|    Feb 25 Sat, 2017 5:43 pm
FLASH NEWS

സാമ്പത്തികമാന്ദ്യം മറികടക്കാന്‍ സൗദിക്ക് ആവുമെന്ന് വിദഗ്ധര്‍

Published : 26th October 2016 | Posted By: SMR

saudi

സലീം  ഉളിയില്‍

ജിദ്ദ: ആഗോള വിപണിയില്‍ എണ്ണവില സ്ഥിരപ്പെടുത്താനുള്ള നീക്കം വിജയിച്ചാല്‍ സാമ്പത്തികമാന്ദ്യം മറികടക്കാനാവുമെന്ന് വിലയിരുത്തല്‍. ഇതിനായി ഉല്‍പാദനം കുറയ്ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കിയില്‍ ചേ ര്‍ന്ന എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ തീരുമാനമായിരുന്നു. ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഒപെക് രാജ്യങ്ങളില്‍പ്പെടാത്ത റഷ്യയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എണ്ണയുല്‍പാദക രാജ്യങ്ങളില്‍ പ്രമുഖരാണ് റഷ്യ.
ജിസിസി രാജ്യങ്ങളുമായി ധാരണയിലെത്തുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില നിയന്ത്രിക്കാനാവുമെന്നും ഇതുമായി സഹകരിക്കുന്നതില്‍ സന്തോഷമാണുള്ളതെന്നും റഷ്യന്‍ എണ്ണമന്ത്രി അലക്‌സാണ്ടര്‍ നോവാക് കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന യോഗത്തില്‍ പറഞ്ഞിരുന്നു. ആഗോള വിപണിയില്‍ എണ്ണയ്ക്കുണ്ടായ വിലത്തകര്‍ച്ച അവസാനിക്കുമെന്നും അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ എട്ട് ആഴ്ചകളിലായി എണ്ണവില മെച്ചപ്പെടുന്നത് ശുഭസൂചനയാണെന്നും കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന ജിസിസിയിലെ എണ്ണരാജ്യങ്ങളിലെ മന്ത്രിമാരുടെ 35ാമത് സമ്മേളനത്തില്‍ സൗദി ഊര്‍ജ വ്യവസായമന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള മികച്ച വിലയാണ് ആഗോള വിപണിയില്‍ ഈ മാസം ആദ്യം എണ്ണയ്ക്ക് രേഖപ്പെടുത്തിയത്. ബാരലിന് 53.45 ഡോളറായാണ് ഉയര്‍ന്നത്. അമ്പതില്‍ കുറയാതെ നില്‍ക്കുന്നത് പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ പ്രകടമായ ശക്തമായ സാമ്പത്തികമാന്ദ്യം വ്യവസായ-വാണിജ്യ മേഖലയെയും തൊഴില്‍മേഖലയെയും ബാധിച്ചിരുന്നു. എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇസ്താംബൂളില്‍ നടന്ന ഒപെക് പ്രത്യേക യോഗത്തില്‍ വന്‍തോതിലുള്ള വെട്ടിച്ചുരുക്കല്‍ നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. നവംബര്‍ അവസാനത്തില്‍ ഒപെക് ആസ്ഥാനമായ വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധമായ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണു പ്രതീക്ഷ.
എണ്ണവിലത്തകര്‍ച്ച നേരിടുന്നതിന് ജിസിസി രാജ്യങ്ങള്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ത  യ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പില്‍വരുത്തുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണു നടത്താന്‍ ഉദ്ദേശിക്കുന്നത്.
ശക്തവും സുസ്ഥിരവുമായ സാമ്പത്തികമേഖല ആടിയുലയുന്നത് എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, സൗദിയില്‍ അത്തരം പ്രതിസന്ധികള്‍ തൊഴില്‍മേഖലയെ ബാധിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രി ഡോ. മുഫ്‌രിജ് അല്‍ഹഖ്ബാനി നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ റിയാലിന്റെ മൂല്യം കുറയ്ക്കാതെ തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇതുസംബന്ധമായ പഠനം ഒക്ടോബര്‍ ആദ്യവാരം പുറത്തുവിട്ടിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സൂയിസാണ് പഠനം നടത്തിയിരുന്നത്. സൗദിയുടെ സാമ്പത്തികനയമനുസരിച്ച് പ്രതിസന്ധികളുണ്ടായപ്പോഴൊന്നും റിയാലിന്റെ മൂല്യത്തില്‍ കുറവുവരുത്തിയിരുന്നില്ല. ശക്തമായ സാമ്പത്തിക-രാഷ്ട്രീയ നയത്തിലൂടെ രാജ്യത്തിന്റെ ചെലവുകള്‍ നിയന്ത്രിച്ച് സാമ്പത്തിക കമ്മി നികത്താന്‍ സൗദിക്ക് ശേഷിയുണ്ട്. അമേരിക്കന്‍ ഡോളറുമായി പതിറ്റാണ്ടുകളുടെ വിനിമയബന്ധമാണ് സൗദിക്കുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക