|    Nov 19 Mon, 2018 5:37 pm
FLASH NEWS
Home   >  Editpage  >  Editorial  >  

സാമ്പത്തിക അച്ചടക്കം: നിര്‍ദേശം ഫലപ്രദമാവുമോ?

Published : 21st April 2018 | Posted By: kasim kzm

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കര്‍ശനമായ അച്ചടക്കം പാലിക്കണമെന്നാണ് ധനവകുപ്പിന്റെ ഉത്തരവ്. ചെലവു ചുരുക്കാന്‍ ഒമ്പതിന നിര്‍ദേശങ്ങള്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും വിമാനയാത്ര നടത്തുന്നത് നിയന്ത്രിക്കണമെന്നും ഫോണ്‍വിളി ചുരുക്കണമെന്നും മറ്റുമാണ് നിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങള്‍ യഥോചിതം പാലിച്ചാല്‍ ചെലവു കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. സാമ്പത്തിക അച്ചടക്കം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം നടപടികളെ കുറ്റം പറയാനുമാവില്ല.
എന്നാല്‍, പ്രശ്‌നം മറ്റൊന്നാണ്. ഏട്ടിലിങ്ങനെയൊക്കെയുണ്ടെങ്കിലും ഫലത്തില്‍ എന്തായിരിക്കും സംഭവിക്കുക? പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കുന്നതിന്റെ തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗമാണ് മൂന്ന് ഇന്നോവ ക്രിസ്റ്റാ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. അതിന് അല്‍പം മുമ്പ് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും മറ്റും 25 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ വാങ്ങിയിരുന്നു സര്‍ക്കാര്‍. ഇപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പല സര്‍ക്കാര്‍ ഏജന്‍സികളും കാറുകള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. പൊതുവാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ യാതൊരു നടപടിയും ഭരണതലത്തില്‍ ഇല്ലതന്നെ. ഈ അവസ്ഥയില്‍ പുതിയ നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പാവും?
വിമാനയാത്രയില്‍ നിയന്ത്രണം വേണമെന്നാണ് മറ്റൊരു നിര്‍ദേശം. ഈ നിര്‍ദേശം നല്‍കുന്നതിന് വളരെയൊന്നും മുമ്പല്ല, എംഎല്‍എമാര്‍ക്ക് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ വിമാനക്കൂലി നല്‍കാമെന്ന പുതിയ വ്യവസ്ഥയുണ്ടാക്കിയത്. ജനപ്രതിനിധികളുടെ ആനുകൂല്യങ്ങള്‍ കുത്തനെ വര്‍ധിപ്പിച്ചതും ഭരണകക്ഷിയും പ്രതിപക്ഷവും ഒത്തുചേര്‍ന്നു തന്നെ. ഇങ്ങനെയൊക്കെ ചെയ്തശേഷം സാമ്പത്തിക അച്ചടക്കം വേണമെന്ന് പറയുമ്പോള്‍, അതിനു പിന്നില്‍ വലിയ ആത്മാര്‍ഥതയൊന്നുമില്ലെന്ന് വ്യക്തമാണല്ലോ.
ഒരുവശത്ത് സാമ്പത്തിക അച്ചടക്കത്തെപ്പറ്റി പറയുമ്പോള്‍ തന്നെ, മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങള്‍ക്കും മറ്റും വേണ്ടി വിപുലമായ പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. നിയമസഭയുടെ ജൂബിലിയാഘോഷങ്ങളും ഗംഭീരമായി നടക്കുന്നു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും ആഡംബരം, യാതൊരു നിയന്ത്രണവുമില്ലാതെയാണ് സംവിധാനം ചെയ്തിട്ടുള്ളത്. ആഴ്ചയില്‍ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാവണമെന്നു പറഞ്ഞ് സഹമന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിരട്ടിയിരുന്നു. പക്ഷേ, കണ്ണുരുട്ടലുകൊണ്ടൊന്നും കാര്യമില്ലെന്ന് അനുദിനം തെളിയിക്കുകയാണ് ഊരുചുറ്റുന്ന മന്ത്രിമാര്‍. യുഡിഎഫ് എത്ര ഭേദമായിരുന്നു എന്നാണ് സാമാന്യജനത്തിന്റെ ചോദ്യം.
ഈ അവസ്ഥയില്‍ ജനം മന്ത്രിസഭയ്ക്ക് എത്ര മാര്‍ക്കിടും- പൂജ്യമോ മൈനസോ? ഇപ്പോള്‍ വന്നിട്ടുള്ള സാമ്പത്തിക അച്ചടക്കത്തിനുള്ള നിര്‍ദേശങ്ങള്‍ മോഡറേഷന്‍ മാര്‍ക്കാണെന്ന് കരുതാമോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss