|    Apr 23 Mon, 2018 7:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാമ്പത്തികസ്ഥിതി: ധവളപത്രം നിയമസഭയില്‍ വച്ചു അതീവ ഗുരുതരം

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവഗുരുതരമെന്നു വ്യക്തമാക്കുന്ന ധവളപത്രം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തുവച്ചു. ദൈനംദിന ചെലവുകള്‍ക്കുള്ള പണംപോലും കണ്ടെത്താന്‍ വിഷമിക്കുകയാണ്. അംഗീകൃത പദ്ധതിയുടെ അടങ്കലിനേക്കാള്‍ 10 ശതമാനം കുറവാണു സമാഹരിക്കാന്‍ കഴിയുന്ന വിഭവം. നിത്യചെലവു കഴിഞ്ഞ് മൂലധന നിക്ഷേപത്തിനു വേണ്ടത്ര പണമില്ല. ഇതുമൂലം കരാറുകാരുടെ ബില്ലുകളില്‍ 1,600 കോടി രൂപ കുടിശ്ശികയാണ്.
ധനപ്രതിസന്ധി മൂലം നിര്‍ണായക ഇടപെടലുകള്‍ക്കു സര്‍ക്കാര്‍ അശക്തരായിരിക്കുകയാണെന്നു ധവളപത്രം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ധനകാര്യ മാനേജ്‌മെന്റ് പൂര്‍ണ പരാജയമാണ്. അഴിമതിയും ധൂര്‍ത്തും നികുതി ചോര്‍ച്ചയും കടക്കെണി വര്‍ധിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മാര്‍ച്ച് 31ന് ട്രഷറിയില്‍ 1,643 കോടി രൂപ മിച്ചമുണ്ടായിരുന്നുവെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദത്തെ 2006 മുതല്‍ 2016 വരെയുള്ള ട്രഷറി നീക്കിയിരിപ്പിന്റെ കണക്ക് നിരത്തിയാണു ധവളപത്രം ഖണ്ഡിക്കുന്നത്.
അടിയന്തര ചെലവുകള്‍ കിഴിച്ചാല്‍ 173 കോടി രൂപ ട്രഷറിയില്‍ നീക്കിയിരിപ്പ് കമ്മിയാണ്. 2006 മാര്‍ച്ചില്‍ 146 കോടി രൂപയായിരുന്നു നീക്കിയിരിപ്പായി ട്രഷറിയില്‍ ഉണ്ടായിരുന്നത്. പിന്നീടുള്ള ഓരോവര്‍ഷവും ഇതു വര്‍ധിച്ച് 2011ല്‍ 3,513 കോടിയായി. തുടര്‍ന്ന് യുഡിഎഫ് അധികാരത്തിലെത്തിയ ആദ്യ ധനകാര്യവര്‍ഷം അവസാനിച്ചപ്പോള്‍ നീക്കിയിരിപ്പ് 2,711 കോടിയായി കുറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ് 2015ല്‍ 142 കോടി രൂപയായി.
ഉടന്‍ കൊടുത്തുതീര്‍ക്കേണ്ട മറ്റു ബാധ്യതകള്‍ 10,000 കോടിയെങ്കിലും വരും. പക്ഷേ, ട്രഷറി ബില്ലുകളൊന്നും മടങ്ങില്ല. എല്ലാ ബില്ലുകളും ക്യൂവിലാണ്. പണമുണ്ടാവുന്ന മുറയ്ക്ക് മാറിക്കിട്ടും. ഇത്തരമൊരു സമ്പ്രദായം യുഡിഎഫ് ഭരണകാലത്ത് ആവിഷ്‌കരിച്ചതുകൊണ്ടാണ് ട്രഷറി പൂട്ടാതിരുന്നത്. ഇതേ സമ്പ്രദായം ഇപ്പോഴും തുടരുന്നതിന് തങ്ങളും നിര്‍ബന്ധിതരാണ്.
നികുതിവരുമാനം ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ട് മാത്രമേ ക്യൂവിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കഴിയൂ എന്നും ധവളപത്രം പറയുന്നു. ചില ചെലവിനങ്ങളിലുണ്ടായ ക്രമാതീതമായ വര്‍ധനയും പണം വകയിരുത്താതെ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിവന്നതുമാണ് പ്രതിസന്ധിക്ക് ആക്കംകൂട്ടിയത്. വര്‍ധിച്ചുവരുന്ന റവന്യൂ കമ്മിയും പ്രതിസന്ധി സൃഷ്ടിച്ചു. 2001-2005 കാലത്തെ യുഡിഎഫ് ഭരണത്തില്‍ റവന്യൂ കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു.
അടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് (2006-11) റവന്യൂ കമ്മി 1.4 ശതമാനമായി വീണ്ടും കുറഞ്ഞു. ശരാശരിയെടുത്താല്‍ 2001-2005 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂ കമ്മി 2006-11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. 2015 ആയപ്പോഴേക്കും റവന്യൂ കമ്മി 2.65 ശതമാനമായി ഉയര്‍ന്നു. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂ കമ്മി തുടര്‍ച്ചയായി വര്‍ധിച്ച് 2021ല്‍ 3.5 ശതമാനത്തിന് മുകളിലാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss