|    Dec 14 Fri, 2018 10:38 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സാമ്പത്തികരംഗത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Published : 2nd December 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം – നിരീക്ഷകന്‍

മോദി-ജയ്റ്റ്‌ലി ഭരണകാലത്തെ സാമ്പത്തിക ഉപദേശകന്റെ ജീവിതത്തെക്കുറിച്ച് നാലു കൊല്ലം സര്‍ക്കാരിനെ ഉപദേശിച്ചു വശംകെട്ട അരവിന്ദ് സുബ്രഹ്മണ്യം ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകം പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ കൃതിയിലെ രസകരമായ പല കാര്യങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നുകഴിഞ്ഞു.
അതില്‍ പ്രധാനം, നരേന്ദ്ര മോദി ഭരണത്തിലെ ഏറ്റവും കിടിലന്‍ സാമ്പത്തിക പ്രഖ്യാപനമായ നോട്ടു നിരോധനത്തിന്റെ വിഷയം തന്നെ. രണ്ടു വര്‍ഷം മുമ്പ് മോദി ടെലിവിഷന്‍ വഴി നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ അരവിന്ദ് സുബ്രഹ്മണ്യം നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രിയുടെ ഓഫിസില്‍ ഉപദേശകനായി ഇരിപ്പുണ്ടായിരുന്നു.
സാധാരണ ഇത്തരം നയപരമായ കാര്യങ്ങള്‍ സര്‍ക്കാരിനകത്ത് വലിയ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് തീരുമാനിക്കാറുള്ളത്. ധനകാര്യ വിഷയമാവുമ്പോള്‍ വിശേഷിച്ചും ഇത്തരം ചര്‍ച്ചകളും പരിശോധനകളും നിര്‍ബന്ധമാണ്. കാരണം, എന്തെങ്കിലും കൈപ്പിഴ പറ്റിയാല്‍ വലിയ ആപത്താണ് സംഭവിക്കുക. രാജ്യം കുട്ടിച്ചോറാക്കുന്ന പരിപാടിയാണ്. ജനം കുപിതരായി തെരുവിലിറങ്ങാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളാണ്. അതിനാല്‍, ഏതു തീരുമാനവും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമായിരിക്കും.
അതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഉപദേശകനെ പുറത്തുനിന്നു കൊണ്ടുവന്നു പ്രതിഷ്ഠിക്കുന്നത്. ഐഎഎസുകാര്‍ ധാരാളമുണ്ടെങ്കിലും ഉപദേശക സ്ഥാനത്തു ലോകരംഗത്തു തന്നെ പേരും പെരുമയുമുള്ള ആളുകളെ കൊണ്ടുവരുന്ന രീതിയാണ് പണ്ടേയുള്ളത്. അവര്‍ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കും. നയങ്ങള്‍ ഉണ്ടാക്കാനിടയുള്ള നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തും. അപ്രകാരം ഉപദേശം നല്‍കും. അന്തിമ തീരുമാനം കാബിനറ്റ് എടുക്കും. അതാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രീതി.
ഉപദേശകരെ കൊണ്ടുവരുമ്പോള്‍ സര്‍ക്കാരിന്റെ നയസമീപനങ്ങളോട് യോജിപ്പുള്ളവരെ കണ്ടെത്താനാവും ശ്രമിക്കുക. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കൗശിക് ബസു ആയിരുന്നു ഉപദേശകന്‍. അദ്ദേഹം അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലയില്‍ നിന്നു വന്ന വ്യക്തിയാണ്. പഴയ നെഹ്‌റുവിയന്‍ പാരമ്പര്യങ്ങളോട് ആഭിമുഖ്യമുള്ള വ്യക്തി. അതേസമയം, ഉദാരവല്‍ക്കരണത്തിന്റെ വക്താവും. നയങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുന്നയാള്‍.
കോണ്‍ഗ്രസ് തോറ്റ് ബിജെപി വന്നപ്പോള്‍ മുന്‍നിരയിലെത്തിയത് സ്വതന്ത്ര കമ്പോളനയങ്ങളുടെ വക്താക്കളാണ്. ഗുജറാത്തിയായ ജഗദീഷ് ഭഗവതിയാണ് അവരുടെ അപ്പോസ്തലന്‍. അദ്ദേഹം അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ പ്രഫസറാണ്. സ്വതന്ത്ര വ്യാപാരനയങ്ങള്‍ക്കു വേണ്ടി ശക്തിയുക്തം വാദിക്കുന്ന പണ്ഡിതന്‍. ഗുജറാത്തി. അതിനാല്‍ മോദിയുടെ പ്രിയപ്പെട്ടവന്‍.
ഭഗവതിയാണ് മോദി സര്‍ക്കാരിന്റെ ഉപദേശകനായി അരവിന്ദ് സുബ്രഹ്മണ്യത്തെ ശുപാര്‍ശ ചെയ്തത്. കക്ഷിയും അമേരിക്കയില്‍ പഠിപ്പിക്കുന്ന പണ്ഡിതന്‍. രാജ്യത്തെ സേവിക്കാനായി അവിടെ നിന്നു ലീവെടുത്തു വന്നതാണ്. അഞ്ചു വര്‍ഷത്തേക്കാണ് വന്നതെങ്കിലും നാലാം വര്‍ഷം ആയപ്പോഴേക്കും കക്ഷിക്ക് എങ്ങനെയെങ്കിലും തടിയെടുത്താല്‍ മതിയെന്നായി. മുഖ്യ സാമ്പത്തിക ഉപദേശകന്‍ നാടുവിടുകയാണ് എന്ന വിവരം രാജ്യത്തോടു വെളിപ്പെടുത്തിയത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെയാണ്.
ഉപദേശകന്റെ ജോലി എളുപ്പമല്ല. ഭരിക്കുന്നവര്‍ക്ക് കൃത്യവും ശക്തവുമായ ഉപദേശങ്ങള്‍ നല്‍കേണ്ടതായി വരും. മണ്ടത്തരം പറയുന്നവരെ കര്‍ശനമായി തിരുത്തേണ്ടിവരും. രാഷ്ട്രീയക്കാരോട് ഇടഞ്ഞുനില്‍ക്കേണ്ടിവരും. അതിനാല്‍, എളുപ്പമുള്ള പണിയല്ല ഏറ്റെടുക്കുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അരവിന്ദ് സുബ്രഹ്മണ്യം ഇന്ത്യയിലേക്കു വന്നത്.
പിന്നെ എന്താണ് കാലാവധി തികയ്ക്കാതെ അദ്ദേഹം രാജി നല്‍കിയത്? എന്തുകൊണ്ട് സ്ഥലം വിട്ടു എന്നറിയണമെങ്കില്‍ പുതിയ പുസ്തകം വായിച്ചാല്‍ മതി. നോട്ടു നിരോധനത്തെപ്പറ്റി അദ്ദേഹം പറയുന്നത് മാരകമായ അടി എന്നാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന മോദി സ്ഥിരം പറയുന്ന വാക്കില്ലേ? പാകിസ്താനെ ശരിയാക്കാന്‍ സേന നടത്തുന്ന പരിപാടി. അതേ അര്‍ഥത്തിലുള്ള ആ പ്രയോഗം തന്നെയാണ്് അരവിന്ദ് സുബ്രഹ്മണ്യം നടത്തുന്നത്. പക്ഷേ, ഇവിടെ ഇര പാകിസ്താനല്ല, ഇന്ത്യയിലെ സാധാരണ ജനങ്ങളാണെന്നു മാത്രം. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss