേണ്ടത് സംസ്ഥാന മന്ത്രിമാരുടെ ഓഫിസുകളില്‍ നിന്നുതന്നെയാണ്. അപ്പോള്‍ പി.എസ്.സി. ഉള്‍െപ്പടെയുള്ള എല്ലാ കമ്മീഷനുകളും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സാമ്പത്തിക അച്ചടക്കത്തിന്റെ വരുതിയില്‍ വരാന്‍ നിര്‍ബന്ധിതമാവും. തൊഴിലില്ലായ്മ ഏറ്റവും വലിയ പ്രശ്‌നമായ കേരളം പോലുള്ള സംസ്ഥാനത്ത് പി.എസ്.സി. പോലുള്ള ഒരു ഏജന്‍സി വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഉത്തരവാദിത്തമാണ് നിര്‍വഹിച്ചുപോരുന്നതെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. ലക്ഷക്കണക്കിനു വരുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ആശയും പ്രതീക്ഷയുമൊക്കെയാണ് പി.എസ്.സി. അതുകൊണ്ടുതന്നെ ഭരണസംവിധാനത്തിന്റെ പരിധി വിട്ട കൈകടത്തലുകള്‍ അനുവദിക്കാതെ സ്വതന്ത്രസ്വഭാവം നിലനിര്‍ത്തി ഈ സ്ഥാപനം മുന്നോട്ടുപോവുകയെന്നത് അനിവാര്യമാണ്. ഒപ്പം തന്നെ സാമ്പത്തിക ധൂര്‍ത്തടക്കം കമ്മീഷനുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയണം. അത്തരത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ചര്‍ച്ചകളാണ് ഉയര്‍ന്നുവരേണ്ടത്.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss